
ചെന്നൈ: ഗംഗ, യമുന, സരസ്വതി സംഗമസ്ഥാനങ്ങളെ പ്രകീർത്തിപ്പിക്കുന്ന ‘ത്രിവേണി’ ചന്ദ്രികയുടെ സ്വരശുദ്ധിയിൽ സംഗമിച്ചപ്പോൾ ആ സംഗീതത്തിന് ഇരട്ടിമധുരമായിരുന്നു. ആ സ്വരമാധുര്യത്തിന്റെ വേരുകൾക്ക് ചെന്നൈ നഗരത്തിന്റെ ഗന്ധമുണ്ട്.
തന്റെ ആറാമത്തെ സ്റ്റുഡിയോ ആൽബമായ ‘ത്രിവേണി’ക്ക് ന്യൂ ഏജ് ആൽബം വിഭാഗത്തിൽ ഗ്രാമി പുരസ്കാരം നേടിയ ചന്ദ്രികാ കൃഷ്ണമൂർത്തി ടംഡനും അവരുടെ സംഗീതവുമെല്ലാം ചെന്നൈ നഗരത്തിന്റെ ആത്മാവിൽനിന്ന് ഒഴുകിയെത്തിയതാണ്.
‘ഞാൻ സംഗീതമാണ്. മറ്റെല്ലാ വഴികളും ഞാൻ കണ്ടെത്തിയതും സംഗീതത്തിലൂടെയാണ്’ -സ്പോട്ടിഫൈയിൽ ചന്ദ്രിക കുറിച്ച വരികളാണിവ.
67-ാം ഗ്രാമി പുരസ്കാരനിറവിൽ അവരുടെ ഓർമ്മകൾ കടന്നെത്തുന്നത് ചെന്നൈയിലെ കുട്ടിക്കാലത്തേക്കാണ്. ചെന്നൈയിലെ വീട്ടിലിരിക്കുമ്പോൾ റേഡിയോയിലൂടെ മനസ്സിലുറപ്പിച്ച് ഏറ്റുപാടിയ സ്വരങ്ങളും ഈണങ്ങളും. അവിടെനിന്നാണ് ചന്ദ്രികയുടെ ഗ്രാമിയിലേക്കുള്ള വളർച്ച.
2011-ൽ ആദ്യ ആൽബം ‘സോൾ കോൾ’ 53-ാമത് ഗ്രാമി അവാർഡിന് നോമിനേഷൻ ലഭിച്ചപ്പോൾ ഹിന്ദുസ്ഥാനി, കർണാടക, പാശ്ചാത്യസംഗീത പാരമ്പര്യം ആസ്വദിക്കാൻ കഴിവുള്ള ആഗോളപ്രേക്ഷകർ തനിക്കുമുൻപിലുണ്ടെന്ന് മനസ്സിലാക്കി. ‘ഓം നമോ നാരായണായ’ എന്ന മന്ത്രത്തിന്റെ ധ്യാനാത്മക പര്യവേഷണമായിരുന്നു സോൾ കോൾ.
സംസ്കൃതമന്ത്രങ്ങളെ ഇംഗ്ലീഷ് വാക്യങ്ങളുമായി യോജിപ്പിച്ച് പിന്നീട് ആത്മീയാന്വേഷണ വ്യാപ്തി വിശാലമാക്കി. അതിന്റെ തുടർച്ചയായിരുന്നു ‘ത്രിവേണി’. പുരാതനവും സമകാലികവും, പൗരസ്ത്യവും പാശ്ചാത്യവും, ആത്മീയവും ഇന്ദ്രിയപരവുമായ സംയോജനമാണ് ത്രിവേണിയിൽ.
രോഗശാന്തിയുടെ യാത്രയിൽ ശ്രോതാക്കളെ നയിക്കാൻ രൂപകൽപ്പന ചെയ്തതാണിത്. തികച്ചും ഒരു ധ്യാനയാത്ര. മന്ത്രങ്ങളോട് അടുക്കാൻ കാരണം ചെന്നൈയിലെ കുട്ടിക്കാലമാണ്.
യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണകുടുംബത്തിലാണ് ജനനം. കർണാടകസംഗീതജ്ഞയായ അമ്മയും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായ അച്ഛനും ചന്ദ്രികയിൽ കലയും ബിസിനസും നിറച്ചു.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദത്തിനുശേഷം അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. 1970-കളിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
മക്കിൻസി ആൻഡ് കമ്പനിയിൽ പങ്കാളിയാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി. 1992-ൽ ടെംഡൻ ക്യാപിറ്റൽ അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങി ചേസ് മാൻഹട്ടൻ കോർപ്പറേഷൻ,
ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ സാമ്പത്തിക ഭീമന്മാരുടെ ഉപദേഷ്ടാവായി.
ധനകാര്യത്തിലും കൺസൾട്ടിങിലും ഉയരങ്ങൾ കീഴടക്കിയപ്പോഴും മനസ്സുമുഴുവൻ സംഗീതമായിരുന്നു. കേവലം കലാരൂപമായിട്ടല്ല, ആത്മീയവും വൈകാരികവുമായ ആവിഷ്കാരത്തിനുള്ള ചാലകമായിട്ടാണ് ചന്ദ്രിക സംഗീതത്തെ കണ്ടത്. ‘ഒരു പക്ഷെ ഗ്രാമി പുരസ്കാരം സംഗീതജീവിതത്തിലെ അവസാനവിജയമാവും. ആജീവനാന്തം സംഗീതത്തിൽ മുഴുകിയതിനുള്ള ഔപചാരിക അംഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നു’ -71-കാരിയായ ചന്ദ്രിക പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]