
ഇന്ത്യന്‍ ചലച്ചിത്രമേളകളില്‍ നിന്നും ദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ എത്രമാത്രം അപമാനിക്കപ്പെട്ടിരുന്നു എന്ന് ഓര്‍ക്കുകയാണ് നടന് ചിരഞ്ജീവി. ആഹ സൗത്തുമായി നടത്തിയ ചാറ്റ് ഷോയിലാണ് ചിരഞ്ജീവി ചലച്ചിത്രമേഖല കുത്തകയാക്കി വെച്ചിരുന്ന ‘നോര്‍ത്തിന്ത്യന്‍ സ്നേഹം’ വെളിപ്പെടുത്തിയത്. ഗോവയിലെ ഒരു ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ദക്ഷിണേന്ത്യന്‍ നടന് എന്ന നിലയില്‍ തനിക്കു ലഭിച്ച അവഹേളനമോര്ക്കുമ്പോള് ഇന്നത്തെ ദക്ഷിണേന്ത്യന്‍ സിനിമാമേഖല എത്രയോ കാതം താണ്ടിയിരിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
‘തൊണ്ണൂറുകളില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് സിനിമയായിരുന്നു. ഒരു ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ഞാന്‍ മധ്യാഹ്നത്തില്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ എനിക്കു ചുറ്റും പതിച്ച പോസ്റ്ററുകളില്‍ പ്രശസ്തരായ ബോളിവുഡ് അഭിനേതാക്കളുടെ പടങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാജ്കുമാര്, എം.ജി.ആര് പിന്നെ രണ്ട് നടന്മാരുടെ പടങ്ങളും മാത്രമേ തെന്നിന്ത്യന്‍ അഭിനേതാക്കളുടേതായിട്ടുണ്ടായിരുന്നുള്ളൂ. ശിവാജി ഗണേശനും എ.എന്‍.ആറും എന്‍.ടി.ആറും എവിടെയെന്ന് ഞാന്‍ നിരാശയോടെ ചിന്തിച്ചു.’- ചിരഞ്ജിവി പറയുന്നു.
ദക്ഷിണേന്ത്യന്‍ സിനിമാമേഖലയെ സംഘാടകര്‍ അത്ര ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്നും അതിനുള്ള പ്രതികാരമായിട്ടാണ് കുറച്ച് ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചതെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. ‘ദക്ഷിണേന്ത്യന്‍ സിനിമാമേഖലയ്ക്ക് അതിന്റേതായ കാര്യക്ഷമതയുണ്ട്. പക്ഷേ സംഘാടകര്‍ അത് പരിഗണിച്ചതേയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് മാത്രമായിരുന്നു. അപമാനവും ക്ഷോഭവും ഒന്നുപോലെ അനുഭവപ്പെട്ടു. പ്രതിബന്ധ്, ആജ് കാ ഗൂണ്ടാ രാജ് എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നത് ഈ പ്രതികാരത്തോടെയാണ്. പക്ഷേ ഇന്ന് ലോകം മുഴുവന്‍ നമ്മെ ഉറ്റുനോക്കുന്നു. എസ്.എസ് രാജമൗലി, പ്രശാന്ത് നീല്‍, സുകുമാര്‍, ഋഷഭ് ഷെട്ടി, അറ്റ്ലീ, ലോകേഷ് കനകരാജ് തുടങ്ങിയ സംവിധായകരോട് ഇക്കാര്യത്തില്‍ നന്ദിയുണ്ട്.’ -ചിരഞ്ജീവി പറയുന്നു.
2007- ല്‍ ശങ്കര്‍ ദാദ സിന്ദാബാദ് എന്ന സിനിമയ്ക്കുശേഷം ചിരഞ്ജീവി സിനിമയില്‍ നിന്നും താല്കാലികമായി വിരമിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. 2008-ല്‍ പ്രജാ രാജ്യം പാര്‍ട്ടിയുണ്ടാക്കിയെങ്കിലും 2011-ല്‍ പാര്‍ട്ടി പിരിച്ചുവിട്ടു. 2017-ല്‍ തന്റെ നൂറ്റി അമ്പതാമത്തെ സിനിമയായ ഖൈദി നമ്പര്‍ 150യുമായി അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തി. അതിനുശേഷം സ്യേ രാ നരസിംഹറെഡ്ഡി, ആചാര്യ, ഗോഡ്ഫാദര്, വാള്‍ട്ടര്‍ വീരയ്യ, ഭോലാ ശങ്കര്‍ തുടങ്ങിയ സിനിമകളിലൂടെ സജീവമായി. സംവിധായകന് വസിഷ്ഠിന്റെ വിശ്വംഭര എന്ന സിനിമയിലാണ് ചിരഞ്ജീവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തൃഷ, കുനാല്‍ കപൂര്‍, മീനാക്ഷി ചൗധരി, അഷിക രംഗനാഥ് തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി പത്തിന് സിനിമ പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]