തൃശ്ശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന സംഭവവികാസങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ആദ്യം ഒരു വോട്ടിന് വിജയിക്കുകയും റീകൗണ്ടിങ്ങിൽ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു സ്ഥാനാർഥിയെ പിന്തുണച്ചുകൊണ്ടാണ് ഹരീഷ് പേരടി രംഗത്തെത്തിയത്. കാഴ്ചപരിമിതനായ ശ്രീക്കുട്ടന് ഇരുട്ട് ശീലമാണെന്നും അവനെ തോൽപ്പിക്കാനാകില്ലെന്നും നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്. ഇരുട്ടിൽ എന്തെല്ലാം കപടതകൾ, കള്ളങ്ങൾ, കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ. പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം. ഇരുട്ടിൽ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം. നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ. ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജന്മമെടുത്തവൻ. അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്. അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല. ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്…ശ്രീക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും…ഹിറ്റ്ലറിന്റെ പേപ്പട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല. അവൻ ഉണർന്നിരിക്കും. ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ…
ബുധനാഴ്ച നടന്ന വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ കേരളവർമ കോളേജിലെ ചെയർമാൻസ്ഥാനത്തേക്ക് കെ.എസ്.യു.വിലെ എസ്. ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചെന്നായിരുന്നു ആദ്യ പ്രഖ്യാപനം. 41 കൊല്ലത്തിനുശേഷമുള്ള വിജയം കെ.എസ്.യു. ആഘോഷമാക്കി. പക്ഷേ, വീണ്ടും എണ്ണണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെട്ടു. തുടർന്ന് ഏറെ തർക്കത്തിനുശേഷം കെ.എസ്.യു. വോട്ടെണ്ണൽ ബഹിഷ്കരിക്കുകയും രണ്ടാം വോട്ടെണ്ണലിൽ 11 വോട്ടിന് എസ്.എഫ്.ഐ. സ്ഥാനാർഥി ജയിച്ചതായി അർധരാത്രിയോടെ പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് അട്ടിമറിയാണെന്ന ആരോപണവുമായി കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾതന്നെ രംഗത്തെത്തിയിട്ടുണ്ട്. വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്. ശ്രീക്കുട്ടൻ അറിയിച്ചിട്ടുണ്ട്. രാത്രിയിലേക്കു നീണ്ട വോട്ടെണ്ണലിനിടെ പലതവണ വൈദ്യുതി നിലച്ചിരുന്നു. ഈ സമയത്ത് കൂടുതൽ ബാലറ്റ്പേപ്പറുകൾ വന്നോയെന്ന് സംശയിക്കുന്നതായും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനൊപ്പം ഡി.സി.സി. ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ശ്രീക്കുട്ടൻ പറഞ്ഞു. വോട്ടെണ്ണലിൽ ദുരൂഹതയുള്ളതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കാമ്പസിന്റെ ആവശ്യമെന്നും ശ്രീക്കുട്ടൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]