
മിമിക്രി, അഭിനയം, സംഗീതസംവിധാനം, ആലാപനം, സംവിധാനം… നാദിർഷാ കൈവെക്കാത്ത മേഖലകളില്ല. സംവിധായകന്റെ കുപ്പായമണിഞ്ഞശേഷം തന്റെ ആറാം ചിത്രവുമായെത്തുകയാണ് നാദിർഷാ. ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റാഫിയാണ്. ചിത്രത്തിൽ റാഫിയുടെ മകൻ മുബീൻ റാഫിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാദിർഷാ സംസാരിക്കുന്നു.
വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രം പുറത്തിറങ്ങുകയാണ്. പ്രതീക്ഷകൾ എന്തെല്ലാമാണ്
സിറ്റുവേഷണൽ കോമഡികളൊക്കെ നിറഞ്ഞ ഒരു സെമിത്രില്ലർ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. ചില നഗരങ്ങളിൽ രാത്രിയിൽ നടക്കുന്ന കഥയാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്. എനിക്കറിയാവുന്ന നഗരമായതുകൊണ്ട് ഈ കഥ പറയാൻ കൊച്ചിയെ തിരഞ്ഞെടുത്തു. സംവിധായകൻ റാഫിക്കയുടെ (റാഫി) മകൻ മുബീൻ റാഫിയാണ് ഈ സിനിമയിലെ പ്രധാനകഥാപാത്രം ചെയ്യുന്നത്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ, ദേവികാ സഞ്ജയ് അടക്കമുള്ളവരുമുണ്ട്. ഈ സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാഫി എങ്ങനെ നാദിർഷായിലെത്തി
റാഫിക്ക ഇങ്ങോട്ടു വന്നതല്ല. ഞാൻ അങ്ങോട്ടു പോയതാണ്. എന്റെ അസോസിയേറ്റ് ഡയറക്ടറാണ് റാഫിക്കയുടെ കൈയിൽ മകനെ നായകനാക്കി ഒരു കഥയുണ്ടെന്നു പറഞ്ഞത്. ഞാൻ കഥയുടെ വൺലൈൻ കേട്ടു. അപ്പോൾത്തന്നെ ഇഷ്ടമായി. അദ്ദേഹത്തിലുള്ള ധൈര്യവും വിശ്വാസവും കാരണം മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കഥയാണ് റാഫിക്ക ഒരുക്കിയിരിക്കുന്നത്.
തുടരെ മലയാളസിനിമകൾ റിലീസാവുകയാണ്. ഇത് ചെറിയസിനിമകളുടെ വിജയത്തെ ബാധിക്കില്ലേ
ഏതുതരത്തിലുള്ള കഥപറയാനും മലയാളത്തിൽ അവസരമുണ്ട്. അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നുമാത്രം. അതിന് ഉദാഹരണമാണ് പ്രേമലു എന്ന ചിത്രം. വലിയ താരനിര ഒന്നുമില്ലെങ്കിലും ആ ചിത്രം മികച്ച വിജയം നേടി. ബജറ്റ് നോക്കിയല്ല ആളുകൾ ടിക്കറ്റെടുക്കുക. വലിയ താരങ്ങളുടെ ചിത്രങ്ങൾക്ക് ആളുകൾ കാത്തിരിക്കുന്നുണ്ടാവും. എന്നാൽ, അതേ പ്രേക്ഷകർ നല്ല സിനിമകളെ കൈവിടില്ലെന്ന് ഉറപ്പുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]