![](https://newskerala.net/wp-content/uploads/2024/10/1727936735_New20Project-1024x576.jpg)
ലോകപ്രശസ്തമായ മ്യൂസിക് ബാന്റ് കോള്‍ഡ്പ്ലേ 2025 ജനുവരിയില്‍ മുംബൈയില്‍ നടത്തുന്ന സംഗീതപരിപാടിയെ ചൊല്ലി വിവാദങ്ങള്‍ കനക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഇപ്പോള്‍ പോലീസ് കേസിലാണ് എത്തിനില്‍ക്കുന്നത്. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ടിക്കറ്റ് മറിച്ചുവില്‍ക്കാനായി ബാന്റില്നിന്ന് 1.2 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വാങ്ങിയെന്നാണ് ബുക്ക് മൈ ഷോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അനില്‍ മഖിജെ അന്വേഷണ വിഭാഗത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. നീണ്ട ഏഴുമണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗം സീനിയര്‍ ഓഫീസറാണ് വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ച കൂടുതല്‍ ചോദ്യംചെയ്യലിനായി അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളുമായി എത്താന്‍ അനില്‍ മഖിയോട് ഉദ്യാഗസ്ഥര്‍ നിർദേശിച്ചിട്ടുണ്ട്.
2,500 മുതല്‍ 35,000 വരെ രൂപയ്ക്കാണ് ബുക്ക്മൈ ഷോ ആപ്പില്‍ ടിക്കറ്റുകള്‍ വില്പനക്കുള്ളത്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ തേഡ് പാര്‍ട്ടി സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ വമ്പന്‍ വിലയ്ക്ക് ടിക്കറ്റ് വില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബുക്ക് മൈ ഷോ സി.ഇ.ഒ. ആഷിഷ് ഹെമര്ജാനിക്കും കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. സെപ്റ്റംബര്‍ 30-ന് ചോദ്യംചെയ്യലിനായി ആഷിഷ് ഹാജരായിരുന്നു. ടിക്കറ്റിന്റെ അനൗദ്യോഗിക വില്‍പ്പനക്കെതിരെ രംഗത്തെത്തിയ ആരാധകരുടെ ആരോപണങ്ങള്‍ പ്രകാരം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
അപ്രതീക്ഷിത അതിഥിയെ കൊണ്ടുവരുമെന്ന ബുക്ക് മൈ ഷോ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആകാംക്ഷയിലായിരുന്നു ആരാധകര്‍. ബുക്ക് മൈ ഷോ വഴിയുള്ള ഔദ്യോഗിക ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം തീര്‍ന്നുപോയിരുന്നു. ഇതിനെതുടര്‍ന്ന് അനൗദ്യോഗിക ടിക്കറ്റ് വില്‍പ്പന സജീവമായി. ഇതോടെ ആരാധകര്‍ ടിക്കറ്റ് മറിച്ച് വില്‍ക്കുന്ന വയാഗോഗോ(Viagogo) അടക്കമുള്ള മറ്റ് വെബ്സൈറ്റുകളെ ആശ്രയിക്കുകയായിരുന്നു.
തേഡ് പാര്‍ട്ടി സൈറ്റുകളില്‍ പലമടങ്ങ് ഇരട്ടി വിലയിലാണ് ടിക്കറ്റ് ലഭ്യമായത്. 2,500 മുതല്‍ 35,000 രൂപവരെ വിലയുള്ള ടിക്കറ്റുകൾ മൂന്നുലക്ഷംരൂപവരെ നല്കി വെബ്സൈറ്റില്‍നിന്ന് വാങ്ങിയവരുണ്ട്. എന്നാൽ തങ്ങൾക്ക് ഈ സൈറ്റുകളുമായി ബന്ധമില്ലെന്നും പോലീസിനെ സമീപിക്കുമെന്നുമായിരുന്നു ബുക്ക് മൈ ഷോ നേരത്തെ വ്യക്തമാക്കിയിരുന്നത്.
Also Read
‘കോൾഡ് പ്ലേ’ സംഗീതത്തിന്റെ ആവേശത്തിലേക്ക് …
കോള്‍ഡ് പ്ലേ ബാന്‍ഡിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ തിരിമറി നടന്നുവെന്ന് ആക്ഷേപിച്ച് ബുക്ക് മൈ ഷോയ്ക്കെതിരെ യുവമോര്‍ച്ചയും പരാതി നല്‍കിയിരുന്നു. 500 കോടിരൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം.
ജനുവരി 18, മുതല്‍ 21 വരെ നവിമുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാന്‍ഡിന്റെ പരിപാടി നിശ്ചയിച്ചത്. ക്രിസ് മാര്ട്ടിന്, ഗൈ ബെറിമാന്‍, വില്‍ ചാമ്പ്യന്‍, ജോണി ബക്ക്ലാന്‍ഡ്, ഫില്‍ ഹാര്‍വി എന്നിവരടങ്ങുന്ന ബാന്‍ഡിന് ലോകമെങ്ങും ആരാധകരേറെയാണ്. ലോകസഞ്ചാരത്തിന്റെ ഭാഗമായുള്ള ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനുംമാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെങ്കിലും മുംബൈയിലെ യുവത ഇപ്പോഴേ കോള്‍ഡ് പ്ലേ വിസ്മയത്തിലാണ്.
നവിമുംബൈയില്‍, കോള്‍ഡ് പ്ലേ സംഗീതപരിപാടി നടക്കാനിരിക്കുന്ന ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിനുസമീപമുള്ള കോര്‍ട്ട് യാര്‍ഡ് ബൈ മാരിയറ്റ്, താജ് വിവാന്‍ഡ തുടങ്ങിയ ഹോട്ടലുകളിലെ മിക്കവാറും മുറികള്‍ ഈ ദിവസങ്ങളില്‍ വൻതുകയ്ക്കാണ് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഇനി ലഭ്യമായ മുറികള്‍ക്ക് നിലവില്‍ ഒരു രാത്രിക്ക് ഒരുലക്ഷംരൂപയാണ് ഈടാക്കുന്നത്.
2016-ലാണ് കോള്‍ഡ് പ്ലേ ഇന്ത്യയില്‍ മുന്‍പ് പരിപാടി അവതരിപ്പിച്ചത്. ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അത്. ഒന്‍പതുവര്‍ഷത്തിനുശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോള്‍ഡ് പ്ലേ ജനുവരിയിൽ ഇന്ത്യയിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]