ന്യൂഡൽഹി: പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര് എക്സിലൂടെ അറിയിച്ചു.
മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും താൻ വിശ്വസിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.
തന്നെ പ്രസിഡന്റായി നിയമിച്ചതില് അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൂടുതല് വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടനും സംവിധായകനുമായ ശേഖർ കപൂറിന്റെ പിൻഗാമിയായാണ് മാധവൻ എത്തുന്നത്.
ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് ആണ് മാധവന്റെ പുതിയ ചിത്രം. മാധവൻ പ്രധാന വേഷത്തിലെത്തുകയും സംവിധാനം ചെയ്യുകയും ചെയ്ത റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള 69-ാമത് ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.
Content Highlights: R Madhavan appointed as new FTII President Minister Anurag Thakur congratulates actor