
നീലയോട് എന്തിത്ര ഭ്രമം എന്ന് ചോദിച്ചിട്ടുണ്ട് പലരും. നീലക്കുപ്പായങ്ങളുടെ ആധിക്യം കണ്ടാവണം! ശരിക്കും പ്രണയമുണ്ടോ നീലനിറത്തോട്, സ്വയം ചോദിച്ചുനോക്കിയിട്ടുണ്ട്. കുത്തോ വരയോ പുള്ളിയോ പൂവോ ആയി നീലയുടെ ‘അപഹാര’മില്ലാത്ത കുപ്പായങ്ങൾ കുറവ്. മനഃപൂർവ്വമല്ല. ഉപബോധമനസ്സിന്റെ തിരഞ്ഞെടുപ്പാണ്.
എന്തുവന്നാലും നീല ഒഴിവാക്കും എന്ന ശപഥത്തോടെയാണ് കഴിഞ്ഞ ദിവസം തുണിക്കടയിൽ പോയത്. ഷെൽഫുകൾ മുഴുവൻ അരിച്ചുപെറുക്കിയ ശേഷം ഒടുവിൽ കയ്യിൽ തടഞ്ഞത് രണ്ടു നീലക്കുപ്പായം.”നീലയെ നീ തേടിപ്പോയില്ലെങ്കിലും പേടിക്കേണ്ട; നീല നിന്നെ തേടിയെത്തും”,ആരോ കാതിൽ മന്ത്രിച്ച പോലെ.
എന്നെങ്കിലുമൊരു കാർ സ്വന്തമാക്കിയാൽ അതിന്റെ നിറം നീലയാവണം എന്നൊരു മോഹമുണ്ടായിരുന്നു. ആ നിറത്തിലുള്ള കാർ തൽക്കാലം ലഭ്യമല്ലാത്തതിനാൽ മറ്റൊരു നിറം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും നീല നിറമുള്ള പേനയും നീല ഫ്രെയിമുള്ള കണ്ണടയും നീല സ്ട്രാപ്പുള്ള വാച്ചും വന്നുപോയിട്ടുണ്ട് പല തവണ ജീവിതത്തിൽ.
ഇനിയും വരും. ഉറപ്പ്. അങ്ങനെ കുടഞ്ഞുകളയാനാവില്ലല്ലോ നീലയെ ഉള്ളിൽ നിന്ന്. എന്നാലും പരാതിയൊന്നുമില്ല. അത്ര മോശമുള്ള നിറമൊന്നുമല്ലല്ലോ.
സംശയമുണ്ടെങ്കിൽ മലയാള സിനിമയിലെ “നീല”പ്പാട്ടുകൾ കേട്ടുനോക്കുക. അത്ഭുതം തോന്നും. നീല എന്ന വാക്കിൽ തുടങ്ങുന്നവയും, പല്ലവിയിൽ നീലയുടെ സാന്നിധ്യമുള്ളവയുമായ പാട്ടുകൾ എത്രയെത്ര. കറുപ്പും വെളുപ്പും കഴിഞ്ഞാൽ മലയാള ഗാനങ്ങളിൽ ഏറ്റവുമധികം കലർന്നിരിക്കുക നീലനിറമാകുമോ? സാധ്യതയുണ്ട്. തലങ്ങും വിലങ്ങും ‘നീല’ഗാനങ്ങൾ.
നീല കൊണ്ട് പാട്ടിലൊരു ദൃശ്യപരമ്പര തന്നെ തീർക്കുന്നു ബിച്ചു തിരുമല:”നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു..” എ.ടി. ഉമ്മറിന്റെ ഈണത്തിൽ യേശുദാസും ജാനകിയും ആ വരികൾ പാടിക്കേൾക്കുമ്പോൾ അകലെയേതോ ജലാശയത്തിൽ ഒരു നീലത്താമര പതുക്കെ വിരിഞ്ഞുവരുന്നത് ഉൾക്കണ്ണാൽ കാണാം നമുക്ക്. “നീലജലാശയം” എന്ന തുടക്കം തന്നെയാണ് ‘അംഗീകാര’ത്തിലെ ആ ഹിറ്റ് ഗാനത്തിന്റെ ‘ഹുക്ക്’ അഥവാ കൊളുത്ത്.
യാദൃച്ഛികമായി കയ്യിൽ വന്നുപെട്ട ഒരു നാടക നോട്ടീസിൽ നിന്നാണ് ആ പാട്ടിന്റെ പിറവിയെന്ന് ബിച്ചുച്ചേട്ടൻ പറഞ്ഞുകേട്ടിട്ടുണ്ട്. “തിലകൻ സംവിധാനം ചെയ്ത നീലജലം എന്ന നാടകത്തിന്റെ നോട്ടീസായിരുന്നു അത്. എന്തോ ആ പേര് ആദ്യ വായനയിൽ തന്നെ മനസ്സിൽ പതിഞ്ഞു. അന്നുതന്നെ നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ എന്നൊരു ഗാനം കുറിച്ചുവെക്കുകയും ചെയ്തു. ഐ.വി. ശശിയുടെ പട’ത്തിലെ ഒരു ഗാനസന്ദർഭത്തിന് ആ വരികൾ ഇണങ്ങുമെന്ന് തോന്നിയതുകൊണ്ടാണ് നീലജലാശയം സിനിമയിൽ ഇടം നേടിയത്. ഉമ്മർ അത് മനോഹരമായി ചിട്ടപ്പെടുത്തുകയും ചെയ്തു”.
തീർന്നില്ല. ഇനിയുമുണ്ട് നീല കലർന്ന മനോഹരഗാനങ്ങൾ. ഇതാ അവയിൽ കുറെയെണ്ണം.
നീലക്കൂവള പൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ (കളക്ടർ മാലതി)
നീലക്കൂവള മിഴി നീ പറയൂ എന്നെ നിനക്കിഷ്ടമാണോ (കഥ, സംവിധാനം – കുഞ്ചാക്കോ)
നീലത്താമരേ പുണ്യം ചൂടിയെൻ (നീലത്താമര)
നീലനിശീഥിനി നിൻ മണിമേടയിൽ നിദ്രാവിഹീനയായ് നിന്നു (സി ഐ ഡി നസീർ)
നീലാകാശവും മേഘങ്ങളും നീരും താരും തീരങ്ങളും ജീവനും സൃഷ്ടിച്ച ചൈതന്യമേ സ്വസ്തി (അക്കൽദാമ)
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ നിൻ ചിരിയാൽ ഞാനുണർന്നൂ നിന്നഴകാൽ ഞാൻ മയങ്ങീ (പൊന്നും പൂവും)
നീലാംബരമേ താരാപഥമേ ഭൂമിയിൽ ഞങ്ങൾക്ക് ദുഃഖങ്ങൾ നൽകിയ ദൈവമിപ്പോഴും അവിടെയുണ്ടോ (ശരശയ്യ)
നീലക്കണ്ണുകളോ ദിനാന്ത മധുര സ്വപ്നങ്ങൾ തൻ ചന്ദനച്ചോലയ്ക്കുള്ളിൽ വിടർന്നു പാതിയടയും നൈവേദ്യ പുഷ്പങ്ങളോ (കൊട്ടാരം വിൽക്കാനുണ്ട്)
നീലാംബുജാക്ഷിമാരേ സഖിമാരേ നിങ്ങൾക്കൊരു കേളീമണ്ഡപം തീർത്തു ഞാൻ (ദേവി കന്യാകുമാരി)
നീലാംബുജങ്ങൾ വിടർന്നൂ നീലാരവിന്ദായ ദാക്ഷിയെ തേടി (സത്യവാൻ സാവിത്രി)
നീല നീല വാനമതാ വാരിധി പോലെ അനന്തമായി ചേലേഴുന്നൊരു മേഘമതാ (കളിപ്പാവ)
നീലരാവിലിന്നു നിന്റെ താരഹാരമിളകി സോമബിംബ കാന്തിയിന്നു ശീതളാംഗമേകി (കുടുംബസമേതം)
കടലേ നീലക്കടലേ നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ (ദ്വീപ്)
നീല നീല സമുദ്രത്തിന്നക്കരെയായി നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ (അച്ചാണി)
നീലസാഗരതീരം നിന്റെ നീർമിഴിയോരം ചൈത്രസന്ധ്യാകാശം ചാരുരത്ന കപോലം (യോഗമുള്ളവൾ)
കരിനീലക്കണ്ണിലെന്തെടി (ചക്കരമുത്ത്)
നീലവാന ചോലയിൽ നീന്തിടുന്ന ചന്ദ്രികേ (പ്രേമാഭിഷേകം)
നീലാകാശം തിലകക്കുറി ചാർത്തിയൊരുങ്ങിയ പെണ്ണ് (സാഗരം സാക്ഷി)
നീലാമ്പൽ പൂവിതളായ് നിൻ മിഴിനാളം (സുന്ദരിക്കാക്ക)
നീലാമ്പലേ നീ വന്നിതാ ഞാനാം നിലാവിന്റെ പൊയ്കയിൽ (ദി പ്രീസ്റ്റ്)
നീല വിരിയിട്ട നീരാളമെത്തയിൽ വീണുറങ്ങുന്ന നിലാവേ (ദേവാലയം)
നീലമേഘങ്ങൾ നീന്താനിറങ്ങിയ വാനമാകും കളിപ്പൊയ്കക്കടവിൽ (തെക്കൻകാറ്റ്)
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചുനിന്നൂ (നീലക്കടമ്പ്)
നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ ഏതപൂർവ്വ ചാരുത (നീലക്കടമ്പ്)
നീലയമുനേ സ്നേഹയമുനേ ഏതൊരു ഗംഗയെ വാരിപ്പുണരാൻ ഏകാകിനി നീ ഒഴുകുന്നൂ (സ്നേഹയമുന)
നീലാരണ്യമേ നിൻ മുളംകുടിലിൽ നീ വളർത്തുന്നൊരു പൊന്മാൻ പേടയെ കണ്ടുവോ (ശക്തി)
നീലലോഹിത ഹിതകാരിണീ ഭവാനീ (കാവേരി)
നീല നിലവേ നിലവിൻ അഴകേ താരമരികേ വിരിയും ചിരിയേ (ആർഡിഎക്സ്)
ആ നീലവാനിലെന്നാശകൾക്കണിയിടും താരകേ (ആത്മസഖി)
നിന്റെ നീലമിഴികളിൽ നിറഞ്ഞ പൗർണ്ണമി രാവിൽ (വാടകവീട്ടിലെ അതിഥി)
നിന്റെ മിഴികൾ നീലമിഴികൾ എന്നെയിന്നലെ ക്ഷണിച്ചൂ (സ്നേഹദീപമേ മിഴി തുറക്കൂ)
കരിനീലക്കണ്ണഴകി കണ്ണകീ കാവേരിക്കരയിലെത്തി (കണ്ണകി)
നീലക്കാർമുകിൽ വർണ്ണനന്നേരം (ദേശാടനം)
നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവായൂർ നടയിൽ (വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസീ)
നീലനാലുകെട്ടിനുള്ളിൽ കണ്ണേറാ മാമലയിൽ (ഉല്ലാസപ്പൂങ്കാറ്റ്)
നീലഗഗനമേ പൂ ചൊരിയൂ നീ (സ്വപ്നലോകം)
നീലാരണ്യം പൂന്തുകിൽ ചാർത്തി (ഇവിടെ കാറ്റിന് സുഗന്ധം)
ഇനിയുമുണ്ട് നീലപ്പാട്ടുകൾ, ഓർത്തുനോക്കൂ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]