
സംവിധായകൻ വിഗ്നേഷ് ശിവനും ഭാര്യയും നടിയുമായ നയൻതാരയും മക്കൾക്കൊപ്പം ഹോങ് കോങ്ങിലാണുള്ളത്. സകുടുംബ യാത്രയുടെ ഭാഗമായി ഇവർ ഇവിടത്തെ ഡിസ്നി ലാൻഡ് റിസോർട്ട് സന്ദർശിച്ചിരുന്നു. ഈ പ്രദേശം തനിക്ക് ചില ഓർമകൾ നൽകുന്നതാണെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
2012-ലാണ് വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാനംചെയ്ത ‘പോടാ പോടീ’ എന്ന ചിത്രം റിലീസായത്. ചിമ്പുവും വരലക്ഷ്മി ശരത്കുമാറുമായിരുന്നു മുഖ്യവേഷങ്ങളിൽ. ഈ ചിത്രത്തിന്റെ ചില രംഗങ്ങൾ ഷൂട്ട് ചെയ്യാനുള്ള അനുമതി തേടിയായിരുന്നു അന്ന് വിഘ്നേഷ് ഇവിടെയെത്തിയത്. ഇതേക്കുറിച്ച് വികാരനിർഭരമായ പോസ്റ്റാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
“പോടാ പോടിയുടെ ചിത്രീകരണത്തിന് അനുമതി തേടി 12 വർഷം മുൻപാണ് ഇവിടെയെത്തിയത്. അതും ചെരിപ്പും കയ്യിൽ വെറും 1000 രൂപയുമായി. ഇന്ന് എന്റെ കുഞ്ഞുങ്ങൾക്കൊപ്പം ഇവിടെ നിൽക്കുമ്പോൾ ഏറെ വൈകാരികതയും സംതൃപ്തിയും തോന്നുന്നു.” വിഘ്നേഷ് എഴുതി. മക്കൾക്കും നയൻതാരയ്ക്കുമൊപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതേ യാത്രയുടെ ചിത്രങ്ങൾ നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മഴയത്ത് കുടചൂടി തെരുവിലൂടെ നടക്കുന്നതും കൈകോർത്തുപിടിച്ച് നടക്കുന്നതും മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലവ് ഇൻഷുറൻസ് കോർപ്പറേഷൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. അതേസമയം മൂന്ന് ചിത്രങ്ങളാണ് നയൻതാരയുടേതായി വരാനിരിക്കുന്നത്. ടെസ്റ്റ്, മണ്ണാങ്കട്ടി സിൻസ് 1960 എന്നീ തമിഴ് ചിത്രങ്ങളും നിവിൻ പോളിക്കൊപ്പമുള്ള ‘ഡിയർ സ്റ്റുഡന്റ്സു’മാണാ ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]