‘ഞാന്‍ വീഴ് വേന് എന്ട്രു നെനത്തായോ’… ‘പേട്ട’ സിനിമയില്‍ വീണിടത്തുനിന്ന് ചെറുചിരിയോടെ രജനീകാന്ത് എഴുന്നേറ്റു നില്ക്കുമ്പോള് നാം അറിയാതെ കൈയടിച്ചുപോകുന്നുണ്ട്, അതുപോലെയാണ് 2024ല്‍ ആസിഫ് അലിയുടെ വിജയസിനിമകള്ക്ക് മലയാളി ഒന്നടങ്കം കൈയടിച്ചത്. 2023ല്‍ ചില സിനിമകള്‍ വേണ്ടത്ര വിജയം നേടാതെ പോയപ്പോള്‍ ആസിഫ് അലി വീണുപോയെന്ന് ചില നിരൂപകര്‍ വിധിയെഴുതി, അവര്‍ക്കുള്ള മറുപടിയായിരുന്നു തലവനും കിഷ്കിന്ധാകാണ്ഡവുംപോലുള്ള സൂപ്പര്‍ഹിറ്റുകള്‍.
കളിയാക്കിയ നിരൂപകരെക്കൊണ്ട് ആസിഫ് കൈയടിപ്പിച്ചു. തിയേറ്ററില്‍ വലിയ വിജയങ്ങളും അഭിനയത്തിലെ പരീക്ഷണങ്ങളും കൊണ്ട് ആസിഫ് അലി 2024നെ തന്റെ സുവര്ണവര്ഷമാക്കി മാറ്റി. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് പുതുവര്‍ഷത്തില്‍ ആസിഫ് അലി ‘രേഖാചിത്ര’വുമായി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ‘ദി പ്രീസ്റ്റ്’ എന്ന വിജയചിത്രത്തിനു ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ത്തില്‍ പോലീസ് കഥാപാത്രമായാണ് ആസിഫ് എത്തുന്നത്.
കൂമന്, തലവന്‍, കിഷ്കിന്ധാകാണ്ഡം.. ത്രില്ലര്‍ വിജയവഴിയുടെ തുടര്‍ച്ചയാണോ ‘രേഖാചിത്രം’
രേഖാചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിലുപരി ത്രില്ലര്‍ ഡ്രാമ എന്ന വിഭാഗത്തില്‍പ്പെടുന്ന സിനിമയാണ്. മൊത്തം സിനിമയുടെ സ്വഭാവത്തില്‍ ഒരു പുതുമയുണ്ട്. ഒരു പുതിയ മൂഡ് അവതരണത്തില്‍ കൊണ്ടുവരാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്നൊക്കെ ഈ സിനിമയുടെ കഥയെ വിശേഷിപ്പിക്കാം. നമുക്ക് അറിയാവുന്നൊരു ചരിത്രത്തെ വേറൊരു രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമംകൂടി ഈ ചിത്രത്തിലുണ്ട്. പ്രേക്ഷകനെ സംബന്ധിച്ച് അതെല്ലാം ഒരു പുതുമയായിരിക്കും എന്നാണ് ഞങ്ങള്‍ കരുതുന്നത്.
തലവനു പിന്നാലെ വീണ്ടുമൊരു പോലീസ് കഥാപാത്രം, ഇരു കഥാപാത്രങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടോ?
ഒരുകാലത്ത് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരേ ആത്മവിശ്വാസമില്ലായിരുന്നു. കാരണം മലയാളത്തില്‍ നമ്മള് മുന്‍പ് കണ്ട പോലീസ് നായകന്മാര്ക്കെല്ലാം ഒരു മാസ് സ്വഭാവമുണ്ടായിരുന്നു. അത്തരം കഥാപാത്രങ്ങളെയായിരുന്നു ഒരു കാലംവരെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതും. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമയിലാണ് ആദ്യമായി ഒരു പോലീസ് നായകകഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചത്. അതിന്റെ തിരക്കഥ എഴുതിയ സിബി സാര്‍ (സിബി തോമസ്) ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു കേസാണ് ആ സിനിമയായത്.
പരിചയപ്പെട്ടപ്പോള്‍ ഒരു സാധാരണ പോലീസുകാരന്റെ രൂപഭാവമായിരുന്നു അദ്ദേഹത്തിന്. സിബി സാറുമായുള്ള ആ സൗഹൃദമാണ് പോലീസ് നായക കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കു തന്നത്. അതിനുശേഷം കൂമന്, തലവന്‍ എന്നീ സിനിമകള്‍ ചെയ്തപ്പോള്‍ കഥാപാത്രത്തിന് കൃത്യമായ ഐഡന്റിറ്റിയും വ്യത്യാസവും ഉണ്ടാവണം എന്ന് വിചാരിച്ചിരുന്നു. ഇതുവരെ ചെയ്ത മൂന്ന് സിനിമകളിലെയും പോലീസ് കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തരായ മനുഷ്യരായിരുന്നു. രേഖാചിത്രത്തിലേക്ക് വരുമ്പോഴും മുന്‍പ് ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തെയും പുതിയൊരു മനുഷ്യനായിക്കണ്ട് പ്രത്യേകതകള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് അവതരിപ്പിക്കാനാണ് ഓരോ സിനിമയിലും ശ്രമിക്കുന്നത്.
‘രേഖാചിത്ര’ത്തിലേക്ക് ആസിഫ് അലിയെ ആകര്‍ഷിച്ച ഘടകം
ഇതിന്റെ തിരക്കഥ തന്നെയായിരുന്നു എന്നെ ആകര്‍ഷിച്ച ഘടകം. നമ്മള് അറിയുന്ന ഒരു കഥ മറ്റൊരു കാഴ്ചപ്പാടില്‍ കേട്ടപ്പോള്‍ അതിലൊരു പുതുമ തോന്നി. മൂന്ന് വര്‍ഷത്തിലധികം ഒരുപാട് അന്വേഷണങ്ങളും വിവരശേഖരണവുമൊക്കെ നടത്തിയാണ് ഈ സിനിമയുടെ തിരക്കഥ ജോഫിനും ടീമും തയ്യാറാക്കിയിരിക്കുന്നത്. 80 ശതമാനത്തിലധികം പൂര്‍ത്തിയായ തിരക്കഥയാണ് ഞാന്‍ ആദ്യം കേട്ടത്. ആദ്യകേള്‍വിയില്‍ എല്ലാ എക്സൈറ്റ്മെന്റും ലഭിച്ചിരുന്നു.
നിര്‍മാതാക്കളായ വേണു കുന്നപ്പിള്ളി, ആന്റോ ജോസഫ് എന്നിവരുടെ കഠിനാധ്വാനംകൂടി ഈ സിനിമ സാധ്യമാക്കിയതിന്റെ പിന്നിലുണ്ട്. കാരണം ഈ സിനിമ ഷൂട്ട് ചെയ്യണമെങ്കില്‍ സിനിമയ്ക്ക് അകത്തുള്ള ഒരുപാട് പേരുടെ സമ്മതവും സഹകരണവുമൊക്കെ ആവശ്യമായിരുന്നു. അത് സംഘടിപ്പിക്കാന്‍ മുന്നിട്ടുനിന്നത് ആന്റോ ചേട്ടനാണ്. അതുപോലെ വലിയൊരു കാന്‍വാസിലുള്ള ഈ സിനിമ സാധ്യമാക്കിയത് വേണുച്ചേട്ടനാണ്.
അടുത്ത കാലത്തായി ത്രില്ലര്‍ സിനിമകളോട് ഇഷ്ടക്കൂടുതലുണ്ടോ
മനഃപൂര്‍വം ത്രില്ലര്‍ സിനിമയില്‍ അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് എന്റെ അടുത്തെത്തുന്ന കഥകളില്‍ ഭൂരിഭാഗവും നല്ല ത്രില്ലര്‍ സിനിമകളാണ്. തലവനായാലും കിഷ്കിന്ധാകാണ്ഡമായാലും ത്രില്ലറുകളാണെങ്കിലും രണ്ടും വ്യത്യസ്ത സ്വഭാവമുള്ള സിനിമകളായിരുന്നു. പിന്നെ നമ്മുടെ ചുറ്റുംനടക്കുന്ന കാര്യങ്ങളും കാണുന്ന കാഴ്ചകളുമൊക്കെ നമ്മളെയും സ്വാധീനിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഒരുപക്ഷേ, ഇപ്പോഴത്തെ എന്റെ പ്രായത്തിലും കാഴ്ചകളിലും കൂടുതലും ആസ്വദിക്കാന്‍ പറ്റുന്നത് ത്രില്ലര്‍ സിനിമകളായതു കൊണ്ടായിരിക്കാം തുടര്‍ച്ചയായി അത്തരം സിനിമകള്‍ തേടിവരുന്നത്.
ആസിഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ വര്‍ഷമാണ് 2024, ആ സന്തോഷത്തെപ്പറ്റി
2024 മലയാള സിനിമയ്ക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആവേശം തുടങ്ങി വലിയ ഹിറ്റുകള്‍ ആദ്യമാസങ്ങളില്ത്തന്നെയുണ്ടായി. ഈ സിനിമകള്‍ക്കു പിന്നാലെ 2024ലെ എന്റെ ആദ്യ സിനിമയായി തലവന്‍ റിലീസിനെത്തിയപ്പോള്‍ വലിയ ടെന്‍ഷനിലായിരുന്നു ഞാന്‍. മലയാളത്തിന്റെ വിജയട്രാക്കില്നിന്ന് മാറിപ്പോകുന്ന ഒരുസിനിമ ഒരിക്കലും എന്റേത് ആകരുതേ എന്നൊരു പേടി എപ്പോഴുമുണ്ടായിരുന്നു. ഞാന്‍ ഏറെക്കാലമായി ആഗ്രഹിച്ച ഒരു തിയേറ്റര്‍ ഹിറ്റ് തലവന്‍ എനിക്ക് സമ്മാനിച്ചു. ആ വിജയം എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലായിരുന്നു.
പിന്നാലെ വന്ന ലെവല്‍ ക്രോസ് എന്ന സിനിമ മലയാളി കണ്ടുപരിചയിച്ച രീതിയിലുള്ള സിനിമയായിരുന്നില്ല. അതിനാല്‍ തിയേറ്ററില്‍ ശ്രദ്ധിക്കാതെ പോകുമോ എന്ന് പേടിച്ചെങ്കിലും നല്ല അഭിപ്രായം കിട്ടി. ഒ.ടി.ടി. റിലീസ് ചെയ്തപ്പോള്‍ ദേശീയ തലത്തില്‍ത്തന്നെ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. ഒരു നടനെന്ന നിലയില്‍ അത്തരം പരീക്ഷണങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഇനിയും ചെയ്യാമെന്നുമുള്ള വലിയ ധൈര്യം അതെനിക്കുതന്നു. അഡിയോസ് അമിഗോ എന്ന സിനിമ തിയേറ്ററില്‍ വിജയമായില്ലെങ്കിലും ഒ.ടി.ടി.യില്‍ മികച്ച അഭിപ്രായം നേടി. അതിലെ എന്റെ അഭിനയത്തെക്കുറിച്ച് ഒരുപാടുപേര് നല്ലരീതിയില്‍ സംസാരിച്ചു. ഓണത്തിന് കിഷ്കിന്ധാകാണ്ഡം നല്‍കിയത് കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമാണ്. ആ വിജയംകൂടി ആയപ്പോള്‍ എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമായി 2024 മാറി.
പുതുവര്‍ഷത്തെ സിനിമാ പ്രതീക്ഷകള്‍
കൂമനുശേഷം ജീത്തു ജോസഫ് സാറിനൊപ്പം ഒന്നിക്കുന്ന സിനിമയിലാണ് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. വൈകാതെ അതിന്റെ അനൗണ്‍സ്മെന്റ് ഉണ്ടാകും. അതിനുശേഷമായിരിക്കും രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുക. അതും കരിയറിലെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. സേതുനാഥ് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളി എന്ന സിനിമയും വരുന്നുണ്ട്. അതും വളരെ കാലികപ്രസക്തമായ ഒരുവിഷയം സംസാരിക്കുന്ന ചിത്രമാണ്. നല്ല സിനിമകള്‍ എല്ലാ പ്രേക്ഷകരും തിയേറ്ററില്വന്നുതന്നെ കണ്ട് ആസ്വദിക്കാന്‍ ശ്രമിക്കണം. കഴിഞ്ഞവര്‍ഷത്തിന്റെ വിജയത്തുടര്‍ച്ച ഈ വര്‍ഷവും ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനായി ആത്മാര്‍ഥമായി ശ്രമിക്കും. പ്രേക്ഷകര്‍ കൂടെനില്‍ക്കും എന്നാണ് വിശ്വസിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]