
ചെന്നൈ: ‘നീലക്കുയിൽ’ സിനിമയിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദക മനസ്സിൽ ഇടംപിടിച്ച കോഴിക്കോട് പുഷ്പ(84) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് ചെന്നൈ കൊട്ടിവാക്കത്തെ വസതിയിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായ ‘നീലക്കുയിലിൽ (1954) ‘കടലാസു വഞ്ചിയേറി, കടലുംകടന്നുകേറി കളിയാടുമിളംകാറ്റിൽ ചെറുകാറ്റുപായ പാറി….’ എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തയാക്കിയത്. പി. ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതംപകർന്ന ഈ ഗാനംപാടുമ്പോൾ പുഷ്പയ്ക്കു 14 വയസ്സായിരുന്നു.
1953-ൽ ‘ലോകനീതി’ എന്ന സിനിമയിൽ അഭയദേവ് – ദക്ഷിണാമൂർത്തി ടീമിനുവേണ്ടി രണ്ടു പാട്ടുകൾ പാടിയെങ്കിലും ശ്രദ്ധനേടിയില്ല. അതിനുശേഷമാണ് നീലക്കുയിലിലേക്കുള്ള അവസരം.
1950-ൽ കോഴിക്കോട് ആകാശവാണിയിൽ പുഷ്പയുടെ ‘സുലളിത സുമധുര’ എന്ന ലളിതഗാനാലാപനം കേട്ടാണ് പി. ഭാസ്കരൻ നീലക്കുയിലിൽ പാടാൻ വിളിക്കുന്നത്. ‘നീലക്കുയിലി’നു ശേഷം ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയെങ്കിലും അതിനിടയിൽ പുഷ്പ വിവാഹിതായി.
തലശ്ശേരിയിലാണ് പുഷ്പയുടെ തറവാട്. കോഴിക്കോട് മാവൂർ റോഡിനടുത്ത് ജാനകീമന്ദിരം വീട്ടിലാണ് ജനിച്ചതും വളർന്നതും. മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്സ് എന്നപേരിൽ കച്ചേരികൾ അവതരിപ്പിച്ചിരുന്നു. അവരിൽനിന്നാണ് പുഷ്പയുടെ സംഗീതപഠനം.
പുഷ്പയുടെ ഭർത്താവ് കെ.വി. സുകുരാജൻ നേരത്തെ മരിച്ചു. മക്കൾ: പരേതനായ പുഷ്പരാജ് വാചാലി, സൂര്യ, സൈറ, മരുമക്കൾ: രാജി വാചാലി, രാംദേവ്, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നൈ ബസന്ത്നഗർ ശ്മശാനത്തിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]