ഒന്നൊഴിയാതെ വിവാദങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ബോക്സോഫീസിൽ അതൊന്നും ബാധിക്കാതെ പ്രദർശനം തുടരുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ 2: ദ റൂൾ. ബി. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം പുതിയ റെക്കോർഡിലേക്ക് അടുക്കുകയാണ്. ആഗോളതലത്തിൽ 2000 കോടി മറകടക്കുകയെന്നതാണ് ആ ലക്ഷ്യം. നിലവിൽ ആമിർ ഖാൻ നായകനായ ദംഗൽ മാത്രമാണ് 2000 കോടിയെന്ന അദ്ഭുത സംഖ്യയിലെത്തി നിൽക്കുന്ന ഇന്ത്യൻ ചിത്രം.
രണ്ടുദിവസം മുമ്പാണ് പുഷ്പ 2-ന്റെ ആഗോള കളക്ഷൻ 1799 കോടി പിന്നിട്ട വിവരം നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചത്. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ കളക്ഷൻ നേടിയതെന്ന് ഇൻഡസ്ട്രി ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്ക് ചൂണ്ടിക്കാട്ടുന്നു. 3.85 കോടിയാണ് പുഷ്പയുടെ അന്നത്തെ വരുമാനം. എങ്കിലും, വരുൺ ധവാൻ്റെ ബേബി ജോൺ, മുഫാസ: ദ ലയൺ കിംഗ് തുടങ്ങിയ ശ്രദ്ധേയമായ മറ്റ് റിലീസുകളെ മറികടന്ന് ബോക്സ് ഓഫീസിൽ പുഷ്പ ആധിപത്യം തുടർന്നു. ഇന്ത്യയിൽനിന്നുമാത്രം ചിത്രം ഇതുവരെ നേടിയത് 1193.6 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയിലൂടെ 20 മില്ല്യണിലേറെ ടിക്കറ്റുകളാണ് പുഷ്പയുടേതായി വിറ്റുപോയത്. തങ്ങളുടെ സോഷ്യൽ മീഡിയയിൽ അവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2016 ഡിസംബറില്‍ പുറത്തിറങ്ങിയ ദംഗല്‍ 700 കോടിയാണ് നേടിയിരുന്നത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ റിലീസ് ചെയ്തതാണ് ദംഗലിനെ ലോക റെക്കോർഡിലെത്തിച്ചത്. 1725 കോടി നേടിയ ബാഹുബലിയെ പിന്തള്ളിയാണ് ദംഗൽ ഈ നേട്ടത്തിലെത്തിയത്. ഫോബ്സാണ് ഈ വിവരങ്ങൾ അന്ന് പുറത്തുവിട്ടത്. ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെയും മക്കളായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും കഥ പറയുന്ന ചിത്രം ലിംഗസമത്വത്തെയും സ്ത്രീ ശാക്തീകരണത്തെയും ഭംഗിയായി അവതരിപ്പിച്ചതാണ് ചൈനീസ് പ്രേക്ഷകരെ കീഴടക്കാന്‍ കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]