
ദുബായ്: യു.എ.ഇ.യിലെ തിയേറ്ററുകളിൽ സിനിമാരംഗത്തിന്റെ ചിത്രമെടുക്കുകയോ വീഡിയോ പകർത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് അറിയിച്ച് അധികൃതർ. ഒരുലക്ഷം ദിർഹംവരെ പിഴയും രണ്ട് മാസംവരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് അപ്പർകേസ് ലീഗൽ അഡൈ്വസറിയുടെ മാനേജ്മെന്റ് പാർട്ണർ അലക്സാണ്ടർ കുകുവേവ് പറഞ്ഞു.
ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ രാജ്യത്തെ പകർപ്പവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇതുസംബന്ധിച്ച് യു.എ.ഇ. യിലെ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ പലരും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. യു.എ.ഇ.സർക്കാർ പകർപ്പാവകാശം സംബന്ധിച്ച് 2021- ലാണ് ഫെഡറൽ നിയമം പുറപ്പെടുവിച്ചത്. തൊട്ടടുത്തവർഷം ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
യു.എ.ഇ.യുടെ പകർപ്പവകാശ നിയമം സാഹിത്യ കലാസൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ബേൺ കൺവെൻഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും അടിസ്ഥാനമാക്കിയുള്ളതാണ്. 2004- ലാണ് യു.എ.ഇ.കൺവെൻഷനിൽ അംഗമായത്. ഇതോടൊപ്പം യു.എ.ഇയിലെ സിനിമാ തിയേറ്ററുകളിലേക്കുള്ള പ്രവേശനത്തിനും പ്രായപരിധിയുണ്ട്. പ്രായപരിധി കർശനമായി പാലിക്കണം. ഇതിനായി ആവശ്യമെങ്കിൽ പ്രായപരിധി തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം സൈബർ ക്രൈം നിയമപ്രകാരം യു.എ.ഇ. യിൽ അനുമതിയില്ലാതെ പൊതുസ്ഥലത്തുവെച്ച് ഒരാളുടെ ചിത്രം പകർത്തുന്നതും കുറ്റകരമാണ്. അഞ്ച് ലക്ഷം ദിർഹംവരെ പിഴ നൽകേണ്ടുന്ന കുറ്റകൃത്യമാണത്. ആറുമാസംവരെ തടവും ലഭിക്കും. യു.എ.ഇ. യിൽ പരിഷ്കരിച്ച സൈബർ കുറ്റകൃത്യനിയമം വളർന്നുവരുന്ന ഡിജിറ്റൽ യുഗത്തിൽ പൗരൻമാർക്കും താമസക്കാർക്കും കൂടുതൽ സംരക്ഷണം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]