
സിനിമ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകൻ അൽഫോൺസ് പുത്രന്റെ തീരുമാനത്തിനോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. അൽഫോൺസ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നുവെന്നും എന്നാൽ അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭയുടെ സിനിമകൾ പ്രേക്ഷകർക്ക് ഇനിയും കാണണമെന്നും ഹരീഷ് പേരടി പറഞ്ഞു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും സിനിമാ, തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു അൽഫോൺസ് പറഞ്ഞത്.
‘അൽഫോൺസ് താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു. എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം. അതിന് താങ്കൾ സിനിമ ചെയ്തേപറ്റു. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല. നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും. സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന്. നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് . നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മുന്ന് നേരം കഴിക്കാറുള്ളത്. നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്ദ്നായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ. പ്ലീസ് തിരിച്ചുവരിക. ഞങ്ങളെ രക്ഷിക്കുക. നിങ്ങൾ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു. കേരളം മുഴുവൻ കൂടെയുണ്ട്. സിനിമ ചെയ്തേ പറ്റു’, ഹരീഷ് പേരടി കുറിച്ചു.
‘ഞാൻ എന്റെ സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒ.ടി.ടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും’,–അൽഫോൻസ് പുത്രൻ സാമൂഹിക മാധ്യമത്തിൽ ഇങ്ങനെയായിരുന്നു കുറിച്ചത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് അദ്ദേഹം നീക്കം ചെയ്തു.
നൃത്തസംവിധായകൻ സാൻഡിയെ നായകനാക്കി അൽഫോൺസ് പുത്രൻ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇളയരാജയായിരുന്നു സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]