2023 ജൂണ്‍ മാസത്തില്‍ ലോകത്തെ നടുക്കിയ സംഭവമായിരുന്നു ടൈറ്റന് ജലപേടക ദുരന്തം. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രാന്തര്‍ഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു ടൈറ്റന്. ജലപേടകവുമായുള്ള ആശയവിനിമയം നിലച്ചതോടെ ദുരന്തം മണത്തു. ഒടുവില്‍ നീണ്ട തിരച്ചിലിനൊടുവില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് തകര്‍ന്ന ടൈറ്റന് ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂടാതെ കടല്‍ത്തട്ടില്‍നിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് യാത്രികരുടെ ശരീരഭാഗങ്ങള്‍ എന്ന് കരുതുന്നവയും കണ്ടെടുത്തു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റന്. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്.
ടൈറ്റന് ദുരന്തത്തെ ആസ്പദമാക്കി ഒരു ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. മൈന്‍ഡ്റയറ്റ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രഖ്യാപിച്ചത്. ഇ ബ്രയാന്‍ ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ജസ്റ്റിന് മഗ്രേഗര്‍, ജോനാഥന് കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.
ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ആ ചിത്രമെന്ന് ജോനാഥന് കേസി പറഞ്ഞു. സത്യമാണ് വലുത്. ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ചിത്രത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 18 ന് യാത്ര ആരംഭിച്ച് അല്പനേരത്തിനുള്ളില്ത്തന്നെ ടൈറ്റനുമായുള്ള ആശയവിനിമയം മാതൃപേടകത്തിന് നഷ്ടമായിരുന്നു. ആദ്യഘട്ടത്തില്‍ ടൈറ്റനെക്കുറിച്ചും യാത്രക്കാരെക്കുറിച്ചും പ്രതീക്ഷയുണ്ടായിരുന്നു. തിരച്ചില്‍ 96 മണിക്കൂറും കടന്നപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് തകര്ന്നതായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.
ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന് സുലേമാന് എന്നിവരും ടൈറ്റന് ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്വിദഗ്ധന് പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.
ടൈറ്റാനികിന്റെ സംവിധായകനും ആഴക്കടല്‍ പര്യവേക്ഷകനുമായ ജെയിംസ് കാമറൂണ്‍ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശവുമായി രംഗത്ത് വന്നിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം ഞെരിഞ്ഞമര്‍ന്ന് തകര്‍ന്ന ടൈറ്റന് പേടകം മുന്നറിയിപ്പുകളെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ആഴക്കടലിലേക്കുള്ള പേടകങ്ങളുണ്ടാക്കുന്ന എന്‍ജിനിയര്‍മാര്‍ ടൈറ്റന് പേടകം ഉപയോഗിച്ച് ഓഷ്യന്‍ഗേറ്റ് കമ്പനി നടത്തുന്നത് അപകടകരമായ പരീക്ഷണങ്ങളാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അവര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു. അപകടത്തിന് ടൈറ്റാനിക് ദുരന്തവുമായുള്ള സാമ്യത ഞെട്ടിക്കുന്നതാണ്. മുന്നിലുള്ള മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പുലഭിച്ചിട്ടും കപ്പല്‍ മുന്നോട്ടെടുത്തതാണ് ടൈറ്റാനിക് അപകടത്തിന് കാരണം. അതുപോലെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അതേസ്ഥലത്ത് വീണ്ടും അപകടമുണ്ടാക്കിയത്. അതിമര്‍ദംമൂലം ഞെരിഞ്ഞമര്‍ന്നുതകരുന്ന പേടകങ്ങളുടെ അപകടസാധ്യതയാണ് എന്നും എന്‍ജിനിയര്‍മാരുടെ മനസ്സില്‍ ആദ്യമെത്തുക. സമുദ്രപര്യവേക്ഷണ രംഗത്തെത്തിയ നാള്‍മുതല്‍ ഈയൊരു പേടിസ്വപ്നവുമായാണ് ജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Titan submersible tragedy, a film to be made, MindRiot Entertainment, titan implosion victims
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]