‘‘ദേ നോക്കിയേ, ഇതുപോലെ രോമം എഴുന്നേറ്റ് വരുന്നതിന് മലയാളത്തിൽ എന്താണ് പറയുന്നത്?…’’ ഒരു കൈകൊണ്ട് മറുകൈ തഴുകി ജയം രവി ചോദിക്കുമ്പോൾ ആ മുഖത്ത് വികാരങ്ങളുടെ വലിയ കടൽതന്നെയുണ്ടായിരുന്നു. ചോദ്യത്തിന് ഉത്തരമായി ‘രോമാഞ്ചം’ എന്നുപറഞ്ഞപ്പോൾ ജയം രവി അത് അനുഭവിച്ചതുപോലെ പുഞ്ചിരിച്ചു. ‘‘മലയാള സിനിമ എത്രയോ മനോഹരമാണ്. ചില സിനിമകളൊക്കെ കണ്ട് എനിക്ക് രോമാഞ്ചം തോന്നിയിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കണമെന്നുള്ളത് എപ്പോഴും എന്റെ വലിയ മോഹങ്ങളിലൊന്നാണ്.’’ എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ കണ്ടുമുട്ടുമ്പോൾ മലയാള സിനിമയെക്കുറിച്ചാണ് ജയം രവി ഏറെ വാചാലനായത്. ഇരൈവൻ എന്ന പുതിയ സിനിമയുടെ റീലീസിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ജയം രവി വിശേഷങ്ങൾ പങ്കിട്ട് ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.
എന്റെ സിനിമാകരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഇരൈവനിൽ ചെയ്തിരിക്കുന്നത്. ഇതിന്റെ കഥയുമായി സംവിധായകൻ അഹമ്മദ് എന്റെയരികിൽ വന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് എനിക്ക് ഇതിൽ എന്ത് വ്യത്യസ്തമായി ചെയ്യാനുണ്ടെന്നായിരുന്നു. കഥമുഴുവൻ കേട്ടപ്പോൾ എനിക്ക് അതിന്റെ ഉത്തരം കൃത്യമായി കിട്ടി. കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പഴുതുകളിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ ഏറ്റുമുട്ടലുകളിലൂടെ കൊല്ലുന്ന പോലീസ് ഓഫീസറുടെ വേഷമാണ് ഞാൻചെയ്യുന്നത്. ഒരു കില്ലറുടെ സൈക്കോളജിയും അവനെ പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ സൈക്കോളജിയും ഈ ചിത്രം ഒരുപോലെ തുറന്നുകാട്ടുന്നുണ്ട്. അതുതന്നെയാണ് ഈ സിനിമയുടെ കാതൽ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാക്ഷസൻ,വേട്ടയാട് വിളൈയാട് തുടങ്ങിയ സിനിമകളിലൊക്കെ കണ്ട സൈക്കോളജിയുടെ മറ്റൊരു തലമാണ് ഇതിൽ വർക്ക് ചെയ്തിരിക്കുന്നത്. തനി ഒരുവൻ എന്ന സിനിമയ്ക്കുശേഷം ഞാനും നയൻതാരയും ഒന്നിക്കുന്ന സിനിമകൂടിയാണിത്.
ജയം ടു ഇരൈവൻ
ജയം എന്ന സിനിമയാണ് എന്റെ കരിയറിലെ വഴിതുറന്നത്. ആ സിനിമയുടെ പേരിൽതന്നെ പിന്നീടുള്ള കാലംമുഴുവൻ അറിയപ്പെടുന്നതും സന്തോഷംതന്നെയാണ്. ജയം രവി എന്ന് ആളുകൾ വിളിക്കുന്നത് ഞാൻ ബോധപൂർവം അംഗീകരിച്ച കാര്യംകൂടിയാണ്. അതേസമയം, ആദ്യസിനിമയിൽനിന്ന് ഇപ്പോഴത്തെ സിനിമയിലേക്ക് എത്തുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുള്ള പ്രധാന കാര്യം മറ്റൊന്നാണ്. ‘എന്തുമാറി, എന്തു മാറിയില്ല’ എന്നതാണ് ആ ചോദ്യം. ഓരോസിനിമയിലും കഥാപാത്രങ്ങൾക്കായി ഞാൻ പരമാവധി മാറിയിട്ടുണ്ട്. എന്നാൽ, സിനിമ വിജയംവരിക്കുന്നതോടെ എന്റെ പേഴ്സണൽ ജീവിതത്തിലും സ്വഭാവത്തിലും മാറ്റമൊന്നും വന്നിട്ടില്ല എന്നും കരുതുന്നു. ഓരോ സിനിമചെയ്യുമ്പോഴും അത് എന്റെ ആദ്യ സിനിമയാണെന്ന് കരുതിയാണ് ആ കഥാപാത്രത്തിലേക്കെത്തുന്നത്. കാരണം, ഓരോസിനിമയും ഓരോ പാഠമാണ്. നമ്മൾ എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുന്നതാണ് മികച്ചസിനിമകൾ സൃഷ്ടിക്കാനുള്ള ലളിതമായ മാർഗം.
നയൻതാരയും ഭാവനയും
മലയാളത്തിൽനിന്നുള്ള മികച്ച അഭിനേത്രികൾക്കൊപ്പം വർക്ക് ചെയ്യാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. വളരെ പ്രൊഫഷണലായ അഭിനേത്രിയാണ് നയൻതാര. അവർക്കൊപ്പം അഭിനയിക്കുമ്പോൾ സഹതാരത്തിന് കിട്ടുന്ന പ്രൊഫഷണലിസവും എനർജിയും അപാരമാണ്. ഭാവനയാണ് മലയാളത്തിൽനിന്ന് എനിക്ക് പ്രിയങ്കരിയായ മറ്റൊരു നടി. പ്രിപ്പറേഷൻപോലും ചെയ്യാതെ വളരെ നാച്വറലായി അഭിനയിക്കാൻകഴിയുന്ന ഒരാളാണ് ഭാവന. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ അതിന്റെ മാക്സിമത്തിൽ കഠിനാധ്വാനംചെയ്യാൻ അവർ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. വളരെ പ്രൊഫഷണലായി തന്റെ കരിയർ അസിൻ പരിപാലിക്കുന്നത് കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ട്. മേക്കപ്പിലും വസ്ത്രത്തിലുമൊക്കെ സൂക്ഷ്മമായ കാര്യങ്ങളിൽപോലും അസിൻ പുലർത്തുന്ന ശ്രദ്ധ അപാരമാണ്. തനിക്ക് തൃപ്തിയാകുന്നതുവരെ എത്ര റീടേക്ക് എടുക്കാനും അസിന് മടിയില്ല. അതിന് അവർ ചെലവഴിക്കുന്ന സമയവും അധ്വാനവും കാണുമ്പോൾ വലിയബഹുമാനം തോന്നിയിട്ടുണ്ട്.
തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവൽ
സിനിമ എന്നത് ഒരിക്കലും പഠിച്ചുതീരാത്ത വലിയൊരു പാഠമാണ്. എന്റെ സിനിമാബോധത്തിന് തെളിച്ചം നൽകുന്നതിൽ വലിയ പങ്കുവഹിച്ച ഒന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഐ.എഫ്.എഫ്.കെ.യിൽ പങ്കെടുക്കാൻ പലതവണ ഞാൻ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. അന്നൊക്കെ ഞാൻ ഒട്ടും പ്രശസ്തനല്ലാത്തതുകൊണ്ട് സാധാരണക്കാരനെപ്പോലെ വന്ന് സിനിമകൾ കാണാൻ സാധിച്ചിരുന്നു. ഞാൻ എന്നും സിനിമയുടെ ആരാധകനും വിദ്യാർഥിയുമാണ്. തിരുവനന്തപുരത്തെ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കേരളത്തിൽ ചെലവഴിച്ച ദിനങ്ങളൊക്കെ രസകരമായിരുന്നു. കേരളത്തിൽ വരുമ്പോഴൊക്കെ തീരപ്രദേശത്തേക്ക് പോകാനാണ് കൂടുതൽ ഇഷ്ടം. കേരളത്തിന്റെ തീരസൗന്ദര്യം എത്ര നുകർന്നാലും മതിവരില്ല.
പൊന്നിയിൻ ശെൽവനും മണിരത്നവും
മണിരത്നത്തിന്റെ പൊന്നിയിൻ ശെൽവൻ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ അത് ജീവിതത്തിലെ ഏറ്റവുംവലിയ നഷ്ടമാകുമായിരുന്നു. ഒരു ചരിത്രസിനിമയിൽ അഭിനയിച്ച് ആ കഥാപാത്രത്തെ വിജയിപ്പിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. മുൻകാലങ്ങളിൽ ആളുകൾ എങ്ങനെ ജീവിച്ചു, അവർ എങ്ങനെ പെരുമാറി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു വിവരവുമുണ്ടാകില്ല. പത്താം നൂറ്റാണ്ടിൽ ചോളസാമ്രാജ്യം ഭരിച്ചിരുന്ന രാജരാജ ചോളൻ തമിഴർക്ക് അവരുടെ രാജാവാണ്. ആ കഥാപാത്രമായി ഞാൻ മാറുമ്പോൾ ചെറിയൊരു പാളിച്ചപോലും തമിഴർ ക്ഷമിക്കില്ല. കഴിഞ്ഞ ആയിരം വർഷത്തിനിടയിൽ ആരുംചെയ്യാത്ത ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സമ്മർദം സ്വാഭാവികമായിരുന്നു. പക്ഷേ, രാജരാജ ചോളനെപ്പോലെ ജീവിക്കാനും ദൃശ്യവത്കരിക്കാനും ശ്രമിക്കണമെന്ന് മണിരത്നം സാർ എന്നോട് എപ്പോഴും പറഞ്ഞുതന്നിരുന്നു. ഒരു കൊച്ചുകുട്ടിയെ കൈപിടിച്ച് യാത്രയ്ക്ക് കൊണ്ടുപോകുന്നതുപോലെയായിരുന്നു അദ്ദേഹം എന്നെ കഥാപാത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കിലുക്കവും അയ്യപ്പനും കോശിയും
മലയാളസിനിമ എനിക്ക് എന്നും ഏറെ പ്രിയപ്പെട്ട ഇടമാണ്. കിലുക്കം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ സിനിമകളൊക്കെ കണ്ട് ഞാൻ എത്ര രസിച്ചിട്ടുണ്ടെന്നോ. ഈ സിനിമകളിലൊക്കെ മോഹൻലാൽ കാഴ്ചവെച്ച അഭിനയം എത്ര രസകരമാണ്. പ്രേമം എന്ന മലയാളസിനിമകണ്ട ഞാൻ ലൂസിഫർ എന്ന സിനിമ കണ്ടപ്പോൾ മലയാളസിനിമയുടെ വൈവിധ്യ ലോകത്തെപ്പറ്റിയാണ് ആലോചിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമകണ്ട് ഞാൻ ഏറെ ത്രില്ലടിച്ചിട്ടുണ്ട്. ഇത്ര വൈവിധ്യമുള്ള സബ്ജക്ടുകൾ മലയാളത്തിലല്ലാതെ മറ്റെവിടെയാണുള്ളത്. മലയാളത്തിലെ കോമഡിസീനുകളിൽവരെ അഭിനേതാക്കൾ പുലർത്തുന്ന ആത്മസമർപ്പണവും പ്രതിഭയും അപാരമാണ്. ചില മലയാളസിനിമകൾ കണ്ടപ്പോൾ ശരിക്കും ഞാൻ രോമാഞ്ചം അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിൽ അഭിനയിക്കുകയെന്നത് എന്റെ വലിയ മോഹങ്ങളിലൊന്നാണ്. മികച്ച കഥാപാത്രവുമായി മലയാളത്തിലേക്ക് എത്രയുംപെട്ടെന്ന് എത്തണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]