
സിനിമകളിലെ അക്രമരംഗങ്ങൾ പ്രേക്ഷകരിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിച്ച് നടൻ ജഗദീഷ്. സിനിമകളിലെ വയലൻസിന്റെ സ്വാധീനത്തിലാണ് കുട്ടികൾ അക്രമവാസന പ്രകടിപ്പിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വീഡിയോയിൽ കോളേജ് വിദ്യാർത്ഥിനികൾ അവർക്കിഷ്ടപ്പെട്ട ലഹരി ബ്രാൻഡിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് കേട്ടപ്പോൾ ഷോക്കും സങ്കടവുമുണ്ടായി. ലഹരിക്കെതിരെയും അക്രമങ്ങൾക്കെതിരെയും ആര് മുന്നോട്ടുവന്നാലും അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പട്ടു.
പരിവാർ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും ജഗദീഷ് പ്രതികരിച്ചത്. വയലൻസുള്ള, അഡൾട്ട്സ് ഒൺലി ചിത്രങ്ങൾ കുട്ടികൾ കാണാൻപാടില്ലെന്ന് സെൻസർ ബോർഡ് വളരെ ശക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും അത്തരം ചിത്രങ്ങൾ കുട്ടികൾ കാണുന്നുണ്ടെങ്കിൽ അവരുടെ രക്ഷിതാക്കളും ഉണർന്ന് പ്രവർത്തിക്കേണ്ടതായിട്ടുണ്ടെന്ന് ജഗദീഷ് അഭിപ്രായപ്പെട്ടു. സിനിമകളിലെ വയലൻസിന്റെ സ്വാധീനത്തിലാണ് കുട്ടികൾ അക്രമവാസന പ്രകടിപ്പിക്കുന്നതെന്ന് പറയാൻ പറ്റില്ലെന്നും വളരെ അക്രമം നിറഞ്ഞ വീഡിയോ ഗെയിമുകളുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
“സിനിമ മാത്രമാണ് ഇതിനെല്ലാം കാരണമെന്ന് പറയാൻ പറ്റില്ല. നമുക്ക് ചുറ്റുമുള്ളതും വേറൊരിടത്ത് നടക്കുന്നതുമായ സംഭവങ്ങളും നമ്മളെ സ്വാധിനിച്ചേക്കാം. അമേരിക്കയിൽ ഒരു വിദ്യാർത്ഥി സഹപാഠികളായ 25-30 പേരെ വെടിവെച്ചുകൊല്ലുന്ന വാർത്ത കണ്ടാൽ തീർച്ചയായും അതിവിടത്തെ ഒരു കുട്ടിയെ സ്വാധിനിക്കില്ലേ? സിനിമ സ്വാധീനിക്കുന്നതുപോലെത്തന്നെ ഒരു സംഭവത്തിന്റെ ദൃശ്യം നമ്മൾ കാണുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക് ചാനലിൽ ഒരു സിംഹം മാനിനെ പിടിക്കുന്നതുകണ്ടാൽ വിഷമം വരികയും നമ്മൾ കണ്ണടയ്ക്കുകയുംചെയ്യും. ഇതേ കാര്യത്തെ ആവേശത്തോടെ കാണുന്നവരുമുണ്ട്. ഇത്തരം വയലൻസ് ഇഷ്ടപ്പെടുന്നവരിൽ ആ ദൃശ്യം സ്വാധീനംചെലുത്തും.
നമ്മൾ വേണ്ടെന്നുവെച്ചാൽത്തന്നെയും ഒടിടിയിൽ വരുന്ന അന്യഭാഷാ ചിത്രങ്ങളിൽ വയലൻസുണ്ടാവും. അതുകണ്ട് സ്വാധീനിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിസം സ്വീകരിക്കാൻ ആവശ്യപ്പെട്ട ലഗേ രഹോ മുന്നാഭായ് എന്ന ചിത്രം ഇറങ്ങിയിട്ടുണ്ടിവിടെ. തിന്മ കണ്ടാൽ മാത്രം സ്വാധീനിക്കപ്പെടുമെന്നും നന്മ കണ്ടാൽ സ്വാധീനിക്കപ്പെടില്ല എന്ന് പറയാൻ പറ്റില്ല.
മാർക്കോയിൽ ഞാനല്ല, എന്റെ കഥാപാത്രമാണ് വയലൻസിന് കൂട്ടുനിൽക്കുന്നത്. അപ്പോൾ പ്രേക്ഷകരിഷ്ടപ്പെടുന്നത് ടോണി ഐസക്കിനെയാണോ അതോ ജഗദീഷിനെയാണോ? ജഗദീഷ് എന്ന വ്യക്തി ഒരിക്കലും വയലൻസിനുവേണ്ടി സംസാരിച്ചിട്ടില്ല. സ്കൂളിലായാലും കോളേജിലായാലും സ്നേഹത്തിന്റെ സന്ദേശമാണ് ഞാൻ കൊടുക്കാൻ ശ്രമിച്ചിട്ടുള്ളത്. ജഗദീഷിന്റെ സന്ദേശം തിരസ്കരിച്ചിട്ട് ടോണി ഐസക്കിന്റെ സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകരെന്നത് തർക്ക വിഷയം തന്നെയാണ്.” ജഗദീഷ് പറഞ്ഞു.
സ്കൂളുകളുടേയും കോളേജുകളുടേയും അടുത്താണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് വില്ക്കുന്നത്. ഇതിനായി കോഡ് ഭാഷ വരെയുണ്ടെന്നാണ് കേൾക്കുന്നത്. കോളേജ് വിദ്യാർത്ഥിനികൾ അവർക്കിഷ്ടപ്പെട്ട ലഹരി ബ്രാൻഡിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. അത് കേട്ടപ്പോൾ ഷോക്കും സങ്കടവുമുണ്ടായി. അത് വനിതകളായതുകൊണ്ടോ വിദ്യാർത്ഥിനികളായതോകൊണ്ടോ അല്ല. ഇത്തരം കാര്യങ്ങൾക്ക് സമൂഹം നൽകുന്ന സ്വീകാര്യതയാണ്. ഇത്തരം കാര്യങ്ങൾക്ക് തടയിടാൻ ആരെല്ലാം എന്തൊക്കെ നീക്കംനടത്തിയാലും അതിന് പിന്തുണനൽകുകയാണ് വേണ്ടത്. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് അഹങ്കരിക്കാൻ യാതൊരു നിർവാഹവുമില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]