
പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാർഥി മരണത്തിൽ പ്രതികരണവുമായി സിനിമാ താരങ്ങൾ. കരുണ ഇല്ലാത്ത കോളേജ് റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്ന് നടി നവ്യാ നായർ പറഞ്ഞു. ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നടി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.
കൂടെ ഉള്ള ഒരാളെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാതെ നോക്കി നിന്ന കുട്ടികൾ എന്താണ് പഠിച്ചതെന്ന് നടി മഞ്ജു സുനിച്ചൻ ചോദിച്ചു. കുറ്റവാളികളെ മുഖം നോക്കാതെ ശിക്ഷിക്കണമെന്നും മഞ്ജു ഫെയ്ബുക്കിൽ കുറിച്ചു.
നവ്യാ നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
RIP Sidharth ..
എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ…
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
NB-ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.
മഞ്ജു സുനിച്ചൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങ്ങൾ പഠിച്ചത് .. നിങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ.. കുട്ടികളെ നിങ്ങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങൾ.. അച്ഛന്.. അവൻ്റെ സുഹൃത്തുക്കൾക്ക്… പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ഞയക്കും.. ദയവു ചെയ്ത് ഇതിൻ്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല..
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാപ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സിൻജോ ജോൺസൺ, അൽത്താഫ്, കാശിനാഥൻ എന്നിവരടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട 18 പ്രതികളും പിടിയിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]