
കൊച്ചി: തനിയ്ക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന തനിയ്ക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നിൽ തെറ്റായ ഉദ്ദേശ്യങ്ങളുണ്ട്. താൻ നിരപരാധിയാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അഡ്വ. പി. വിജയഭാനു മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
15 വർഷം മുമ്പത്തെ സംഭവത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിനും പിന്നിലുള്ള നിരാശയും അമർഷവുമാണ് നടിയുടെ ഇപ്പോഴത്തെ പരാതിയ്ക്ക് പിന്നിൽ. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പ് സംഭവം നടന്നെന്ന് പറയുന്ന സമയത്ത് (2009) ജാമ്യം ലഭിക്കുന്നതായിരുന്നെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രഞ്ജിത്ത് പറയുന്നു.
ബംഗാളി നടിയാണ് രഞ്ജിത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗികലക്ഷ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
നടിയുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന സമയം മുഴുവൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരായിരുന്ന ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, പ്രൊഡ്യൂസർ സുബൈർ, ഓഫീസ് അസിസ്റ്റന്റ് ബിജു എന്നിവർ സന്നിഹിതരായിരുന്നെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ശങ്കർ രാമകൃഷ്ണനാണ് പ്രൊജക്ടിനെ കുറിച്ച് നടിയുമായി സംസാരിച്ചത്. എന്നാൽ, ശങ്കർ രാമകൃഷ്ണനെ കുറിച്ച് നടിയുടെ പരാതിയിൽ പരാമർശമില്ലാത്തത് സംശയാസ്പദമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]