
പേരിലെ മലയാളിത്തവും ചെയ്ത സിനിമകളിലെ ഹിറ്റുകളും മികച്ച കഥാപാത്രങ്ങളും മലയാളത്തിലായതും തനി മലയാളിയായി മുംബൈക്കാർ തന്നെ കരുതാൻ ഇടയാക്കിയിട്ടുണ്ടെന്ന് പറയുകയാണ് റായ് ലക്ഷ്മി. മലയാളത്തിൽ ചെയ്ത പതിനഞ്ച് ചിത്രങ്ങളിൽ പത്തെണ്ണവും മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പവും ആയതിനാൽ ‘ലക്കി ഗേൾ’ എന്ന് തന്നെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് റായ് ലക്ഷ്മി പറയുന്നു. സിനിമ വിശേഷങ്ങളുമായി റായ് ലക്ഷ്മി മാതൃഭൂമി ഡോട് കോമിനൊപ്പം.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പമാണ്. എങ്ങനെയാണ് ഇവരുടെ പ്രിയ നായികയായി മാറിയത്
അനുഗ്രഹീതയായ നടിയെന്ന് എന്നെ വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മലയാളത്തിൽ പതിനഞ്ചോളം ചിത്രങ്ങളാണ് ഞാൻ ചെയ്തത്. അതിൽ പത്തും ഈ ഇതിഹാസങ്ങൾക്കൊപ്പമാണ്. മമ്മൂക്കയുടെ കൂടെ അഞ്ച് ചിത്രങ്ങൾ, ലാലേട്ടനൊപ്പവും അഞ്ച് ചിത്രങ്ങൾ. മറ്റേതെങ്കിലും അഭിനേത്രികൾ ഇവരുടെ ഒപ്പം ഇത്രയും ചിത്രങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത് ഏറ്റവും നല്ല സമയമായിരുന്നു എന്ന് പറയണം. ഒരു ചിത്രം മമ്മൂക്കയുടെ കൂടെയാണെങ്കിൽ അടുത്ത ചിത്രം ലാലേട്ടനൊപ്പം. അങ്ങനെ മാറി മാറി സിനിമകൾ ചെയ്ത സമയമായിരുന്നു. അവരെന്റെ കുടുംബം പോലെയായി മാറി. അവർക്കൊപ്പമാണ് മലയാളസിനിമയിലെ എന്റെ യാത്ര ആരംഭിച്ചത്. അനുഗ്രഹീതയായ, ഭാഗ്യമുള്ള പെൺകുട്ടി എന്നാണ് എന്നെ ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. കാരണം ഇവരുടെ മികച്ച ചിത്രങ്ങളിൽ, മികച്ച തിരക്കഥയിൽ, മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. എന്താണതിന്റെ കാരണം എന്നൊന്നും എനിക്കറിയില്ല, പക്ഷേ ഞാൻ ഭാഗ്യവതിയാണെന്നറിയാം.
അടുത്തിടെ ഇറങ്ങിയ ഡിഎൻഎ എന്ന ചിത്രത്തിലെ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിന് ഉയരക്കൂടുതൽ ഗുണം ചെയ്തിട്ടുണ്ടെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ഈ ഉയരം എപ്പോഴെങ്കിലും ഏതെങ്കിലും വേഷത്തെ ബാധിച്ചിട്ടുണ്ടോ
ഞാൻ സിനിമയിലെത്തിയ സമയത്തെ ജനറേഷൻ എന്ന് പറയുന്നത് ഇത്ര വിശാലചിന്താഗതിക്കാരായിരുന്നില്ല. ആ സമയം എന്റെ ഉയരമൊക്കെ വലിയ വിഷയമായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് തമിഴിലെ ചില നായകന്മാർക്ക് എന്റെ ഉയരം ഒരു പ്രശ്നമായി മാറിയിരുന്നു. പക്ഷേ ഒന്ന് ഞാൻ പറയാം, നമ്മൾ വിജയിച്ചു കഴിഞ്ഞാൽ, നല്ല അഭിനേതാവ് എന്ന് പേരെടുത്ത് കഴിഞ്ഞാൽ പിന്നെ നമ്മുടെ ഉയരമോ ഭാരമോ നിറമോ ഒന്നും തന്നെ ആർക്കും ബാധകമാവില്ല. അതെല്ലാം അവർ സന്തോഷത്തോടെ സ്വീകരിക്കും.
ഇന്നത്തെ ജനറേഷൻ ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാറില്ല, നിങ്ങൾ ഒരു നല്ല അഭിനേതാവ് ആണെങ്കിൽ, ജോലിയിൽ ആത്മാർഥതയുണ്ടെങ്കിൽ, അത് മാത്രമാണ് ബാധകമാകുന്നത്. നിങ്ങളുടെ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ചാൽ, നിങ്ങളുടെ സിനിമകൾ ഹിറ്റായി കഴിഞ്ഞാൽ മറ്റൊന്നും പിന്നീട് വിഷയമാവില്ല. അതുമാത്രമല്ല ഇന്ന് സിനിമയിൽ ഹൈറ്റ് കുറയ്ക്കാനും കൂട്ടാനും ഒക്കെ സാധിക്കുമല്ലോ.
ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണ്, ആരാധകർക്ക് നേരിട്ട് മറുപടി കൊടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്
ഞാൻ സോഷ്യൽ മീഡിയ അഡിക്ടല്ല. എന്റെ ആരാധകരുമായി നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്. പി.ആർ അല്ല. ആരാധകരുമായി സംസാരിക്കാൻ നമുക്ക് അങ്ങനെ അധികം അവസരങ്ങൾ ലഭിക്കാറില്ലല്ലോ. സോഷ്യൽ മീഡിയ തന്നെയാണ് അതിനൊരു മാർഗ്ഗം. ലൈവ് വന്നും കമന്റുകൾക്കും മെസേജിനുമൊക്കെ മറുപടി കൊടുക്കുമ്പോൾ അവർ ഹാപ്പി ആകും, നമ്മളും. എനിക്ക് സ്നേഹവും സന്തോഷവും തരുന്ന ആൾക്കാരോട് സംസാരിക്കുന്നതിനെ അഡിക്ഷൻ എന്നാണ് പറയുന്നതെങ്കിൽ ഞാനും അഡിക്ടാണ്.
വിവാദങ്ങളും ലക്ഷ്മിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പിന്തുടർന്നിട്ടുണ്ട്
വളരെ സത്യമായ കാര്യമാണ്. ഞാനെന്നും വിവാദങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു. എപ്പോഴും വിവാദങ്ങളുടെ ഭാഗമായിരുന്നു. ആക്ടർ എന്ന പാക്കേജിനൊപ്പം വരുന്നതാണ് ഈ വിവാദങ്ങളും. നിങ്ങളൊരു അഭിനേതാവ് അല്ലെങ്കിൽ തിരിച്ചറിയപ്പെടുന്ന ഒരു വ്യക്തിത്വമല്ലെങ്കിൽ ഈ വാദങ്ങൾക്കൊന്നും അർത്ഥം തന്നെ ഇല്ലാതായി പോവും.
ഈ വിവാദങ്ങളെ എപ്പോഴെങ്കിലും ഭയന്നിരുന്നുവോ
എനിക്ക് ഒന്നിനെക്കുറിച്ചും ഭയമില്ല. എന്നെ വളർത്തിയതൊരു ആൺകുട്ടിയായിട്ടാണ്. സിനിമയിൽ വന്നപ്പോഴാണ് ഞാനൊരു പെൺകുട്ടിയുടെ ലുക്കിൽ വരുന്നത്. അതല്ലാതെ സ്കൂൾ കാലത്തെല്ലാം തനി ടോംബോയ് ആയിരുന്നു. ബൈക്ക് ഓടിക്കും, മുടി വെട്ടി ചെറുതാക്കി, വസ്ത്രധാരണത്തിനുമെല്ലാം ഒരു ടോംബോയായിരുന്നു. സിനിമയാണ് എന്നെ ഒരു പെണ്ണാക്കി മാറ്റിയത്. സെക്സി എന്ന് എന്നെ വിളിച്ചു കേൾക്കാറുണ്ട്. സാരി ഉടുത്താലും മോഡേൺ ഡ്രസ്സ് ഇട്ടാലും ആളുകളെന്നെ സെക്സി എന്ന് വിളിക്കും. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
ലക്ഷ്മിക്ക് നിറയെ ആരാധകർ മലയാളത്തിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് മലയാള സിനിമയിൽ ഇടവേള വരുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലയാളത്തിൽ ഇടവേളയെടുത്തെന്ന തോന്നൽ എനിക്കില്ല. ഇടയ്ക്കിടെ ഉദ്ഘാടനങ്ങൾക്കായും റിയാലിറ്റി ഷോയുടെ ഭാഗമായുമൊക്കെ ഞാൻ കേരളത്തിൽ വരുന്നുണ്ട്. മലയാളത്തിൽ എനിക്ക് അത്രയേറെ സ്നേഹം ഇപ്പോഴും ലഭിക്കുന്നുണ്ട്. ഞാനിപ്പോൾ സിനിമ ചെയ്താലും ഇല്ലെങ്കിലും എന്റെ തമിഴ് സിനിമയ്ക്ക് പോലും ഇവിടെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വലിയ പിന്തുണയാണ് മലയാളികൾ തന്നിട്ടുള്ളത്. മലയാള സിനിമകൾ കൂടുതൽ ചെയ്തിട്ടുള്ളതുകൊണ്ടുതന്നെ മുംബൈയിലുള്ളവർ എന്നെ മലയാളി പെൺകുട്ടിയായാണ് കാണുന്നത്. അത്രയ്ക്കും ശക്തമായ ഐഡന്റിറ്റി മലയാളം എനിക്ക് തന്നിട്ടുണ്ട്. മൂന്നുവർഷം ഇടവേള എടുത്തെങ്കിൽ പോലും ആ സ്നേഹവും പിന്തുണയും സോഷ്യൽ മീഡിയയിലൂടെ എനിക്ക് ലഭിച്ചിരുന്നു. പക്ഷേ അടുത്ത മലയാള സിനിമ എന്നാണ് എന്ന് അവർക്ക് എപ്പോഴും ഒരു ആകാംക്ഷയാണ്. അതുകൊണ്ടുതന്നെ ഇനി ഇവിടെ തന്നെ ഉണ്ടാകും.