
ഞായറാഴ്ച എൺപതു പിന്നിട്ട പി. ജയചന്ദ്രന്റെ ഭാവഗീതങ്ങൾ നിലാവും മഞ്ഞും പോലെയാണ്. പൂവും പ്രസാദവുംപോലെ, രാഗവും അനുരാഗവും പോലെ. മഞ്ഞിന്റെ ആട ചുറ്റിയ നിലാവിന്റെ വശ്യസൗന്ദര്യവും പൂവിതളിനോടൊപ്പം ഇലയിൽ കിട്ടിയ കുളിർ ചന്ദനത്തിന്റെ സുഗന്ധവും ചേർന്ന അനുഭൂതിയാണ് ആ പാട്ടുകൾക്ക്.
മഞ്ഞലയിൽ മുങ്ങിത്തോർത്തിവന്ന ധനുമാസ നിലാവിന്റെ ഭാവസൗന്ദര്യത്തിൽ സഹൃദയരിലേക്ക് ഒഴുകിപ്പരന്ന മോഹന രാഗങ്ങൾ മല്ലികപ്പൂവിന്റെ മധുരഗന്ധമുള്ള തരളിതഗാനങ്ങൾ തിരുവാതിര നക്ഷത്രത്തിൽ പിറന്ന ജയചന്ദ്രഗീതങ്ങൾ സംഗീത പ്രേമികൾക്ക് ജയചന്ദ്രികയും മധുചന്ദ്രികയുമാണ്. ഒപ്പം ജയേട്ടൻ ആതിര ചന്ദ്രനുമാണ്. ഗാനാലാപനത്തെ ധന്യമായ ഉപാസനയാക്കി മാറ്റിയ പാട്ടുകളുടെ കളിത്തോഴൻ.
ജയേട്ടന്റെ ജന്മസ്ഥലം ചേന്ദമംഗലമാണെങ്കിലും അദ്ദേഹം വളർന്നത് ഇരിങ്ങാലക്കുടയിലാണ്. കൂടിയാട്ടവും കൂത്തും കഥകളിയും ചെണ്ടമേളവും തായമ്പകയും നിറഞ്ഞുനിൽക്കുന്ന കൂടൽമാണിക്യക്ഷേത്രത്തിന്റെ കൂത്തമ്പലത്തിനടുത്താണ് ബാല്യകൗമാരകാലം.
സ്വതസ്സിദ്ധമായ നർമബോധവും അനുകരണശീലവും അഭിനയസിദ്ധിയും വേണ്ടുവോളം കിട്ടിയിട്ടുണ്ട് ജയേട്ടന്. ചാക്യാന്മാരെയും കഥകളി നടന്മാരെയും മേളപ്രമാണിമാരെയും ബന്ധുക്കളെയും സംഗീതഗുരുക്കന്മാരെയും അസാധ്യമായി അനുകരിക്കുന്നത് അദ്ഭുതത്തോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. എന്നാൽ, ഗാനാലാപനത്തിൽ ഒരാളെയും അനുകരിക്കാത്ത ഗായകനാണ് ജയേട്ടൻ. ജയേട്ടന്റെ ഇഷ്ടഗായകനായ മുഹമ്മദ് റഫിയുടെയും പി. സുശീലയുടെയും ഗാനഗന്ധർവൻ യേശുദാസിന്റെയും ഗാനങ്ങൾ ജയേട്ടൻ പാടുന്നത് സ്വന്തം ശബ്ദത്തിലാണ്.
ജയേട്ടൻ പാടിയ അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞ ഭാവഗീതങ്ങൾ മറ്റുള്ളവർക്ക് അനുകരിച്ചുപാടാനും ബുദ്ധിമുട്ടാണ്. അത്രയ്ക്ക് വ്യക്തിത്വമുള്ള ആലാപനമാണ് അദ്ദേഹത്തിന്റേത്. ആരെയും ആകർഷിക്കുന്ന കാമുകഭാവം അനനുകരണീയമാണ്. ഒപ്പം നമ്മുടെ ഹൃദയത്തിനടുത്തിരുന്ന് പാടുന്ന ഫീൽ ആണ് ആ നാദത്തിന്.
നീണ്ട മൗനത്തിനുശേഷം 1999-ൽ നിറം എന്ന ചിത്രത്തിലൂടെ പ്രായം മറന്ന് പാടിയ ഗാനത്തിലൂടെ തിരിച്ചുവരവിനുശേഷം പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളാണ്. സാധാരണക്കാരന്റെ ചുണ്ടിലേക്ക് നിലാച്ചന്തമുള്ള പ്രണയഗാനങ്ങളും താരാട്ടുപാട്ടുകളും യുഗ്മഗാനങ്ങളും ഭക്തിഗാനങ്ങളും തിരുകിവെച്ച ആതിരാചന്ദ്രന് എൺപത് വയസ്സ്.
മാതൃഭാഷയിലും തെന്നിന്ത്യൻ ഭാഷകളിലും ആലാപനത്തിന്റെ സുഗന്ധം തിരിച്ചറിഞ്ഞ ഭാവഗായകന് അശീതി പ്രണാമം. ജയേട്ടനുമുമ്പ് പാടിത്തുടങ്ങിയ ദാസേട്ടൻ അടക്കമുള്ള ഗായകരെ അനുകരിക്കാതെ സ്വതന്ത്രവും മൗലികവുമായ ആലാപനവഴിയിലൂടെ സംഗീതയാത്ര തുടരുന്ന ഗാനോപാസനയ്ക്ക് അറുപതാണ്ട്.
മലയാളിക്ക് കേൾക്കാൻ സുപ്രഭാതം പാടുന്ന ജയേട്ടന്റെ പ്രഭാതഗീതങ്ങൾ സുപ്രഭാതത്തിൽ പൊന്നുഷസ്സെന്നും നീരാടുവാൻ വരുന്ന സൗന്ദര്യതീർഥക്കരയിലും പൊന്നുഷസ്സിന്റെ ഉപവനങ്ങൾ പൂവിടുന്ന താഴ്വരയിലും നാം കേട്ടുകൊണ്ടേയിരിക്കുന്നു.
മാർച്ച് ഒന്നിന് ഗുരുവായൂർ ആറാട്ടായിരുന്നു. ഞാൻ പോയി ജയേട്ടന് ഏറ്റവും പ്രിയപ്പെട്ട കളഭം വാങ്ങിക്കൊണ്ടുവന്ന് കൊടുത്തു. നെറ്റിയിൽ ഞാൻ കളഭം തൊട്ടുകൊടുത്തു. ഇതിലും വലുതായി ഇനി ഒന്നുമില്ല. കളഭത്തിന്റെ സുഗന്ധത്തിൽ അലിഞ്ഞ രണ്ടുതുള്ളി കണ്ണീർക്കണങ്ങൾ എന്റെ കൈകളിൽ വീണു. ഞായറാഴ്ച അദ്ദേഹത്തിന്റെ പിറന്നാളിന് തൃശ്ശൂരിൽ ‘ഗീതം സംഗീതം’ കൂട്ടായ്മയുടെ നേതൃത്വത്തിൽ 80 ഗായകർ 80 ജയചന്ദ്രഗീതങ്ങൾ ആലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]