ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
തന്റെ അഭിനയ വൈദഗ്ധ്യത്തിനും കലയോടുള്ള അർപ്പണബോധത്തിനും പ്രശംസ നേടിയ ദുൽഖർ, ബാംഗ്ലൂർ ഡേയ്സ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഓ കാതൽ കൺമണി, മഹാനടി, കുറുപ്പ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും, സീതാരാമം, ലക്കിഭാസ്കർ തുടങ്ങിയ സമീപകാല വൻ വിജയങ്ങളിലൂടെയും സിനിമാ വ്യവസായത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വിജയങ്ങളും കരിയറിൽ നേടിയ വളർച്ചയുമെല്ലാം ദുൽഖർ സൽമാന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.
രണ്ട് ശ്രദ്ധേയമായ നിർമ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. മുത്തച്ഛൻ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നയിക്കുന്ന വേഫെറർ ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു നൂറ്റാണ്ടിലേറെയുള്ള ഈ കൂട്ടായ പാരമ്പര്യം ഒരുമിച്ചു ചേർന്ന്, അവരുടെ അതിശയകരമായ കഴിവിലൂടെ കാന്ത എന്ന അവിസ്മരണീയമായ ഒരു ചലച്ചിത്ര കാഴ്ച വാഗ്ദാനം ചെയ്യുന്നു. അതിശയിപ്പിക്കുന്ന രൂപകൽപ്പനയും പ്രചോദനാത്മകമായ ഇമേജറിയും കഥാപാത്രങ്ങളും പ്രമേയങ്ങളും ഉപയോഗിച്ച് പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിലെത്തും.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനത്തിന് അവസരം നൽകുന്ന ഈ ചിത്രം മനുഷ്യവികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ സൽമാൻ കുറിച്ചിരുന്നു.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]