
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചെന്നൈയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ റഹ്മാൻ.
ഒരു അപ്പാർട്മെന്റിനു താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾ കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാനാവുക. സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ചെന്നൈ പള്ളിക്കരണൈയിൽ നിന്നുള്ള കാഴ്ച എന്ന രീതിയിലാണീ ദൃശ്യം പ്രചരിക്കുന്നത്. എഫക്റ്റ് ഓഫ് സൈക്ലോൺ മിഷോങ് എന്നും ചെന്നൈ ചുഴലിക്കാറ്റ് ഇന്ന് എന്നും അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. ഇത് ചെന്നൈയിൽ നിന്നുള്ള ദൃശ്യങ്ങളാണോ എന്നും താരവും കുടുംബവും സുരക്ഷിതമാണോ എന്നും അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ചെന്നൈയിലെ അതിശക്തമായ മഴയും കാറ്റും കാരണം കാളിദാസ് ജയറാമും കൊച്ചിയിലേക്കുള്ള യാത്ര മാറ്റിവച്ചു. പുതിയ സിനിമയായ ‘രജനി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കേരളത്തിൽ ഇന്ന് എത്തേണ്ടിയിരുന്നതായിരുന്നു താരം. മാധ്യമങ്ങളുമായി കാളിദാസ് ജയറാമും കൂട്ടരും നടത്തേണ്ടിയിരുന്ന വാർത്താ സമ്മേളനം താരത്തിന്റെ അഭാവം മൂലം മാറ്റിവച്ചിട്ടുണ്ട്. ചെന്നൈയിലെ ശക്തമായ മഴയേക്കുറിച്ച് നടി നിവേദ പെതുരാജും സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
ശക്തമായ മഴയും ചുഴലിക്കാറ്റുംമൂലം വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന പല സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]