
ചെന്നെെ: മീടു ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിനൊപ്പം വേദി പങ്കിട്ട തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ കമൽഹാസൻ, കോൺഗ്രസ് നേതാവ് പി. ചിദംബരം എന്നിവരെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപാദ. വൈരമുത്തുവിനൊപ്പം മൂന്നുപേരും വേദിയിൽ നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഗായികയുടെ പ്രതികരണം.
തന്നെ പീഡിപ്പിച്ചയാളെ തമിഴ്നാട്ടിലെ ശക്തരായ ചില പുരുഷന്മാർ ഉയർത്തിക്കാട്ടുന്നുവെന്ന് ചിന്മയി എക്സിൽ കുറിച്ചു. വിലക്ക് മൂലം കരിയറിലെ വർഷങ്ങൾ നഷ്ടമായെന്നും ചിന്മയി പറഞ്ഞു. ‘ലൈംഗിക കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുഴുവൻ പരിസ്ഥിതിയും ഈ നിമിഷം മുതൽ നശിച്ചു തുടങ്ങട്ടെ. എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല’, ചിന്മയി കുറിച്ചു. വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മഹാകവിതൈ’യുടെ പ്രകാശന ചടങ്ങിനായാണ് സ്റ്റാലിനും കമൽഹാസനും ചിദംബരവും എത്തിയത്. ചടങ്ങിൽ നിന്നുള്ള വീഡിയോ കഴിഞ്ഞ ദിവസം സ്റ്റാലിൻ പങ്കുവെച്ചിരുന്നു.
സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി. 2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ഇത് തമിഴ് സംഗീതമേഖലയെത്തന്നെ പിടിച്ചുലച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചുവെങ്കിലും അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടിയായി പറഞ്ഞിരുന്നു.
അന്ന് വൈരമുത്തുവിന് പുറമേ നടനും തമിഴിലെ ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ പ്രസിഡന്റ് രാധാ രവിക്കെതിരേയും ചിന്മയി ശബ്ദമുയർത്തിയിരുന്നു. കൂടാതെ രാധാ രവിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയും നൽകിയിരുന്നു. ഇതാണ് ചിന്മയിക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ വിലക്കേർപ്പെടുത്താൻ കാരണം. വരിസംഖ്യ അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് അവരെ അന്ന് പുറത്താക്കിയത്. അഞ്ചുവർഷമായി ഈ വിലക്ക് തുടരുകയാണ്. വൈരമുത്തുവിനെ സംരക്ഷിക്കുന്നതിൽ നിരവധി ആളുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ചിന്മയി ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]