
കൊച്ചി: ഹേമ കമ്മിറ്റിക്ക് മുന്നിൽ പീഡനപരാതികളുൾപ്പെടെ ഉന്നയിച്ചവരിൽ പലരും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യപ്പെടുന്നില്ലെന്നാണ് അറിയിച്ചതെന്ന് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയിൽ. വ്യാഴാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നൽകിയവരെ പ്രത്യേക അന്വേഷണസംഘം വീണ്ടും കണ്ടിരുന്നു. ഇവർ മൊഴികളിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും എന്നാൽ പരാതിയുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് തങ്ങളെ അറിയിച്ചതെന്നും അന്വേഷണസംഘം പറഞ്ഞു.
പോക്സോ കേസുകൾ എടുക്കാവുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഹൈക്കോടതി നിർദേശപ്രകാരം റിപ്പോർട്ടിന്റെ പൂർണരൂപം നേരത്തേ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിനെ തുടർന്ന് ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നടപടി എടുക്കാത്തതിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു.
ഇതിനുശേഷമാണ് മൊഴികളിൽ അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഘത്തിലെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരായ അജിതാ ബീഗവും ജി. പൂങ്കുഴലിയും വ്യാഴാഴ്ച ഹൈക്കോടതിയിൽ ഹാജരായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും തുടർന്ന് ലഭിച്ച മൊഴികളുടെയും അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. എന്നാൽ പരാതിപ്പെടാൻ തയ്യാറാകാത്തവരെ നിർബന്ധിക്കാനാകില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു.
അതേസമയം, വിനോദ മേഖലയ്ക്കായി നിയമനിർമാണ സാധ്യത പരിശോധിക്കുമെന്ന് വനിതാ കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സിനിമ മേഖലക്ക് പുറമേ ടെലിവിഷൻ, ഫാഷൻ, സർക്കസ്, സംഗീതം എന്നീ മേഖലകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാകും നിയമനിർമാണം നടത്തുക. റിപ്പോർട്ടിൽ സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വനിതാ കമ്മിഷന് നിർദേശം നൽകിയിട്ടുണ്ട്. കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]