കപ്പേള സിനിമയിലൂടെയായിരുന്നു സംവിധാന അരങ്ങേറ്റം, കോവിഡ് കാലത്ത് പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രതിസന്ധിയിലകപ്പെട്ടെങ്കിലും ഒ.ടി.ടി.യിലെത്തിയതോടെ കപ്പേള സ്വീകരിക്കപ്പെട്ടു. നടന് എന്ന നിലയില്‍ ദേശീയപുരസ്കാരം നേടിയ മുഹമ്മദ് മുസ്തഫ, അങ്ങനെ സംവിധായകനെന്നപേരിലും കൈയടി നേടി. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മുഹമ്മദ് മുസ്തഫ സംവിധാനംചെയ്യുന്ന പുതിയ സിനിമ മുറ പ്രദര്‍ശനത്തിനെത്തുകയാണ്.
സുരാജ് വെഞ്ഞാറമ്മൂട് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് തമിഴ് താരം ചിയാന്‍ വിക്രം നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. മുറയിലെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളോടും നേരില്‍ സംസാരിച്ച വിക്രം ചിത്രത്തിന് വിജയാശംസകളും നേര്‍ന്നു. എച്ച്.ആര് പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മിക്കുന്ന ചിത്രത്തില്‍, മാലാ പാര്‍വതി, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ തിളങ്ങിയ ഹൃദ്ദു ഹാറൂണ്‍, കനി കുസൃതി തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട്. സംവിധായകനായുള്ള രണ്ടാംവരവിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മുസ്തഫ.
മുറ സിനിമയുടെ വിശേഷങ്ങള്‍
തിരുവനന്തപുരത്തെ ഗാങ്സ്റ്റര്‍ സംഘങ്ങളുടെ കഥയാണിത്. ത്രില്ലര്‍ ഡ്രാമ എന്നൊക്കെ പറയാം. കുറെ പുതുമുഖങ്ങള്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്, അതാണ് പ്രത്യേകതയും. താരങ്ങളെ കണ്ടെത്തുന്നതിനായി ഓഡിഷന് വെച്ചിരുന്നു. അതില്‍നിന്ന് കുറച്ചുപേരെ തിരഞ്ഞെടുത്തുവെങ്കിലും നമ്മുടെ കഥാപാത്രങ്ങള്‍ക്ക് പറ്റിയ ആളുകളെ കിട്ടിയിരുന്നില്ല. പിന്നീട് കാംപസുകളിലും നാടകസംഘങ്ങളിലുമൊക്കെയായി പലവഴിക്ക് ഞങ്ങള്‍ അന്വേഷിച്ചിറങ്ങി. അങ്ങനെയാണ് താരങ്ങളെ കണ്ടെത്തിയത്. പിന്നെ സുരാജേട്ടനും മാലാ പാര്‍വതി ചേച്ചിയും കനി കുസൃതിയുമൊക്കെ ഗംഭീരമായ അഭിനയമാണ് കാഴ്ചവെച്ചത്. മാലാ പാര്‍വതി ചേച്ചിയുടെയും സുരാജേട്ടന്റെയും വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. സ്ക്രീന്‍ പ്രസന്‍സ് കുറവാണെങ്കിലും, നല്ല ഡെപ്ത്തുള്ള കഥാപാത്രമാണ് കനിയുടേത്.
കപ്പേള വിജയിച്ചൊരു സിനിമയാണ്. അതുകഴിഞ്ഞ് രണ്ടാമത്തെ സിനിമയെടുക്കുമ്പോള്‍ ഉത്തരവാദിത്തം കൂടുതലായിരിക്കില്ലേ
രണ്ടാമത്തേതാണെങ്കിലും മൂന്നാമത്തേതാണെങ്കിലുമെല്ലാം ഉത്തരവാദിത്തം ഒരുപോലെത്തന്നെയാണ്. സിനിമ ജനങ്ങളിലേക്ക് എത്തണം, അവരത് ഇഷ്ടപ്പെടണം. അതിനായി നന്നേ അധ്വാനിക്കേണ്ടിവരും. ആദ്യത്തെ പടം എന്ന രീതിയില്‍ തന്നെയാണ് ഓരോ സിനിമയും ഞാന്‍ കാണുന്നത്. അത്രയും ആസ്വദിച്ചാണ് ഞാന്‍ സംവിധാനവുംചെയ്യുന്നത്. സത്യത്തില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ സംവിധാനവും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് ക്യാമറയ്ക്കു പിന്നിലെ കാര്യങ്ങള്‍ അറിയാനും പഠിക്കാനും ശ്രമിച്ചിരുന്നു.
അഭിനേതാവില്‍നിന്ന് സംവിധായകനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു
ചെറുപ്പംമുതലേ സിനിമയോടുള്ള ആഗ്രഹം മനസില്‍ കയറിക്കൂടിയതാണ്. കോഴിക്കോട് സര്വകലാശാലയോടുചേര്ന്നാണ് എന്റെ വീട്. സ്കൂളില്‍ പഠിക്കുമ്പോഴും അതിനുശേഷവും കൂട്ടുകാര്‍ക്കൊപ്പം നാടകങ്ങള്‍ കളിച്ചുനടന്നിട്ടുണ്ട്. പാലേരിമാണിക്യത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. അതിനുശേഷം സംവിധായകന് രഞ്ജിത് സാറിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഉറുമി, ലോഹം, തീവണ്ടി, പുണ്യാളന് അഗര്‍ബത്തീസ്, ഐന്‍… തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. പരിചയങ്ങളും ബന്ധങ്ങളുമാണ് എന്നെ മുന്നോട്ടുനയിച്ചത്. ഒടുവില്‍ കപ്പേളയിലൂടെ സംവിധാനത്തിലേക്കും കടന്നു. പക്ഷേ, കപ്പേള റിലീസായി നാലാംദിവസം കോവിഡ് കാരണം തിയേറ്ററുകള്‍ അടച്ചു. അതോടെ ആകെ വിഷമമായി. ആദ്യമായൊരു പടം ചെയ്തിട്ട് ഇങ്ങനെയായല്ലോ എന്ന് ചിന്തിച്ചുപോയി. പടം പിന്നീട് ഒ.ടി.ടി.യില്‍ റിലീസ് ചെയ്തപ്പോള്‍, ഒരുപാട് പേര് കണ്ടു, അഭിപ്രായങ്ങള്‍ പറഞ്ഞു. എനിക്കൊരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്ന സിനിമയാണ് കപ്പേള.
അഭിനയവും സംവിധാനവും ഒരുമിച്ച് തുടരാന്‍ തന്നെയാണോ തീരുമാനം
അഭിനയിക്കാനാരും ഇപ്പോള്‍ വിളിക്കുന്നില്ലെന്നതാണ് സത്യം (ചിരിക്കുന്നു). പിന്നെ ഒന്നരവര്‍ഷമായിട്ട് മുറയുടെ പിന്നാലെയായിരുന്നു. അതിന്റെ എഴുത്തും ചര്ച്ചകളുമൊക്കെയായുള്ള തിരക്കുകള്‍. അതും അഭിനയിക്കാത്തതിന് ഒരു കാരണം തന്നെ. അഭിനയത്തെ അപേക്ഷിച്ച് സംവിധാനം കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലിയാണ്. സാങ്കേതികപരമായി സിനിമ മാറിക്കൊണ്ടിരിക്കയാണ്. ഷൂട്ട് ചെയ്യുന്ന ഉപകരണങ്ങളിലും ആ മാറ്റം കടന്നുവരുന്നുണ്ട്. ആളുകളുടെ അഭിനയത്തിലും കഥ കണ്ടെത്തുന്ന രീതിയിലും പുതുമയുണ്ടാവാം. പക്ഷേ, സിനിമ പൂര്‍ണമായി മാറിയെന്ന് പറയാന്‍ പറ്റില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]