
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമലാപോൾ. വളരെ അസ്വസ്ഥതയുളവാക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാത്തവർക്കെതിരായാണ് ആരോപണങ്ങളെന്ന് അറിഞ്ഞതായും ഇതിനൊരു ന്യായീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ഡബ്ല്യൂ.സി.സി ശക്തമായി പ്രവർത്തിച്ചു. അവരുടെ കഠിനാധ്വാനം ഇതിനുപിന്നിലുണ്ട്. ‘അമ്മ’യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകൾ വരണം. എല്ലായിടത്തും അമ്പത് ശതമാനമാണല്ലോ സ്ത്രീകൾ വരേണ്ടത്. ഭാവിയിൽ ഇപ്പോഴുണ്ടായതുപോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകൾ മുന്നിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അമലാ പോൾ പറഞ്ഞു.
അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസ് ആണ് അമലാ പോൾ നായികയായെത്തി ഒടുവിൽ പുറത്തിറങ്ങിയ മലയാളചിത്രം. ആസിഫ് അലി നായകനായെത്തിയ ചിത്രത്തിൽ ഷറഫുദ്ദീനായിരുന്നു മറ്റൊരു പ്രധാനവേഷത്തിൽ.