
തിയേറ്ററിലും പിന്നീട് ഓ.ടി.ടിയിൽ റിലീസായപ്പോഴും പ്രേക്ഷകരുടെ മനം കീഴടക്കിയ ചിത്രമാണ് വിധു വിനോദ് ചോപ്ര ഒരുക്കിയ 12ത് ഫെയിൽ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു ഇത്. 12-ാംതരം പരാജയപ്പെടുകയും കഠിന പ്രയത്നത്തിലൂടെ യു.പി.എസ്.സി പരീക്ഷ വിജയിക്കുകയും ചെയ്ത മനോജ് ശർമ, ശ്രദ്ധാ ജോഷി എന്നിവരുടെ ജീവിതകഥകൂടിയായിരുന്നു ചിത്രം. ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ പോസ്റ്റ് ചെയ്ത ഒരു പഴയ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ നവംബറിൽ 12ത് ഫെയിൽ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിധു വിനോദ് ചോപ്ര ഇൻസ്റ്റാഗ്രാമിലൂടെ പലതരം അപ്ഡേറ്റുകൾ പങ്കുവെച്ചിരുന്നു. അതിൽപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. 12ത് ഫെയിലിന്റെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് മനോജിനേയും ശ്രദ്ധയേയും തിരക്കഥാ വായനയിൽ പങ്കാളികളാക്കിയിരുന്നു. തിരക്കഥ വായിച്ചതിനുശേഷം മനോജും ശ്രദ്ധയും സംവിധായകനെ കെട്ടിപ്പിടിച്ച് കരയുന്നതാണ് വീഡിയോയിലുള്ളത്. യഥാർത്ഥ ആളുകളെക്കുറിച്ചുള്ള സിനിമയായതിനാൽ സ്ക്രിപ്റ്റ് റീഡിങ് സെഷനിൽ തനിക്ക് അല്പം ഭയമുണ്ടായിരുന്നെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
“ഈ നിമിഷം ഞാൻ ഓർക്കുന്നു. ഇതെനിക്ക് വളരെ ആശ്വാസകരമായ നിമിഷമായിരുന്നു. ഈ യാത്ര എത്ര മനോഹരമായിരുന്നുവെന്ന് ഇത് കാണുമ്പോൾ മനസ്സിലാകും. ഇതുകണ്ടശേഷം ഞാൻ അക്ഷരാർത്ഥത്തിൽ നിശ്ശബ്ദനായിപ്പോയി. വൈറൽ വീഡിയോയോടുള്ള പ്രതികരണമായി വിധു വിനോദ് ചോപ്ര പറഞ്ഞു. ശ്രദ്ധാ ജോഷിയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുമെത്തി ഐ.പി.എസ് നേടുന്ന മനോജ് കുമാറിന്റെയും ശ്രദ്ധയുടേയും കഥയാണ് 12ത് ഫെയിൽ പറഞ്ഞത്. ചിത്രത്തിൽ ഒരു ചെറിയ രംഗത്തിൽ ഇരുവരും വേഷമിടുന്നുമുണ്ട്. വിക്രാന്ത് മാസിയാണ് മനോജ് കുമാർ ആയെത്തിയത്. മേധാ ഷങ്കറാണ് ശ്രദ്ധാ ജോഷിയായെത്തിയത്. അനന്ത് വി ജോഷി, അൻഷുമാൻ പുഷ്കർ, പ്രിയാൻഷു ചാറ്റർജി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. ബോക്സോഫീസിൽ അപ്രതീക്ഷിതവിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.
Content Highlights: 12th fail movie updates, Manoj Sharma and Shraddha Joshi, Vidhu Vinod Chopra movie
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]