
കൊച്ചി: ക്ഷയിച്ച ഇല്ലത്തെ കൊടുമൺ പോറ്റിയും ഗുണകേവിലെ മഞ്ഞുമ്മൽ പിള്ളേരും സച്ചിൻ എന്ന കാമുകനും കൂട്ടരും ചേർന്നപ്പോൾ മലയാളസിനിമ ഫെബ്രുവരിയിൽമാത്രം ബോക്സ്ഓഫീസിൽനിന്ന് വാരിയത് 200 കോടിയോളം രൂപ. കോവിഡ് കാലത്ത് മാന്ദ്യത്തിലായിരുന്ന മലയാള സിനിമയ്ക്ക് ഉണർവേകുന്നതാണ് ഈ വിജയം. 2023-ൽ ആകെ നാലു സൂപ്പർഹിറ്റുകളാണ് പിറന്നതെങ്കിൽ 2024-ൽ രണ്ടുമാസം കൊണ്ടു മലയാളത്തിന് 5 വിജയചിത്രങ്ങളായി (ജനുവരിയിൽ പുറത്തിറങ്ങിയ ഓസ്ലർ ഉൾപ്പെടെ). നിർമാതാക്കളിൽ നിന്നുള്ള വിവരമനുസരിച്ച് ഗിരീഷ് എ.ഡി.യുടെ റൊമാന്റിക്-കോമഡി ചിത്രം പ്രേമലു നാലാഴ്ചകൊണ്ട് ആഗോളതലത്തിൽ നേടിയത് 77 കോടിയാണ്. കേരളത്തിൽനിന്നു മാത്രം 40 കോടി കളക്ഷനുണ്ടാക്കി. മമ്മൂട്ടി നായകനായി രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ചിത്രം ഭ്രമയുഗം 50 കോടി കടന്നു. 22-ന് റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് നാലു ദിവസം കൊണ്ട് 36.11 കോടിയാണ് വാരിയത്. നിലവിൽ 54 കോടിയാണ് കളക്ഷൻ. ഒരു മാസം റിലീസ് ചെയ്ത മൂന്നു മലയാള സിനിമകൾ, ആ മാസംതന്നെ ആഗോള കളക്ഷനിൽ 50 കോടി പിന്നിട്ടത് മോളിവുഡിൽ ആദ്യമാണ്. 9-ന് റിലീസ് ചെയ്ത ടൊവിനോയുടെ കുറ്റാന്വേഷണ ചിത്രമായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ 40 കോടി ആഗോള കളക്ഷൻ നേടിയതായി നിർമാതാവ് ഡോൾവിൻ കുര്യാക്കോസ് പറഞ്ഞു. സൂപ്പർ ഹിറ്റ് ആയ പ്രേമലുവിന്റെ തെലുഗു ഡബ് വേർഷൻ മാർച്ച് 8-ന് തിയേറ്ററിലെത്തും. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് തെലുഗിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
പരീക്ഷക്കാലത്തും തിയേറ്ററുകൾ ഹൗസ്ഫുൾ
ഉത്സവ സീസൺ അല്ലാതിരുന്നിട്ടും ഫെബ്രുവരിയിൽ തിയേറ്ററുകൾ ഹൗസ്ഫുൾ ആയി. ബ്ലാക്ക് ആൻഡ് വൈറ്റിൽ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥ പറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകർഷിച്ചത്. നിറഞ്ഞ ചിരിയാണ് പ്രേമലുവിന്റെ വിജയത്തിനു പിന്നിലെങ്കിൽ സൗഹൃദവും സാഹസികതയും ഒരുമിച്ച കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ വിജയരഹസ്യം. ചിത്രം തമിഴ്നാട്ടിലും മികച്ച കളക്ഷൻ നേടുകയാണ്. 2023-ൽ അന്യഭാഷാ ചിത്രങ്ങളായിരുന്നു (ജയിലർ, ലിയോ, പഠാൻ) കേരളത്തിൽ തരംഗമെങ്കിൽ 2024-ന്റെ ആദ്യപാദത്തിൽ തന്നെ മലയാള സിനിമയുടെ തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
“നിരന്തരം നല്ല കണ്ടന്റുള്ള സിനിമകൾ ഉണ്ടായാൽ പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുമെന്നതിന് ഉദാഹരണമാണ് ഈ വിജയങ്ങൾ. ഇത് മലയാള സിനിമയ്ക്കും നിർമാതാക്കൾക്കും പ്രതീക്ഷയുളവാക്കുന്നതാണ്. വിജയങ്ങൾ നിലനിർത്തികൊണ്ടുപോകാൻ കഴിയണം” – സന്ദീപ് സേനൻ (നിർമാതാവ്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോ. ജോയിന്റ് സെക്രട്ടറി)
ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ആഗോള കളക്ഷൻ (നിർമാതാക്കളിൽ നിന്നുള്ള വിവരമനുസരിച്ച്)
പ്രേമലു – 77 കോടി
ഭ്രമയുഗം – 50 കോടി
മഞ്ഞുമ്മൽ ബോയ്സ് – 54 കോടി
അന്വേഷിപ്പിൻ കണ്ടെത്തും – 40 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]