
കൊച്ചി: ഫെഫ്കയിൽനിന്ന് കൂടുതൽ പ്രമുഖരെ രാജിവെപ്പിക്കാൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമംതുടങ്ങി. മുതിർന്ന സംവിധായകരെയടക്കം ബന്ധപ്പെടുന്നുണ്ട്. ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ നിലപാടുകളോട് എതിർപ്പുള്ള ചിലർ രാജിതീരുമാനത്തിലേക്ക് നീങ്ങുന്നതായും അറിയുന്നു.
പ്രത്യക്ഷത്തിൽ ആഷിഖ് അബു മാത്രമേ ഉണ്ണികൃഷ്ണനെതിരേ രംഗത്തുവന്നിട്ടുള്ളൂ. അദ്ദേഹത്തിനൊപ്പം മലയാളസിനിമയിലെ ന്യൂജനറേഷൻ പ്രതിനിധികളായവരൊന്നും ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. അമൽനീരദ്, അൻവർ റഷീദ്, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ദിലീഷ് നായർ തുടങ്ങിയവർ നിശ്ശബ്ദരാണ്. ഇവർ ആഷിഖ് അബുവിൽനിന്ന് അകന്നുവെന്നും അദ്ദേഹത്തിന് ഒരാളുടെപോലും പിന്തുണയില്ലെന്നുമാണ് ഫെഫ്കയുടെ ഔദ്യോഗികനേതൃത്വത്തോട് അടുപ്പമുള്ളവർ അവകാശപ്പെടുന്നത്. സംവിധായകൻ വിനയനെ മുൻനിർത്തിയാണ് ആഷിഖിന്റെ യുദ്ധം. ഫെഫ്കയിൽനിന്ന് കൂടുതൽപ്പേരെ അടർത്തിയെടുത്തശേഷം വിനയന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടനയാണ് ആഷിഖ് അബുവിന്റെ ലക്ഷ്യമെന്നാണ് വിവരം. വിനയൻ ഇതുവരെ മനസ്സുതുറന്നിട്ടില്ല. എങ്കിലും ഉണ്ണികൃഷ്ണനെ സർക്കാരിന്റെ സിനിമാനയരൂപവത്കരണ സമിതിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചുകൊണ്ട് അദ്ദേഹവും ഒരു പോർമുഖം തുറന്നുവെച്ചിട്ടുണ്ട്.
ഇതിനിടെ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കുന്നത് സംബന്ധിച്ച് എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ചചെയ്യാനിരിക്കെയാണ് സംവിധായകന്റെ രാജിയെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു. വർഷങ്ങളായി അംഗത്വഫീസ് കുടിശ്ശികവരുത്തിയ ആഷിഖ് അബു അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിനുശേഷം രാജി പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നതായും ഫെഫ്ക ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]