
അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സംഭവമാണ് നടിമാരുടെ ഡീപ്ഫെയ്ക്ക് വീഡിയോ. നടി രശ്മിക മന്ദാനയാണ് ഡീപ്ഫെയ്ക്കിന്റെ ഇരയായ സെലിബ്രിറ്റികളിലൊരാള്‍. നടന് അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് രശ്മികയ്ക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തുകയും ഇത്തരം വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയാവശ്യപ്പെടുകയും ചെയ്തത്.
ഇപ്പോള്‍ വിവാദവുമായി ബന്ധപ്പെട്ട് തുറന്നുസംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന. ഡീപ് ഫെയ്ക്ക് പോലുള്ള സമൂഹ്യവിപത്തുകള്ക്കെതിരേ നിരന്തം സംസാരിക്കേണ്ടത് അനിവാര്യമാണെന്നും പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് ഭയം തോന്നുന്നുവെന്നും രശ്മി ഈയിടെ നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
”ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് നിരന്തരം സംസാരിക്കേണ്ടി വരുന്നത്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എനിക്ക് ഇത്രയും പിന്തുണ ലഭിക്കില്ലായിരുന്നു. കോളേജില്‍ പഠിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്തു നോക്കൂ. എനിക്കവരെയോര്‍ത്ത് ഭയം തോന്നുന്നു. ഇത്തരം സംഭവങ്ങള്‍ നല്കുന്ന മാനസികാഘാതമുണ്ട്. അതിനെ അതിജീവിക്കുക എളുപ്പമല്ല. ”
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 2023 നവംബര്‍ പത്താംതീയതി ഡല്‍ഹി പോലീസ് കേസെടുത്തു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മാസത്തില്‍ ഡല്‍ഹിയില്‍ വച്ച് ബിടെക് ബിരുദധാരി അറസ്റ്റിലാവുകയും ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഇരുപത്തിനാലുകാരനായ ഈമണി നവീനാണ് പോലീസ് പിടിയിലായത്.
രശ്മികയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നടിമാരായ കജോളിന്റെയും കത്രീന കൈഫിന്റെയും ആലിയാ ഭട്ടിന്റെയും വ്യാജ വീഡിയോകള്‍ പ്രചരിച്ചു. കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചത്. കത്രീന അഭിനയിച്ച ടൈഗര്‍ 3 എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം ഡീപ് ഫേക്ക് ഉപയോഗിച്ച് മോശമാക്കിയാണ് പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതാണെന്ന വ്യാജേന പോസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]