
നടിയും സംഗീതജ്ഞയുമായ ആര്. സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ അനുശോചിച്ച് ഛായാഗ്രാഹകൻ പ്രേംജി. തന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് സുബ്ബലക്ഷ്മിയെന്ന് പ്രേംജി പറഞ്ഞു. ഒരു അമ്മയും മകനും പോലെയായിരുന്നുവെന്ന് ഒരുപാട് സിനിമാക്കാര്യങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി. ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന ദിവസം എനിക്ക് ഒരു ഷർട്ട് സർപ്രൈസായി കൊണ്ടുവന്നു തന്ന ആ നിമിഷം ഒരിക്കലും ഞാൻ മറക്കില്ല അമ്മേ. പിന്നീടുള്ള പല തിരക്കുകൾക്കിടയിൽ അമ്മ എന്നെ വിളിച്ച് എന്റെ അന്വേഷണം ചോദികുമ്പോൾ എന്റെ വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നു. എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷം മുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി. തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്ക്.
സിനിമാ സെറ്റിലെ ആർട്ടിസ്റ്റുകൾ കാണുമ്പോൾ ഒരു ഹായ് അല്ലെങ്കിൽ ഒരു ഹലോ പറഞ്ഞു പോകുന്നതുപോലെ അല്ലായിരുന്നു അമ്മ എനിക്ക്.
ഒരിക്കൽ കഥ പറയുവാൻ ഞാൻ അമ്മയുടെ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ അടുത്തിരുത്തി. നമ്മൾ ആദ്യം പരിചയപ്പെട്ടപ്പോൾ അമ്മ പറഞ്ഞു നിന്റെ ലൊക്കേഷനിൽ ഞാൻ ഉണ്ടാകും, മോനെ നീ തീയതി അറിയിച്ചാൽ മാത്രം മതിയെന്ന്.
എന്തോ ഒരു അമ്മയും മകനും പോലെ ഞങ്ങൾ ഒരുപാട് അടുത്തു. ഒരുപാട് സിനിമാക്കാര്യങ്ങൾ എല്ലാം സംസാരിച്ചു. ഇടയ്ക്കിടയ്ക്ക് കാണുമായിരുന്നു, വലിയ സ്നേഹമായിരുന്നു അമ്മക്ക്. അമ്മയുടെ ഈ വിയോഗം എന്നെ ഒരുപാട് വിഷമത്തിലാക്കി, എനിക്ക് കാണണമെന്നുണ്ട്. പക്ഷേ ഞാൻ കാണാൻ വരില്ല അമ്മേ, ജീവനില്ലാത്ത അമ്മയുടെ ശരീരം ഞാൻ കണ്ടാൽ എന്റെ മനസ്സിൽ അമ്മ മരിച്ചു, അല്ലാത്തപക്ഷം അമ്മ ഈ ഭൂമിയിൽ എവിടെയോ ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചോളാം.
ഒരിക്കൽ ഈ ഭൂമിയോട് യാത്ര പറഞ്ഞ് ഞാനും വരുമ്പോൾ ഞാൻ എന്റെ അമ്മയുടെ അടുത്തു വരും വീണ്ടും ഒരു കഥ പറയുവാൻ…
വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951-ല്‍ ഓള് ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള് ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന് തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]