പഴയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ മിഴിവുകൂട്ടി വീണ്ടും തിയേറ്ററുകളിലെത്തുന്ന റീ റിലീസ് ഒരു ട്രെന്‍ഡായിരിക്കുകയാണ് ഇപ്പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം നേരത്തേയുണ്ടായിരുന്ന ഈ സമ്പ്രദായം ഇപ്പോള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മലയാളത്തിലുമുണ്ട്. പഴയ പല ക്ലാസിക് ചിത്രങ്ങളും വീണ്ടും തിയേറ്ററുകളിലെത്തുമ്പോള്‍ ചിലത് വിജയിക്കുകയും മറ്റുചിലവ കാണികളെ വീണ്ടും ആകര്‍ഷിക്കാനാവാതെ കാലിടറുകയും ചെയ്യാറുണ്ട്. യൂട്യൂബ് അടക്കം പലവിധ പ്ലാറ്റ്ഫോമുകളിലും ഈ ചിത്രങ്ങള്‍ ലഭ്യമാണ് എന്നതാകാം അതിനൊരു കാരണം. ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത് പലവുരു കണ്ടതാണ് എന്നത് മറ്റൊരു കാരണം. എന്നാല്‍, റീ റിലീസ് ചെയ്ത് ഗിന്നസ്ബുക്കില്‍ വരെ കയറുകയും എപ്പോഴൊക്കെ റീ റിലീസ് ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം കാണാന്‍ ആളുകള്‍ ഇടിച്ചുകയറുകയും ചെയ്തൊരു ചിത്രത്തെ ഈയവസരത്തില്‍ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. ഉപേന്ദ്ര സംവിധാനം ചെയ്ത് ശിവ രാജ്കുമാറും പ്രേമയും മുഖ്യവേഷങ്ങളിലെത്തിയ ഓം എന്ന കന്നഡ ചിത്രമാണ് അത്.
1995-ലാണ് ബെംഗളൂരുവിലെ അധോലോക സംഘങ്ങളെയും അവരുടെ പകയുടേയും കഥ പറയുന്ന ‘ഓം’ റിലീസ് ചെയ്തത്. സൂപ്പര്‍താരം രാജ്കുമാറിന്റെ ഭാര്യയും ശിവ രാജ്കുമാറിന്റെ അമ്മയുമായ പര്വതമ്മയാണ് ശ്രീ വജ്രേശ്വരി കമ്പൈന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചത്. ഒരു പൂജാരിയുടെ മകനും പരമസാധുവുമായ സത്യ എന്ന കോളേജ് വിദ്യാര്‍ത്ഥി എങ്ങനെയാണ് ആരും വിറയ്ക്കുന്ന അധോലോക നായകനാവുന്നത് എന്നാണ് ‘ഓം’ പറഞ്ഞത്. ശിവ രാജ്കുമാറാണ് ഈ വേഷത്തിലെത്തിയത്. കന്നഡ സിനിമയുടെ ചരിത്രത്തില്‍ തിരക്കഥയില്‍ വന്‍വിപ്ലവം സൃഷ്ടിച്ച സിനിമയായിരുന്നു ‘ഓം’. കാരണം റിവേഴ്സ് സ്ക്രിപ്റ്റിങ് എന്ന ശൈലി അന്നാണ് കന്നഡ സിനിമാ പ്രേക്ഷകര്‍ കാണുന്നത്.
സിനിമയെ മൂന്നു ഭാഗങ്ങളായി തിരിക്കാം. ശശി എന്ന മാധ്യമപ്രവര്‍ത്തകയുടെ കണ്ണിലൂടെയാണ് ചിത്രത്തിന്റെ ഒരുഭാഗം. അധോലോക നായകന്മാരെ സന്ദര്‍ശിച്ച് അഭിമുഖമെടുക്കുന്ന ശശി, താനെഴുതിയ ഓം എന്ന പുസ്തകത്തിന്റെ കോപ്പികള്‍ അവര്‍ ഓരോരുത്തര്‍ക്കും നല്‍കുകയാണ്. ബെംഗളൂരുവിലെ അധോലോക നായകനായിരുന്ന സത്യമൂര്‍ത്തി എന്ന സത്യയുടെ ജീവിതകഥയായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം. സത്യ ശാസ്ത്രി എന്ന സാധാരണ ചെറുപ്പക്കാരന്റെ അധോലോക നായകനായുള്ള പരിവര്‍ത്തനമാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം. സത്യ എന്ന അധോലോക നായകനുള്പ്പെടുന്നതാണ് കഥയുടെ അടുത്ത ഭാഗം. ഇയാളിലൂടെ ഇയാളുടെ പൂര്‍വകാലവും ചിത്രത്തില്‍ കാണിക്കുന്നു. അതായത് വര്‍ത്തമാനകാലവും ഫ്ളാഷ്ബാക്കും, അതിനുള്ളിലെ ഫ്ളാഷ്ബാക്കും ഒരേപോലെ ചിത്രത്തില്‍ വിദഗ്ധമായി ആവിഷ്ക്കരിച്ചിരിക്കുകയാണ് ഉപേന്ദ്ര.
ഉപേന്ദ്രയും ശിവ രാജ്കുമാറും | ഫോട്ടോ: Instagram
ചില പിന്നാമ്പുറക്കഥകള്‍
ശിവ രാജ്കുമാറിനും പ്രേമയ്ക്കുമൊപ്പം ജി.വി.ശിവാനന്ദ്, സാധു കോകില എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. കൗതുകമുള്ള കാര്യം ചിത്രത്തിലെ ഗുണ്ടാ കഥാപാത്രങ്ങളില്‍ പ്രധാനികളെ അവതരിപ്പിച്ചത് യഥാര്‍ത്ഥ ഗുണ്ടകള്‍ തന്നെയായിരുന്നു. ബെക്കിനാ കണ്ണ് രാജേന്ദ്ര, തന്‍വീര്‍, കൊരങ്ങ് കൃഷ്ണ, ജെദ്ദറാല്ലി കൃഷ്ണപ്പ എന്നിവരായിരുന്നു അത്. മര്‍മപ്രധാനമായ രംഗങ്ങളില്ത്തന്നെയായിരുന്നു ഇവരെത്തിയത്.
1980-കളുടെ അവസാനകാലത്ത് തന്റെ കോളേജ് പഠനസമയത്ത് ഉപേന്ദ്ര വികസിപ്പിച്ച ആശയത്തില്‍നിന്നാണ് ഓം എന്ന ചിത്രത്തിന്റെ ആരംഭം. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി മാഫിയകളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു അന്ന് ഉപേന്ദ്രയുടെ മനസിലുണ്ടായിരുന്നത്. ഒരിക്കല്‍ പുരുഷോത്തം എന്ന സുഹൃത്തിന് ആരോ എഴുതിയ കത്ത് വായിക്കാനിടയായതായിരുന്നു എല്ലാത്തിനും തുടക്കം. ഈ കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട അദ്ദേഹം പഠനകാലത്തുതന്നെ മനലസില്ക്കണ്ട സിനിമയുടെതിരക്കഥയുടെ പകുതി പൂര്‍ത്തിയാക്കി. ആയിടയ്ക്കാണ് രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ശിവ എന്ന ചിത്രത്തിന്റെ പ്രമേയവുമായി തന്റെ തിരക്കഥയ്ക്ക് സാമ്യമുണ്ടെന്ന് ഉപേന്ദ്ര തിരിച്ചറിഞ്ഞത്. നിരാശനായ അദ്ദേഹം കന്നഡ സിനിമയില്‍ സംഭാഷണ രചയിതാവായും ഗാനരചയിതാവായും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 90-കളുടെ തുടക്കത്തില്‍ തര്ളേ നാന് മഗാ, ഷ്… എന്നീ ചിത്രങ്ങള്‍ ഉപേന്ദ്ര സംവിധാനം ചെയ്തു. ഇതില്‍ ‘ഷ്…’ കന്നഡയിലെ ക്ലാസിക് ഹൊറര്‍ ചിത്രമായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ ചിത്രങ്ങള്‍ ചെയ്യുന്നതിനിടെ താന്‍ പാതി തീര്‍ത്ത ആ തിരക്കഥയുടെ ബാക്കി കൂടി അദ്ദേഹം എഴുതിത്തീര്‍ത്തു.
സത്യ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര്. ഷ്…. എന്ന ചിത്രം വന്‍ ഹിറ്റായിരുന്നതുകൊണ്ട് ഇതിലെ നായകനായ കുമാര്‍ ഗോവിന്ദിനെയായിരുന്നു ഉപേന്ദ്ര നായകനായി മനസില്ക്കണ്ടിരുന്നത്. പിന്നീടെപ്പോഴോ ഈ കഥ ശിവ രാജ്കുമാറിനോട് പറയാന്‍ സംവിധായകന് തീരുമാനിക്കുകയായിരുന്നു. നടന് ഹൊന്നവല്ലി കൃഷ്ണ മുഖാന്തിരം ശിവ രാജ്കുമാറിന്റെ സഹോദരന് വരദപ്പയെ കണ്ട ഉപേന്ദ്ര അതുവഴി രാജ്കുമാറിനെ നേരിട്ടുകണ്ടു. പത്തുമിനിറ്റുകൊണ്ട് കഥ പറഞ്ഞു. കഥയുടെ ആഴം മനസിലാക്കിക്കൊടുക്കാന്‍ ബെംഗളൂരുവിലെ ഓയില്‍ മാഫിയയെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിങ്ങുകളും ഉപേന്ദ്ര കയ്യില്ക്കരുതിയിരുന്നു. കഥ ഇഷ്ടപ്പെട്ട രാജ്കുമാര് പച്ചക്കൊടി കാട്ടി. സ്വന്തം ബാനറില്‍ നിര്‍മിക്കാമെന്ന് ഏല്ക്കുകയും ചെയ്ത സൂപ്പര്‍താരം കഥ പറഞ്ഞിറങ്ങിയ ഉപേന്ദ്രയുടെ കയ്യില്‍ ഒരു പൊതികൂടി ഏല്‍പ്പിച്ചു. 50,000 രൂപ അതിലുണ്ടായിരുന്നു. ചിത്രം ട്രാക്കിലായതിന്റെ ആദ്യ ഗഡു.
ശിവ രാജ്കുമാര് സിനിമയില്‍ വന്നിട്ട് എട്ടുവര്‍ഷമേ ആയിരുന്നുള്ളൂ അപ്പോള്‍. അതുവരെ ചെയ്തതെല്ലാം പ്രണയ കാമുകന് വേഷങ്ങള്‍. അതില്‍നിന്ന് തീര്‍ത്തും വിഭിന്നമായ വേഷംതന്നെയായിരുന്നു ശിവ രാജ്കുമാറിനെ സംബന്ധിച്ചിടത്തോളം സത്യ എന്ന കഥാപാത്രം. ശിവ രാജ്കുമാറിന്റെ കണ്ണുകളാണ് തന്നെ ആകര്‍ഷിച്ചതെന്ന് മുന്‍പ് ഉപേന്ദ്ര പറഞ്ഞിട്ടുണ്ട്. ജൂഹി ചൗളയെയായിരുന്നു നായികയായ മാധുരിയായി മനസില്ക്കണ്ടിരുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രാജ്കുമാറാണ് പ്രേമ എന്ന താരതമ്യേന പുതുമുഖമായ താരത്തെ ഈ റോളിലേക്ക് നിര്‍ദേശിച്ചത്. ശിവ രാജ്കുമാറിനൊപ്പം സവ്യസാചി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍ ആ സമയത്ത്. ‘ഓം’ ഹിറ്റായതോടെ പ്രേമയുടെ കരിയര്‍ഗ്രാഫും കുതിച്ചുയര്‍ന്നു. ഇടയ്ക്ക് രണ്ട് മലയാളചിത്രങ്ങളിലും പ്രേമ നായികയായി. മോഹന്‍ലാലിനൊപ്പമുള്ള ദി പ്രിന്‍സ്, ജയറാം നായകനായ ദൈവത്തിന്റെ മകന് എന്നിവയാണവ.
ഓം എന്ന ടൈറ്റില്‍ ഡിസൈന്റ പിന്നിലുമുണ്ട് കൗതുകം ജനിപ്പിക്കുന്ന ഒരു കാര്യം. 1994 ഡിസംബര്‍ ഏഴിന് ബെംഗളൂരുവിലായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആദ്യദിന ഷൂട്ടിങ്ങിനു മുന്‍പ് തിരക്കഥയ്ക്ക് മുകളില്‍ രാജ്കുമാര് കുങ്കുമംകൊണ്ട് ഓം എന്ന ചിഹ്നം വരച്ചു. അദ്ദേഹത്തിന്റെ ആ കയ്യക്ഷരം സിനിമയുടെ ടൈറ്റിലായി പിന്നീട് ഡിസൈന്‍ ചെയ്യുകയായിരുന്നു. ബി.സി.ഗൗരി ശങ്കറായിരുന്നു ഛായാഗ്രഹകന്. ചോരക്കളികള്‍ ഏറെയുള്ള ഈ രംഗങ്ങള്‍ക്ക് ഒരല്പം മയം വരുത്താനായി വാം, യെല്ലോ ടോണുകളുള്ള ഫില്‍ട്ടറുകളാണ് ഗൗരി ശങ്കര്‍ ഉപയോഗിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയതും സംഗീതസംവിധായകനായ ഹംസലേഖയായിരുന്നു. ഹേയ് ദിനകരാ, ഓ ഗുലാബിയേ എന്നിങ്ങനെയുള്ള രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള ഗാനങ്ങള്‍ ആലപിച്ചത് സാക്ഷാല്‍ രാജ്കുമാറും. വന്‍ ജനപ്രീതിയാണ് അന്ന് ഈ രണ്ട് ഗാനങ്ങള്‍ക്കും ലഭിച്ചത്.
റീ റിലീസ് റെക്കോര്‍ഡ്
ഒരു സിനിമ ഒരുതവണ റീ റിലീസ് ചെയ്താല്‍പ്പോലും കാണാന്‍ പ്രതീക്ഷിച്ച ആളുകള്‍ വന്നെന്ന് വരില്ല. റിലീസ് ചെയ്യപ്പെട്ട സിനിമയുടെ ഓര്മ പുതുക്കലോ തിയേറ്ററില്‍ ആ സിനിമ കാണാത്തവര്‍ക്ക് ചിത്രം കാണാനുള്ള അവസരമോ മാത്രമായി അവസാനിക്കാനാവും പല റീ റിലീസുകളുടേയും വിധി. അവിടെയാണ് കള്‍ട്ട് ക്ലാസിക് എന്ന വിശേഷണത്തിന് ‘ഓം’ അവകാശിയാവുന്നത്. 2013 ആവുമ്പോഴേക്കും 500 തവണ ചിത്രം റീ റിലീസ് ചെയ്തിരുന്നു. 2015 ആയപ്പോഴേക്കും ഈ കണക്ക് 550-ലേക്കെത്തി. 30 തവണയാണ് കര്‍ണാടകയിലെ കപാലി തിയേറ്ററില്‍മാത്രം സിനിമ റീ റിലീസ് ചെയ്തത്. 75 പ്രാവശ്യം 100 ദിവസം തികച്ച് പ്രദര്‍ശിപ്പിച്ചു. 2015-ല്‍ മാത്രം കര്‍ണാടകയിലെ 100 തിയേറ്ററുകളിലാണ് ഓം പ്രദര്‍ശനത്തിനെത്തിയത്. അതും ഡി.റ്റി.എസ് സാങ്കേതികമികവില്‍. 650 തവണ റീ റിലീസ് ചെയ്തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 550 തവണ റീ റിലീസ് ചെയ്തതിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ‘ഓം’ ഇടംപിടിച്ചു.
1995-ലാണ് ‘ഓം’ ആദ്യമായി തിയേറ്ററുകളിലെത്തിയതെങ്കിലും 2015-ല്‍ മാത്രമാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത്. അതും റെക്കോര്‍ഡ് തുകയ്ക്ക്. 10 കോടി രൂപയ്ക്കാണ് ഉദയാ ടി.വി ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സ്വന്തമാക്കിയത്. പുര്ഷി എന്ന വ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് താന്‍ ‘ഓം’ ഒരുക്കിയതെന്ന് സിനിമയുടെ 25-ാം വാര്‍ഷികവേളയില്‍ സംവിധായകന് ഉപേന്ദ്ര വ്യക്തമാക്കിയിരുന്നു. ഉപേന്ദ്രയുടെ സഹോദരന്റെ സുഹൃത്തായിരുന്നു പുര്ഷി.
റീമേക്കുകളുടെ വിധി
‘ഓം’ ഒരു തുടക്കമായിരുന്നു. അന്നുവരെ കണ്ട ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ വാര്പ്പുമാതൃകകളെയെല്ലാം അപ്പാടെ തകര്‍ത്തെറിഞ്ഞു ഈ ഉപേന്ദ്ര-ശിവ രാജ്കുമാര് ചിത്രം. 1997-ല്‍ ഉപേന്ദ്ര തന്നെ ഈ ചിത്രം ഓംകാരം എന്ന പേരില്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. രാജശേഖറും പ്രേമയും മുഖ്യവേഷങ്ങളില്‍. ‘ഓമി’ന് സംഗീതമൊരുക്കിയ ഹംസലേഖ തന്ന ‘ഓംകാര’ത്തിനും ഈണമിട്ടു. ‘ഓമി’ലെ ഗാനങ്ങളുടെ ഈണം അതേപടി തെലുങ്കില്‍ ഉപയോഗിക്കുകയാണ് ചെയ്തത്. ചിത്രത്തിന് പക്ഷേ കന്നഡയിലെ വിജയം ആവര്‍ത്തിക്കാനായില്ല. ശരാശരിയില്‍ ഒതുങ്ങാനായിരുന്നു 1999-ല്‍ അര്ജുന് പണ്ഡിറ്റ് എന്ന പേരില്‍ രാഹുല്‍ റവെയ്ല് ‘ഓമി’ന് ബോളിവുഡ് പതിപ്പൊരുക്കി. സണ്ണി ഡിയോളും ജൂഹി ചൗളയുമായിരുന്നു പ്രധാനവേഷങ്ങളില്‍. ചിത്രം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പ്രധാനപ്രമേയത്തില്നിന്ന് വ്യതിചലിച്ചു എന്നതിന്റെ പേരില്‍ വിമര്‍ശനങ്ങളും അര്ജുന് പണ്ഡിറ്റിനെതിരെ ഉയര്‍ന്നു. 2001-ല്‍ പുറത്തിറങ്ങിയ ബംഗ്ലാദേശി ചിത്രം ‘പഞ്ചാ’യ്ക്കും പ്രചോദനം ‘ഓം’ തന്നെ.
രാജ്കുമാറിനൊപ്പം ശിവ രാജ്കുമാറും പ്രേമയും | ഫോട്ടോ: IMDB
റൗഡിസത്തിനെതിരായ സന്ദേശം
നായകനെ കണ്ടാല്‍ ഒരു വില്ലന്‍ പരിവേഷം തോന്നിക്കണം എന്നായിരുന്നു സത്യ എന്ന കഥാപാത്രത്തിലേക്ക് ശിവ രാജ്കുമാറിനെ പരിഗണിക്കാനുള്ള കാരണമെന്ന് ഉപേന്ദ്ര പറഞ്ഞിട്ടുണ്ട്. റൗഡിസം തെറ്റാണെന്ന് പറയുകയാണ് ചിത്രത്തിലൂടെ ഉപേന്ദ്ര ഉദ്ദേശിച്ചത്. സിനിമയുടെ ക്ലൈമാക്സില്‍ ഗുണ്ടായിസം ഉപേക്ഷിച്ച് സസുഖം ജീവിക്കുന്ന സത്യയെയാണ് കാണാനാവുക. റൗഡിസത്തിനുമേല് ശാന്തിയുടേയും നന്മയുടേയും വിജയം കാണിക്കുന്ന വ്യത്യസ്തമായ, വിജയംകണ്ട സിനിമാ ശ്രമമാണ് ‘ഓം.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]