
ഷൂട്ടിങ്ങിന് എപ്പോഴും തടിമിടുക്കുള്ളവരെയാണ് പുലികേശി കൊണ്ടുപോകാറുള്ളത്. അതുകൊണ്ടുതന്നെ പുലികേശിയുടെ കീഴില്‍ നല്ല പരിശീലനം കിട്ടിയെങ്കിലും സിനിമയില്‍ ഒരു ഫൈറ്റിന്റെ ഭാഗമാവാന്‍ ത്യാഗരാജന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. വര്‍ഷങ്ങളായി പുലികേശിയുടെ ഗ്രൂപ്പിന് ഒരു തലവനുണ്ടായിരുന്നു, എല്ലാ അടവുകളും പഠിച്ച പൊന്നുസ്വാമി. ആറുമാസത്തെ പരിശീലനം കഴിഞ്ഞപ്പോള്‍ പൊന്നുസ്വാമിയുമായി ഏറ്റുമുട്ടാന്‍ ത്യാഗരാജനോട് പുലികേശി നിര്‍ദ്ദേശിച്ചു. നാടകമന്‍ട്രത്തിലെ ഒട്ടുമിക്ക അംഗങ്ങള്‍ക്കും പൊന്നുസ്വാമിയെ ഭയമായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് പരിശീലനമെങ്കില്‍ ശരീരത്തിന്റെ ഏതു ഭാഗത്തും അറിഞ്ഞുകൊണ്ടുതന്നെ പൊന്നുസ്വാമി അടി വീഴ്ത്തിയിരിക്കും. അങ്ങനെയുള്ളൊരാളുമായി ഏറ്റുമുട്ടാനാണ് ത്യാഗരാജനോട് പറഞ്ഞത്. രാവിലെ എട്ടുമണിക്ക് ത്യാഗരാജന് പൊന്നുസ്വാമിയുമായി ഫൈറ്റ് തുടങ്ങി. നാടകമന്‍ട്രത്തിലെ എഴുപതോളം അംഗങ്ങള്‍ കാഴ്ചക്കാരായി. ഗ്രൂപ്പിന്റെ തലവനോടാണ് പൊരുതുന്നത്. അതുകൊണ്ടുതന്നെ മിക്കവരും ത്യാഗരാജന്റെ പരാജയം ഉറപ്പിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നീണ്ട ഫൈറ്റില്‍ പലതരം അടവുകളും അഭ്യാസങ്ങളും അരങ്ങേറി. കമ്പും കത്തിയും ശൂലവും വാളുമൊക്കെയായി പൊന്നുസ്വാമിയും ത്യാഗരാജനും അക്ഷീണം പൊരുതി. ഒടുവില്‍ മല്ലയുദ്ധമായിരുന്നു. അതിനിറങ്ങുംമുമ്പേ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞു: ‘വേണ്ട ത്യാഗരാജാ.., തോല്‍വി സമ്മതിച്ച് പിന്മാറിയേക്ക്.’ കഠിനജീവിതത്തിനു മുന്നില്‍ തോറ്റുപോകാത്തവനോടാണോ പിന്മാറാന് പറയുന്നത്… പൊന്നുസ്വാമി ത്യാഗരാജനെയെടുത്ത് അമ്മാനമാടുമെന്നു കരുതിയവര്‍ക്ക് തെറ്റി. മല്ലയുദ്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ പരാജയപ്പെട്ടുകൊണ്ടിരുന്ന പൊന്നുസ്വാമിയെ ഒടുവില്‍ ത്യാഗരാജന് തോളിലിട്ട് കറക്കി നിലത്തിട്ടു. കാഴ്ചക്കാരെല്ലാം അമ്പരന്നുപോയ നിമിഷം. ആഹ്ലാദമടക്കാന്‍ കഴിയാതെ കൈയടിച്ചുകൊണ്ട് പുലികേശി എഴുന്നേറ്റു. ‘ഇന്നു മുതല്‍ നമ്മുടെ ഗ്രൂപ്പിന്റെ തലവന്‍ പൊന്നുസ്വാമിയല്ല, ഇതാ ഇവനാണ്, ഈ നില്ക്കുന്ന ത്യാഗരാജന്.’
തോല്‍വിയേറ്റുവാങ്ങിയ പൊന്നുസ്വാമിയടക്കം ത്യാഗരാജനെ അഭിനന്ദിച്ച നേരം ഒരാള്‍ നാടകമന്ട്രത്തില്നിന്ന് പുറത്തേക്കിറങ്ങി. തന്റെ മുന്നില്‍ സഹായത്തിനായി കൈനീട്ടി വന്നവന് തലവനായി നില്ക്കുന്ന നാടകമന്‍ട്രത്തില്‍ ഇനി തുടരാനാവില്ല എന്നുവെച്ച് അയാള്‍ നടന്നകന്നു: ആമ്പൂര് ബാബു!
പൊന്നുസ്വാമിയെ അടിച്ചുവീഴ്ത്തിയതിനുശേഷം പുലികേശി വലിയ പരിഗണനയാണ് ത്യാഗരാജനു നല്‍കിയത്. കൂടപ്പിറപ്പിനെപ്പോലെ അയാള്‍ ത്യാഗരാജനെ സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പലരും ത്യാഗരാജന്റെ ശത്രുക്കളായി മാറി. അവരുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ പലപ്പോഴും ത്യാഗരാജന് കഴിഞ്ഞില്ലെങ്കിലും പുലികേശിയുടെ സംരക്ഷണം എപ്പോഴും ത്യാഗരാജന്റെ ജീവനുമേല്‍ ഉണ്ടായിരുന്നു. ഗ്രൂപ്പിന്റെ തലവനായി ത്യാഗരാജനെ നിയമിച്ച ദിവസം രാത്രി പുലികേശി പറഞ്ഞു: ‘നാളെ മുതല്‍ ത്യാഗരാജന് എന്നോടൊപ്പം ഷൂട്ടിങ് സെറ്റിലേക്ക് വരാം.’
ത്യാഗരാജന് വിശ്വസിക്കാനായില്ല. സിനിമയെന്ന മോഹവലയത്തില്‍ അകപ്പെട്ട നാള്‍മുതല്‍ സിനിമയിലെക്കാള്‍ തീവ്രമായ ഒട്ടനവധി രംഗങ്ങളിലൂടെയാണ് ത്യാഗരാജന്റെ ജീവിതം കടന്നുപോയത്. എന്നിട്ടും എല്ലാം സഹിച്ച് പിടിച്ചുനിന്നത് എന്നെങ്കിലും തന്റെ പേര് വെള്ളിത്തിരയില്‍ തെളിഞ്ഞുവരുമെന്ന വിശ്വാസത്തിലാണ്. പാതിരാത്രി ആമ്പൂരില്‍ നിന്ന് പുറപ്പെട്ട യാത്ര മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയുടെ ആദ്യപടിയിലേക്ക് പദമൂന്നുകയാണ്. നാടകമണ്ട്രത്തിന്റെ മുറ്റത്ത് ഒരു പുല്‍പ്പായ വിരിച്ച്, വെള്ളിത്തിരയില്‍ വരാനിരിക്കുന്ന മനോഹരമായ ഫ്രെയിമുകള്‍ സ്വപ്നം കണ്ട് മാനത്തെ താരകങ്ങളെ നോക്കി ആ രാത്രി ത്യാഗരാജന് കിടന്നു.
പുലര്‍ച്ചെ അഞ്ചരമണിയോടെ പുലികേശിയെയും സംഘത്തെയും കൊണ്ടുപോകാന്‍ സെറ്റില്‍നിന്ന് വാഹനമെത്തി. തനിക്കൊപ്പം വരാനുള്ള ത്യാഗരാജനടക്കം ആറുപേരെ പുലികേശി തലേന്നു രാത്രിതന്നെ പറഞ്ഞുവെച്ചിരുന്നു. ആറുപേരും പുലികേശിക്ക് പിറകിലായി വാഹനത്തിലേക്ക് കയറി. യുദ്ധമുഖത്തേക്ക് പോകുന്ന പട്ടാളക്കാരെപ്പോലെ ഏഴംഗസംഘം യാത്ര തിരിച്ചു. സൂപ്പര്‍ താരങ്ങള്‍ക്ക് വീരപരിവേഷം നല്കാന് സ്വന്തം ചോരകൊണ്ടെഴുതുന്ന ജീവിതഭൂമികയിലേക്ക്. യാത്രയ്ക്കിടയിലാണ് ത്യാഗരാജനറിയുന്നത്, ഷൂട്ടിങ് സെറ്റ് വിജയവാഹിനി സ്റ്റുഡിയോയിലാണെന്ന്. ശക്തമായ ഒരു മിന്നല്‍പ്പിണര്‍പോലെ വിജയവാഹിനിയെന്ന പേര് മനസ്സില്‍ പാഞ്ഞെത്തി. പന്ത്രണ്ടു ഫ്ളോറുകളിലായി പന്ത്രണ്ടു സിനിമകളുടെ ചിത്രീകരണം ഒരേസമയം നടക്കുന്ന, മദിരാശിയിലെ ഏറ്റവും വലിയ സ്റ്റുഡിയോ. കത്തുന്ന വയറുമായി നിന്ന തന്നെ കനത്ത വെയിലിലേക്ക് ക്രൂരമായി വലിച്ചെറിഞ്ഞ സ്റ്റുഡിയോയുടെ വലിയ ഗേറ്റും കാവല്‍ക്കാരന്റെ കടുപ്പിച്ച നോട്ടവും അന്നേരം ത്യാഗരാജന്റെ മനസ്സില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. ആ കവാടമിതാ തനിക്കു മുമ്പില്‍ തുറക്കാന്‍ പോകുന്നു. പിന്‍സീറ്റിലിരുന്ന് ജീപ്പിന്റെ ഗ്ലാസ്സിലൂടെ ത്യാഗരാജന് ആ കാഴ്ച കണ്ടു. വിജയവാഹിനിയുടെ ഗേറ്റ് തുറന്നുവരുന്നു. അഭ്രലോകത്തിന്റെ അദ്ഭുതക്കാഴ്ചകളിലേക്ക് ത്യാഗരാജന് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അടിച്ചിറക്കിയ തന്നെ വിജയവാഹിനി അകത്തേക്ക് ആനയിക്കുന്നു.
ജയന്തി പിക്ചേഴ്സിന്റെ ബാനറില്‍ കെ.വി. റെഡ്ഡി സംവിധാനം ചെയ്യുന്ന ശ്രീകൃഷ്ണാര്ജ്ജുനയുദ്ധം എന്ന തെലുങ്കു ചിത്രത്തിന്റെ സംഘട്ടന സഹായികളായിട്ടാണ് പുലികേശിയും കൂട്ടരും വിജയവാഹിനിയിലെത്തിയത്. എന്‍.ടി. രാമറാവുവും അക്കിനേനി നാഗേശ്വരറാവുവും ബി. സരോജാദേവിയുമൊക്കെ നടിക്കുന്ന സിനിമയില്‍ എന്‍.ടി. രാമറാവുവിന്റെ ഡ്യൂപ്പായിട്ടാണ് പുലികേശിയെ തീരുമാനിച്ചത്. എന്‍.ടി.ആറിനു വേണ്ടി പുലികേശി ഡ്യൂപ്പിടുന്ന ആദ്യചിത്രമായിരുന്നു ശ്രീകൃഷ്ണാര്ജ്ജുനയുദ്ധം. അക്കാലത്ത് തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെയുള്ള മുന്‍നിര നടന്മാര്ക്ക് ഓരോ സ്റ്റണ്ട് ഗ്രൂപ്പുതന്നെയുണ്ടായിരുന്നു. എന്‍.ടി.ആറിനുമുണ്ടായിരുന്നു കരുത്തന്മാരുടെ ഒരു സംഘം. പക്ഷേ, അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റാത്തത്ര സാഹസികമായ നാലഞ്ചു രംഗങ്ങള്‍ ശ്രീകൃഷ്ണാര്‍ജ്ജുന യുദ്ധത്തിലുണ്ടായിരുന്നു. അതുകൊണ്ടാണ് അപകടകരമായ ആ രംഗങ്ങളിലഭിനയിക്കാന് അവര്‍ പുലികേശിയെ വിളിച്ചത്.
ത്യാഗരാജന്റെ ജീവിതകഥയുടെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Also Read
Premium
കത്തി ഫൈറ്റ് കഴിഞ്ഞപ്പോൾ പുലികേശി പറഞ്ഞു: …
Premium
എല്ലുംതോലുമായ രൂപം കണ്ടപ്പോൾ ചേട്ടൻ പൊട്ടിക്കരഞ്ഞു: …
Premium
സിനിമാമോഹവുമായി വന്ന പയ്യനോട് സെറ്റിലുള്ളവർ …
Premium
‘മെലിഞ്ഞുനീണ്ട നിന്നെ ആര് സിനിമയിലെടുക്കാൻ?’ …
Premium
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ …
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
എന്‍.ടി.ആര്. അവതരിപ്പിച്ച ശ്രീകൃഷ്ണവേഷത്തില്‍ ഡ്യൂപ്പായി പുലികേശിയെ അണിയിച്ചൊരുക്കിയപ്പോള്‍ ത്യാഗരാജനും കൂട്ടരും ശരിക്കും അദ്ഭുതപ്പെട്ടുപോയി. രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ ഷൂട്ടിങ് പിറ്റേന്ന് വെളുപ്പിന് മൂന്നുമണിവരെ നീണ്ടു. ശ്രീകൃഷ്ണവേഷത്തില്‍ ഉയരത്തില്‍നിന്നുള്ള ചാട്ടവും മറിച്ചിലും പുലികേശിക്ക് ചില ചെറിയ പരിക്കുകളുണ്ടാക്കി. അതൊന്നും വകവെക്കാതെ അയാള്‍ അഭിനയിച്ചു. ഡ്യൂപ്പിടുന്നവന്റെ ശരീരത്തില്‍ ചോരപൊടിയുന്നത് അന്നാദ്യമായാണ് ത്യാഗരാജന് കാണുന്നത്. അതു കണ്ടിട്ട് സെറ്റിലുള്ള ആര്‍ക്കും ഒരമ്പരപ്പുമില്ല. ‘കട്ട്’ പറഞ്ഞപ്പോള്‍ വലതുകൈകൊണ്ട് തലയുടെ പിന്‍ഭാഗം അമര്‍ത്തിപ്പിടിച്ച് വേദനയോടെ വരുന്ന പുലികേശിയുടെ അടുത്തേക്ക് ത്യാഗരാജനും കൂട്ടരും ഓടിച്ചെന്നു. ‘ആശാനേ എന്തു പറ്റി?’ ത്യാഗരാജന് ചോദിച്ചു.
‘കുറച്ച് ഐസ് തരാന്‍ പറയൂ’ എന്നു മാത്രം പറഞ്ഞുകൊണ്ട് ഒരു ബെഞ്ചിലിരുന്ന് ഐസിനു കൈനീട്ടിയപ്പോഴാണ് പുലികേശിയുടെ കൈ നിറയെ ചോര കാണുന്നത്. മറിയുമ്പോള്‍ കൂര്‍ത്ത മുനയുള്ള ഒരു തടിച്ച ഇരുമ്പുകമ്പിയില്‍ തലയിടിച്ചതാണ്. അതൊന്നും കാര്യമാക്കാതെ മുറിവേറ്റ ഭാഗത്ത് ഐസ് വെച്ച് പുലികേശി തല താഴ്ത്തിയിരുന്നു. ആ ഇരിപ്പ് പതിനഞ്ചു മിനിറ്റോളം തുടര്‍ന്നു. ഇടയ്ക്ക് ഒരു നാരങ്ങാവെള്ളം കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞെങ്കിലും അപ്പോഴേക്കും സംവിധായകന് ഷോട്ടിന് വിളിച്ചു. ‘സ്റ്റാര്‍ട്ട്,’ ‘ക്യാമറ,’ ‘ആക്ഷന്‍’ എന്ന് പറയേണ്ട താമസം, പുലികേശി ചാടിമറിഞ്ഞു. വീണിടത്തുനിന്ന് എഴുന്നേല്‍പ്പിക്കാന്‍ ആരുമുണ്ടായില്ല. ഇതൊന്നും ശ്രദ്ധിക്കാതെ കുറച്ചകലെയായി എന്‍.ടി. രാമറാവു ശ്രീകൃഷ്ണവേഷത്തില്‍ ആരോടൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് ശ്രീകൃഷ്ണാര്ജ്ജുനയുദ്ധത്തിന്റെ ഷൂട്ടിങ് തീരുമ്പോള്‍ പുലികേശിക്കൊപ്പമുള്ള എല്ലാവരും ക്ഷീണിതരായിരുന്നു. നാടകമണ്‍ട്രത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ പുലികേശി പറഞ്ഞു: ‘ദൈവത്തിന്റെ വേഷമിട്ടെത്തുന്ന സ്റ്റണ്ടുകാരന്റെ കൂടെ ഒരിക്കലും ദൈവമുണ്ടാവില്ല. പക്ഷേ, ദൈവവേഷത്തില്‍ വരുന്ന താരത്തിന്റെ കൂടെ ദൈവം എപ്പോഴുമുണ്ടാവും.’
പിന്നീടുള്ള ജീവിതയാത്രയിലൊക്കെ ത്യാഗരാജന് പുലികേശിയുടെ ഈ വാക്കുകള്‍ ഓര്‍മ്മിച്ചു. മൃഗങ്ങളുമായുള്ള ഏറ്റുമുട്ടല്‍ വരുമ്പോഴെല്ലാം എന്‍.ടി. രാമറാവു പുലികേശിയെ മാത്രം നിര്‍ദ്ദേശിച്ചു. അതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. പുലിയോടും കടുവയോടും സിംഹത്തോടുമൊക്കെ എതിരിടാന്‍ പറ്റിയ ഒരു ഡ്യൂപ് ആര്‍ട്ടിസ്റ്റ് പുലികേശിയല്ലാതെ മറ്റൊരാള്‍ അന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തുണ്ടായിരുന്നില്ല. സത്യാ, ജെമിനി, എ.വി.എം, ശ്യാമള, ന്യൂട്ടോണ്‍, മുരുകാലയ, കര്‍പ്പകം, വിജയവാഹിനി, പ്രകാശ്, പ്രസാദ്, മെജസ്റ്റിക്, അരുണാചലം, അരശു, വാസു തുടങ്ങി മദിരാശിയിലെ സ്റ്റുഡിയോകളിലെല്ലാം വിവിധ ഭാഷാചിത്രങ്ങളിലെ സംഘട്ടന സംവിധാനങ്ങള്‍ക്ക് അമരക്കാരനായി നിന്ന പുലികേശിക്കൊപ്പം നിഴലായി ത്യാഗരാജനുമുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ നിരവധി സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പ്രത്യക്ഷപ്പെട്ടു. സംവിധായകര്‍, നടീനടന്മാര്, ടെക്നീഷ്യന്മാര് തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട പലരെയും ത്യാഗരാജന് പരിചയപ്പെട്ടു. പുലികേശിക്കൊപ്പമുള്ള യാത്രകള്‍ ത്യാഗരാജനു മുന്നില്‍ അദ്ഭുതങ്ങളാണ് വരച്ചിട്ടത്. ആരാധനയോടെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന താരങ്ങളെ നേരില്‍ക്കാണാനും അവരുടെ സിനിമകളുടെ ഭാഗമായി മാറാന്‍ കഴിയുന്നതിലെ സന്തോഷവും വലുതായിരുന്നു.
ത്യാഗരാജൻ സിനിമാസെറ്റിൽ. പഴയകാല ചിത്രം
‘വിട്ലാചാര്യരുടെ പടം അടുത്ത ആഴ്ച തുടങ്ങുകയാണ്. കാന്തറാവുവിനു വേണ്ടി സ്റ്റണ്ട് കംപോസ് ചെയ്യാന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ത്യാഗരാജന് ഒപ്പമുണ്ടാകണം,’ രാമറാവുവിനു വേണ്ടി ഡ്യൂപ്പിട്ടപ്പോള് തലയ്ക്കേറ്റ മുറിവ് ഉണങ്ങുംമുമ്പാണ് പുലികേശി പറഞ്ഞത്. ‘മരണംവരെ ഞാന്‍ ആശാനൊപ്പമുണ്ടാകുമെന്ന് വാക്കു തന്നതല്ലേ, എന്തു ചെയ്യണമെന്ന് പറഞ്ഞാല്‍ മതി.’ ത്യാഗരാജന്റെ മറുപടി കേട്ട് പുലികേശി പറഞ്ഞു: ‘നാടകമന്‍ട്രത്തില്‍ വെച്ച് നമുക്ക് ഇന്നു രാത്രി സ്റ്റണ്ട് കംപോസ് ചെയ്ത് വെക്കണം.’
തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലായി കാന്തറാവു നായകനായി അഭിനയിക്കുന്ന കൈദി കണ്ണയ്യ എന്ന ബി. വിട്ലാചാര്യരുടെ തെലുങ്ക് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നതില് പുലികേശിക്കൊപ്പം ത്യാഗരാജനും ചേര്‍ന്നു. സംവിധായകന് സിറ്റ്വേഷന് പറഞ്ഞുകൊടുത്താല്‍ എങ്ങനെയാണ് അതിനനുസരിച്ച് സ്റ്റണ്ട് കംപോസ് ചെയ്യേണ്ടതെന്ന് ത്യാഗരാജന് പുലികേശി പഠിപ്പിച്ചുകൊടുത്തു. കംപോസിങ്ങിനിടയില്‍ ചില ആശയങ്ങള്‍ ത്യാഗരാജന് പങ്കുവെച്ചപ്പോള്‍ അതെല്ലാം വലിയ പ്രോത്സാഹനങ്ങളോടെ പുലികേശി അംഗീകരിച്ചു.
സത്യാ സ്റ്റുഡിയോയിലാണ് കൈദി കണ്ണയ്യയിലെ സ്റ്റണ്ടുരംഗങ്ങള്‍ ചിത്രീകരിച്ചത്. പതിവുപോലെ പുലികേശിക്കൊപ്പം ത്യാഗരാജനടക്കം ഏഴുപേര്‍ സത്യാ സ്റ്റുഡിയോയിലെത്തി. ഒരു തെരുവില്‍വെച്ചുള്ള സ്റ്റണ്ടായിരുന്നു ചിത്രീകരിക്കേണ്ടത്. കാന്തറാവുവിനു വേണ്ടി പുലികേശിയാണ് ഡ്യൂപ്പിട്ടത്. ത്യാഗരാജനടക്കമുള്ളവര്‍ പുലികേശിയെ നേരിടണം. തെലുങ്കിലെ പ്രശസ്തനായ ക്യാമറാമാന് ചന്ദ്രു സംഘട്ടനം ചിത്രീകരിച്ചുതുടങ്ങി. ഓരോ ഷോട്ട് എടുക്കുമ്പോഴും പുലികേശിക്ക് ആവേശം കൂടിക്കൂടി വന്നു. വിട്ലാചാര്യര്ക്കൊപ്പം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ് കാന്തറാവു. സ്റ്റണ്ട് ഗ്രൂപ്പിലെ രണ്ടുപേരുടെ തോളില്‍ കൈവെച്ച് പുലികേശി പിറകോട്ടു മറിയുന്ന ഒരു സീന്‍ എടുക്കുമ്പോള്‍ ടൈമിങ്ങില്‍ പറ്റിയ ചെറിയൊരബദ്ധം കാരണം പുലികേശി തലയിടിച്ച് വീണു. വീഴ്ചയുടെ ശബ്ദം കേട്ടാല്‍ത്തന്നെ മനസ്സിലാവും പുലികേശിക്ക് നന്നായി വേദനിച്ചിട്ടുണ്ടാകുമെന്ന്. വിട്ലാചാര്യരും കാന്തറാവുവും ഓടിവന്നു. തനിക്കുവേണ്ടിയാണല്ലോ ഇതെല്ലാം പുലികേശി ചെയ്യുന്നതെന്ന ചെറിയൊരു വിഷമം കാന്തറാവുവിന്റെ മുഖത്തപ്പോള്‍ പ്രകടമായിരുന്നു. കുറച്ചുസമയം വിശ്രമിക്കാന്‍ വിട്ലാചാര്യര്‍ പറഞ്ഞെങ്കിലും പുലികേശി അതിനു തയ്യാറായില്ല. സ്റ്റണ്ട് വീണ്ടും തുടര്‍ന്നു. മൂന്നര മണിക്കൂര്‍ കൊണ്ടാണ് കൈദി കണ്ണയ്യയിലെ സ്ട്രീറ്റ് ഫൈറ്റ് ചിത്രീകരിച്ചത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങാന്‍ നേരം വിട്ലാചാര്യരും കാന്തറാവുവും പുലികേശിയെ അഭിനന്ദിച്ചു. ആ അഭിനന്ദനം ത്യാഗരാജനു കൂടി നല്‍കണമെന്ന് പുലികേശി പറഞ്ഞപ്പോള്‍ അതെന്തിനാണെന്നായി കാന്തറാവു.
‘ഞാനും ത്യാഗരാജനും ചേര്‍ന്നാണ് ഈ ഫൈറ്റ് കംപോസ് ചെയ്തത്.’ പുലികേശിയുടെ സത്യസന്ധമായ മറുപടി കേട്ട് പറഞ്ഞുറപ്പിച്ച പ്രതിഫലത്തെക്കാള് അഞ്ചുരൂപ കൂടുതല്‍ പുലികേശിക്ക് നല്കാന് വിട്ലാചാര്യര്‍ നിര്‍മ്മാതാവ് പൊതിന ദുന്ദേശ്വരറാവുവിനോട് പറഞ്ഞു. ഒരു സ്റ്റണ്ടുകാരന് അയാളുടെ പെര്‍ഫോമെന്‍സ് കണ്ട് സംവിധായകന് പ്രതിഫലം കൂട്ടിക്കൊടുക്കുന്ന അനുഭവം അന്നാദ്യമായിരുന്നു. കൈദി കണ്ണയ്യയുടെ സ്റ്റണ്ട് ചിത്രീകരണം കഴിഞ്ഞ് നാടകമന്ട്രത്തിലെത്തുമ്പോള് രാത്രി വളരെ വൈകി. തലവേദന കാരണം പുലികേശി ഭക്ഷണം കഴിക്കാതെ ഉറങ്ങി. രാത്രിയിലെപ്പോഴോ അര്‍ദ്ധബോധത്തില്‍ അയാള്‍ തൊട്ടടുത്തു കിടന്നിരുന്ന ത്യാഗരാജനെ പതുക്കെ കൈകൊണ്ട് തട്ടിവിളിച്ചു. കുറച്ച് വെള്ളം ആവശ്യപ്പെട്ടു. മണ്‍കൂജയിലെ വെള്ളമെടുത്ത് തന്റെ കൈകൊണ്ടുതന്നെ പുലികേശിയുടെ വായയില്‍ ത്യാഗരാജന് ഒഴിച്ചുകൊടുത്തു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പുലികേശി ത്യാഗരാജന്റെ തോളില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: ‘നീ വലിയവനാകും. പേരെടുക്കും. നാളെ സ്റ്റണ്ടെന്നാല് നിന്റെ പേരായിരിക്കും.’
വരാന്‍പോകുന്നത് പുലികേശി മുന്നേ തിരിച്ചറിഞ്ഞതിന്റെ സൂചനയാവാം ആ വാക്കുകള്‍. തുടര്‍ന്നും എന്‍.ടി. രാമറാവുവിനും കാന്തറാവുവിനും വേണ്ടി നിരവധി ചിത്രങ്ങളില്‍ പുലികേശി ഡ്യൂപ്പായി വന്നപ്പോള്‍ ആ ചിത്രങ്ങളിലെല്ലാം ത്യാഗരാജന്റെ മാറ്റിനിര്‍ത്താനാവാത്ത സാന്നിദ്ധ്യമുണ്ടായി. സിനിമയില്‍ അവസരങ്ങള്‍ കൂടുതലായി വന്നതോടെ പുലികേശി നാടകം നിര്‍ത്തി. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ധാരാളം അവസരങ്ങള്‍. പക്ഷേ, കേരളത്തിന്റെ മണ്ണിലേക്ക് ത്യാഗരാജന് ആദ്യമായെത്തുന്നത് 1962ലാണ്. ജനതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്.എസ്. പ്രഭു സംവിധാനം ചെയ്ത രാജമല്ലിയായിരുന്നു ആ ചിത്രം. പ്രേംനസീറും ശാരദയും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ നിര്‍മ്മാണവും ആര്.എസ്. പ്രഭുതന്നെ. കഥയും തിരക്കഥയും മുതുകുളം രാഘവന് പിള്ളയുടേതായിരുന്നു. ചാലക്കുടിയിലും പെരിങ്ങല്‍ക്കുത്ത് ഡാം പരിസരത്തുമായിരുന്നു ഔട്ട്ഡോര്‍ ഷൂട്ടിങ്. സാങ്കേതികോപദേഷ്ടാവായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ. വിന്‍സെന്റ് മാസ്റ്ററുടെ സജീവ ഇടപെടല്‍ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ടായിരുന്നു. എം.ജി.ആറിന്റെ ഫൈറ്റ് മാസ്റ്റര്‍ ആര്‍എന്‍ നമ്പ്യാരായിരുന്നു രാജമല്ലിയുടെ സംഘട്ടന സംവിധാനം നിര്‍വഹിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ തിരക്കുകാരണം നമ്പ്യാര്‍ക്ക് പുലികേശിയെ വിളിക്കേണ്ടിവന്നു. ത്യാഗരാജനെപ്പോലെ പുലികേശിക്ക് പ്രിയപ്പെട്ട ശിഷ്യനായിരുന്നു രാമകൃഷ്ണന്. അയാള്‍ക്ക് സുഖമില്ലാഞ്ഞതിനാല്‍ ത്യാഗരാജനെക്കൊണ്ട് ഡ്യൂപ്പിടാന്‍ തീരുമാനിച്ചു. പുലികേശിയും ത്യാഗരാജനും സംഘവും രാജമല്ലിയിലെ ഫൈറ്റ് ചിത്രീകരിക്കാനായി പെരിങ്ങല്‍ക്കുത്തിലെത്തി. േ്രപംനസീറിനുവേണ്ടി പുലികേശിയും ജി.കെ. പിള്ളയ്ക്കു വേണ്ടി ത്യാഗരാജനും ഡ്യൂപ്പിട്ടു. മൂന്ന് സ്റ്റണ്ടുരംഗങ്ങള്‍ ഷൂട്ട് ചെയ്തു. ത്യാഗരാജന്റെ പ്രകടനം കണ്ടപ്പോള്‍ േ്രപംനസീറും വിന്‍സെന്റ് മാസ്റ്ററും ആര്.എസ്. പ്രഭുവുമടക്കം ലൊക്കേഷനിലുണ്ടായിരുന്ന പലരും അദ്ഭുതത്തോടെ പറഞ്ഞു: ‘ഈ പയ്യന് കൊള്ളാമല്ലോ.’
മെരിലാന്‍ഡ്, ഉദയ, മോഡേണ്‍ തിയേറ്റേഴ്സ്, ജയ്മാരുതി പിക്ചേഴ്സ്, ലോട്ടസ് പിക്ചേഴ്സ് അങ്ങനെ നിരവധി വലിയ ബാനറുകളുടെ ചിത്രങ്ങള്‍ പുലികേശിയെ തേടിയെത്തി. ത്യാഗരാജന്റെ കഴിവുകള്‍ക്കൊപ്പം ആ സ്നേഹവും സത്യസന്ധതയും തിരിച്ചറിഞ്ഞ പുലികേശി വൈകാതെ സംഘട്ടന സംവിധാനത്തില്‍ തന്റെ അസിസ്റ്റന്റായി ത്യാഗരാജനെ നിയമിച്ചു. ലൊക്കേഷനില്‍നിന്നു ലൊക്കേഷനിലേക്കുള്ള രാവും പകലുമില്ലാത്ത യാത്രകള്‍. രാവിലെ എഴുന്നേറ്റാലുടനെ കാപ്പി; പിന്നെ േ്രബക്ക്ഫാസ്റ്റ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്. വൈകീട്ട് ടിഫിന്‍, രാത്രിയിലും നല്ല ഭക്ഷണം. സിനിമയിലെത്താന്‍ വേണ്ടി ദിവസങ്ങളോളം പട്ടിണി കിടന്ന ത്യാഗരാജന് ഒടുവില്‍ സിനിമ തന്നെ മുടങ്ങാതെ അന്നം നല്കി.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]