
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ഭാരവാഹി തിരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരണവുമായി നടന് രമേഷ് പിഷാരടി. താന്‍ സംഘടനയ്ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുക മാത്രമാണ് ചെയ്തതെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന പ്രകാരം ഭരണസമിതിയില്‍ നാലു സ്ത്രീകള്‍ വേണമെന്ന ചട്ടമുള്ളതിനാല്‍, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് കിട്ടിയിട്ടും താന്‍ പുറത്തായതു ചൂണ്ടിക്കാട്ടിയാണു രമേഷ് പിഷാരടി കത്തയച്ചത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നത്.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ട് കുറഞ്ഞുപോയി. പക്ഷേ വോട്ട് കൂടിയ പുരുഷന്മാരെ മാറ്റി നിര്‍ത്തി. ജനാധിപത്യപരമായി വോട്ട് കൂടിയ ആള് ജയിക്കണം. അവരെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഇതില്‍ എന്ത് ന്യായം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമില്ല. ഈ സ്ത്രീകളെ കൊണ്ടുവരാന്‍ ജയിച്ച ആളുകള്‍ ഏറ്റവും മാതൃകാപരമായി മാറി നില്‍ക്കുകയായിരുന്നു.
ഞാന്‍ മാറി കൊടുത്തുവെങ്കിലും പത്രസമ്മേളനം കൃത്യമായി വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാത്തതുകൊണ്ട് ഞാന്‍ തോറ്റപോലെയാണ് വന്നത്. പക്ഷേ അതല്ല വിഷയം നാല് സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്താല്‍ പിന്നെ ആശയക്കുഴപ്പം ഒഴിവാക്കാം. എന്നെ ലാലേട്ടന് (മോഹന്‍ലാല്‍), സിദ്ധിഖിക്ക (സിദ്ധിഖ്) എന്നിവര്‍ വിളിച്ചിരുന്നു. അടുത്ത ജനറല്‍ ബോഡിയില്‍ സ്ത്രീകള്‍ക്ക് നാല് സീറ്റ് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകും.
എന്റെ കത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ എനിക്ക് അതൃപ്തി എന്ന തരത്തിലാണ് പ്രചരിച്ചത്. പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ പരസ്പരം അറിയുന്നവരാണ്. താരസംഘടന എന്ന പേരാണ് വലിയ ബാധ്യത. കാരണം താരങ്ങള്‍ കുറച്ചേയുള്ളൂ. ബാക്കിയുള്ളവര്‍ അഭിനയം തൊഴിലാക്കി ജീവിക്കുന്നവരാണ്. അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. അതിനോടൊപ്പം ഞാന്‍ ശക്തമായി നില്ക്കുന്നു. ഞാന്‍ വിമതനൊന്നുമല്ല. ഇതൊരു വലിയ തര്‍ക്കമൊന്നുമല്ല. എനിക്ക് മാറുന്നതില്‍ യാതൊരു വിഷമവുമുണ്ടായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]