
കഴിഞ്ഞവർഷത്തെ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. 100 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഇപ്പോൾ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു. മേളയ്ക്കെത്തിയ മാളികപ്പുറം ടീം ഗോവ രാജ്ഭവനും സന്ദർശിച്ചു.
ഗോവ ഗവർണർ പി. ശ്രീധരൻ പിള്ളയുടെ ക്ഷണപ്രകാരമാണ് മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഘവും രാജ്ഭവനിൽ എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ അഭിലാഷ് പിള്ള സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഗോവ രാജ്ഭവനിൽ ഗവർണർ ശ്രീധരൻ പിള്ള സാറിനൊപ്പം എന്നാണ് അഭിലാഷ് പിള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു ഐ.എഫ്.എഫ്.ഐയിൽ മാളികപ്പുറം പ്രദർശിപ്പിച്ചത്. പ്രദർശന വേളയിൽ ചിത്രത്തിന്റെ നായകൻ ഉണ്ണിമുകുന്ദൻ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള തുടങ്ങിയവരും മാളികപ്പുറം കാണാൻ എത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘം രാജ്ഭവൻ സന്ദർശിച്ചത്. ശബരിമല കയറി അയ്യപ്പനെ കാണുവാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഉണ്ണി മുകുന്ദനെക്കൂടാതെ ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു. സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി, സമ്പത്ത് റാം, മനോജ് കെ ജയൻ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]