
‘ഒറ്റ’ കണ്ടതിന് പിന്നാലെ സംവിധായകൻ റസൂൽ പൂക്കുട്ടിയെ കാണാനെത്തി ആരാധിക. ജയനി എന്ന യുവതിക്കാണ് സിനിമ കണ്ടതിന് പിന്നാലെ റസൂൽ പൂക്കുട്ടിയെ നേരിൽ കാണണമെന്ന ആഗ്രഹമുണ്ടായത്. തന്റെ ജീവിതവുമായി വളരെ അടുത്ത് നിൽക്കുന്ന, തനിക്കറിയാവുന്ന ഒരുപാട് പേരുടെ ജീവിതം പറഞ്ഞ സിനിമയുടെ സംവിധായകനെ നേരിൽ കാണണമെന്ന ആവശ്യവുമായി ആരാധിക റസൂൽ പൂക്കുട്ടിയെ ഫോണിൽ വിളിച്ചു. തന്റെ സിനിമയ്ക്ക് ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ റസൂൽ പൂക്കുട്ടി അവരോട് താൻ ഇപ്പോൾ കൊച്ചിയിലാണെന്ന് അറിയിച്ചു. അടുത്ത ദിവസം തന്നെ റസൂലിനെ കാണാൻ താൻ എത്തുമെന്ന് അവർ അറിയിക്കുകയും ചെയ്തു.
വിമാനമാർഗം റസൂൽ പൂക്കുട്ടിയെ കാണാൻ അവർ കൊച്ചിയിലെത്തി. കൈ നിറയെ മധുരവുമായെത്തിയ അവരെ അദ്ദേഹം സ്നേഹത്തോടെ സ്വീകരിച്ചു. സിനിമ കണ്ട് തനിക്ക് തോന്നിയതെല്ലാം അവരും തനിക്ക് ലഭിച്ച ഈ അംഗീകാരത്തിന്റെ മധുരത്തെ പറ്റി റസൂലും ഒരുപാട് സംസാരിച്ചു. ജയനിക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് അവരെ റസൂൽ യാത്രയാക്കിയത്.
അതേസമയം, തന്റെ സിനിമയെ മനസ്സിലാക്കാതെ മനഃപൂർവം ഇല്ലാതാക്കാൻ നോക്കുന്നവർക്കിടയിൽ ഇതുപോലുള്ള പ്രേക്ഷകരാണ് തന്റെ വിജയമെന്ന് റസൂൽ പൂക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. റിവ്യൂ ബോംബിങ് നടത്തുന്നവരോട് തനിക്ക് വേണമെങ്കിൽ പ്രതികരിക്കാം, പക്ഷെ അവർക്കൊപ്പം താഴാൻ താൻ തയ്യാറല്ലെന്നും റസൂൽ പറഞ്ഞു.
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമായി എത്തിയ ഒറ്റ ഒരു ഫാമിലി ഡ്രാമയാണ്. ഹരി എന്ന പ്രധാന കഥാപാത്രമായി ആസിഫ് അലിയും ബെൻ ആയി അർജുൻ അശോകനും രാജുവായി ഇന്ദ്രജിത്തുമാണ് ചിത്രത്തിലെത്തുന്നത്. മാതാപിതാക്കളും മക്കളും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടു കാലഘട്ടത്തിലും ഉള്ളവരെ ഒരുപോലെ തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കും. ചിത്രത്തിന്റെ നിർമാതാവ് ഹരിഹരന്റെ യഥാർത്ഥ ജീവിതം കൂടിയാണ് ഒറ്റ.
പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ വർമ്മയാണ് “ഒറ്റ”യുടെ ഛായാഗ്രാഹകൻ. ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്.
എഡിറ്റർ സിയാൻ ശ്രീകാന്ത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -അരോമ മോഹൻ, വി. ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ -സിറിൽ കുരുവിള, സൗണ്ട് മിക്സ് -കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്, ആക്ഷൻ കൊറിയോഗ്രാഫർ -ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം -റിതിമ പാണ്ഡെ, മേക്കപ്പ് -രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ -ഹസ്മീർ നേമം, സ്റ്റിൽസ് -സലീഷ് പെരിങ്ങോട്ടുകര. മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്സ്. കളറിസ്റ്റ് -ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് -ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആർ.ഒ. -മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.
സമൂഹത്തിന്റെ ഒരു നേർകാഴ്ചയാണ് ചിത്രം. തങ്ങളുടെ ജീവിതവുമായി ബന്ധം തോന്നുന്നു എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]