
എഴുതാന്‍ പോകുന്നത് മമ്മൂട്ടിയെക്കുറിച്ചാണ്. പതിവുപോലെ ആ മൂന്ന് കുന്നുകളുടെ ഉപമ മനസ്സില്‍ ഉയരുന്നു. അത് ആദ്യമായി തോന്നിയപ്പോള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘മമ്മൂട്ടി എന്ന വാക്ക് എഴുതുമ്പോഴൊക്കെ ഞാന്‍ കുഞ്ഞുന്നാളില്‍ വരച്ച കുന്നുകളെ ഓര്‍ക്കും. ആ പ്രായത്തിലുള്ള ഏതൊരു കുട്ടിയും വരയ്ക്കുന്നതുപോലെ പിറകില്‍ ഒരു സൂര്യനും അടുത്തൊരു തണല്മരവുമുള്ള മൂന്ന് കുന്നുകള്‍. ഓരോ തവണ മമ്മൂട്ടിയെ കാണുമ്പോഴും വെയിലേറ്റും തണലേറ്റും പലപലകുന്നുകള് കയറിയിറങ്ങും. കായല്‍, ഓളങ്ങളെ ചിട്ടപ്പെടുത്തുന്നതുപോലെയും ഒരു ഓര്‍ക്കസ്ട്ര കണ്ടക്ടര്‍ സ്വരസ്ഥാനങ്ങളെ വായുവില്‍ വിരിയിക്കുന്നതുപോലെയും ആരോഗ്യവാനായ മനുഷ്യന്റെ നെഞ്ചിടിപ്പുപോലെയുമുള്ള താളനിബദ്ധമായ കയറിയിറക്കം. ഉച്ചിയിലെത്തുമ്പോള്‍ താഴ്വരകളെ കാണും. താഴെയിറങ്ങുമ്പോള്‍ വീണ്ടും കയറാന്‍ തോന്നും.
പേരില്‍ തന്നെ മൂന്ന് കുന്നുകളെ ഒളിപ്പിച്ചുവച്ചിരിക്കുന്നു, അദ്ദേഹം. മൂന്ന് ‘മ’ കള്‍ ചേരുമ്പോഴുള്ള കാനനഛായ. ആദ്യ കാഴ്ചയില്‍ ആരെയും ഒന്നാമത്തെ കുന്ന് കയറ്റില്ല. മിണ്ടില്ല..നോക്കില്ല..ചിലപ്പോള്‍ ക്രൂരമായി അവഗണിക്കും. പക്ഷേ കൃത്യതയോടെ അളന്നെടുക്കുന്നത് നമ്മളറിയില്ല. അതുതാണ്ടിയാല് അടുത്തുനില്കുന്ന രണ്ടാമത്തെ കുന്നിലേക്ക് പ്രവേശനം കിട്ടും. അവിടെയുള്ള മമ്മൂട്ടി തലേന്ന് ഒരുപാട് സംസാരിച്ച് പിരിഞ്ഞയാളാണെങ്കിലും പിറ്റേന്ന് കാണുമ്പോള്‍ എല്ലാ അടുപ്പവും അലസമായ കൈവീശലില്‍ ഒതുക്കും. ഇതൊക്കെ കണ്ട് തിരിച്ചിറങ്ങിപ്പോകുന്നവര്ക്ക് നഷ്ടം അതീവഹൃദ്യമായ മൂന്നാമത്തെ പുല്‍മേടാണ്. അതാണ് യഥാര്‍ഥ മമ്മൂട്ടി.’
കഴിഞ്ഞ ദിവസത്തെ പ്രഭാതം മമ്മൂട്ടിക്കൊപ്പമായിരുന്നു. ആ മൂന്നുകുന്നുകള്‍ കയറി മൂന്നുപേര്‍ വരുന്നത് അടുത്തുനിന്നുകണ്ടു. മൂന്നുദേശങ്ങള്‍, പ്രായങ്ങള്, പദവികള്‍ താണ്ടിയെത്തിയവര്‍. എല്ലാ സെറ്റുകളിലും ഇത്തരം സന്ദര്‍ശകരുണ്ടാകും. അവരില്‍ പലരും പലപ്പോഴും ഒന്നാമത്തെ കുന്ന് കയറാനാകാതെ നിരാശരായി മടങ്ങിപ്പോകുന്നത് നോക്കിനിന്നിട്ടുണ്ട്. മറ്റുചിലര്‍ രണ്ടാമത്തെ കുന്നിന്‍പുറത്തുവച്ച് നേരിട്ട നിസ്സംഗതയില്‍ മനംമടുത്തോ, ഈഗോയ്ക്ക് മുറിവേറ്റോ ഇറങ്ങിപ്പോകും. പക്ഷേ മൂന്നാമത്തെ ‘മ’ യാണ് യഥാര്‍ഥ മമ്മൂട്ടി. രണ്ടെണ്ണത്തിനുശേഷം വരുന്നതും പുറമേ നിന്ന് നോക്കിയാല്‍ മറ്റൊന്നാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതുമായ മൂന്നാമത്തെ ‘മ’. എറെ പ്രയാസപ്പെട്ട് കയറിയിറങ്ങുന്നവര്‍ക്ക് മാത്രം എത്തിപ്പെടാനാകുന്ന അതിമനോഹരമായ മൂന്നാമത്തെ കുന്ന്. ആ കുന്നിന്മുകളില് വച്ചായിരുന്നു അവര്‍ മൂവരും മമ്മൂട്ടിയെ കണ്ടത്.
മമ്മൂട്ടിയുടെ വെളുത്തനിഴല് എന്ന വിളിക്കാവുന്ന ആന്റോ ജോസഫ് നിര്‍മിക്കുന്ന സിനിമയുടെ സെറ്റാണ്. മോഹന്ലാലിനെക്കൂടിച്ചേര്ത്ത് ആന്റോ ഒരുക്കുന്ന, സിനിമാഭാഷയില്‍ ബ്രഹ്മാണ്ഡം എന്ന് വിളിക്കാവുന്ന സിനിമ. അവിടേക്ക് മമ്മൂട്ടിയെത്തുമ്പോള്‍ പത്താംനിലയില്‍ ഒരാള്‍ കാത്തിരിപ്പുണ്ടായിരുന്നു. ജിന്സണ് ആന്റോ ചാള്‍സ് എന്നായിരുന്നു അയാളുടെ പേര്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു ജിന്സണ് എന്ന പാലാക്കാരന് പയ്യന്. കാഴ്ചപരിമിതര്‍ക്കായി ആശുപത്രിയുമായി ചേര്‍ന്ന് മമ്മൂട്ടി ‘കാഴ്ച’ എന്നുപേരിട്ട പദ്ധതി ആരംഭിച്ച കാലം.
മമ്മൂട്ടി അന്ന് ജിന്സണ് വെള്ളത്തിരശ്ശീലയില് മാത്രം കണ്ടുപരിചയമുള്ള ഒരാളായിരുന്നു. പാലായിലെ അച്ചായന്മാരെപ്പോലെ വെളുത്ത ജൂബ്ബയിടുകയും വെല്ലുവിളിക്കുകയും വില്ലന്മാരുടെ മസ്തകത്തിലേക്ക് വാക്കിനെ തോക്കാക്കി നിറയൊഴിക്കുകയും ചെയ്യുന്ന പൗരുഷപ്രതീകം. കാഴ്ചയിലും കേള്‍വിയിലും നടപ്പിലും നടിപ്പിലും ഉടുപ്പിലും ഉടലിലുമായി യൗവനത്തെ ഉടനീളം ഉന്മാദിയാക്കിയ ഉദാത്തനായകന്. പക്ഷേ അതിനുമപ്പുറമുള്ള മമ്മൂട്ടിയെയാണ് ജിന്സണ് ഇഷ്ടപ്പെട്ടത്. ആ മമ്മൂട്ടിയിലുള്ള മൂന്ന് ‘മ’ കളും ‘മനുഷ്യന്’ എന്ന വാക്കിന്റെ ആദ്യക്ഷരത്തിലുള്ളതായിരുന്നു.
‘കാഴ്ച’യുടെ ഭാഗമായുള്ള നേത്രചികിത്സാക്യാമ്പുകളിലെ വിദ്യാര്‍ഥി വോളന്റിയര്‍മാരെ നയിച്ച ജിന്സണ് മമ്മൂട്ടി, കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധപ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അതിന്റെ മുന്‍നിരപ്രവര്‍ത്തകനായി. പിന്നീട് ജീവിതം കരയ്ക്കടുപ്പിക്കാനായി കടല്‍കടന്ന് ഓസ്ട്രേലിയയിലെത്തിയപ്പോഴും മമ്മൂട്ടിയെന്ന വാക്കിലെ മനുഷ്യത്വത്തെ മറന്നില്ല. കെയര്‍ ആന്റ് ഷെയര്‍, പ്രവാസിമലയാളികള്‍ക്കും നാട്ടിലുള്ള അവരുടെ മാതാപിതാക്കള്‍ക്കുമായി ‘ഫാമിലി കണക്ട്’ എന്ന പദ്ധതി ആരംഭിച്ചപ്പോള്‍ ജിന്‍സണായി ഓസ്ട്രേലിയയിലെ കോ ഓര്‍ഡിനേറ്റര്‍. അവിടത്തെ മലയാളിസമൂഹം മാത്രമല്ല ജിന്സണിലെ സാമൂഹികസേവകനെ കണ്ടത്. അതിന്റെ തെളിവ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിപ്പട്ടികയായിരുന്നു.
കൊച്ചിയിലെ സിനിമാസെറ്റില്‍, പത്താംനിലയില്‍, പഴയ പാലാക്കാരന് ആരാധകന്റെ പരിഭ്രമത്തോടെയും ആകാംക്ഷയോടെയും മമ്മൂട്ടിയെ കാത്തിരുന്നത് ഓസ്ട്രേലിയയിലെ ഇന്ത്യന്‍വംശജനായ ആദ്യമന്ത്രിയാണ്. അങ്കമാലിയിലെ നേത്രദാന ക്യാമ്പുകളില്‍ ഓടിനടന്ന അതേ ജിന്സണ് ആന്റോ ചാള്‍സ്.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രിയും മലയാളിയുമായ ജിന്സണ് ആന്റോ ചാള്‍സ് മമ്മൂട്ടിയെ കാണാനെത്തിയപ്പോള്‍. നിര്‍മാതാവ് ആന്റോജോസഫ് സമീപം ഫോട്ടോ: എം.വി.സിനോജ്
പാലായിലെങ്ങും നിറയെ പരിചയവലയങ്ങളുള്ള ആന്റോജോസഫ്, കുടുംബക്കാരുടെ പേരെടുത്ത് പറഞ്ഞ് കുശലാന്വേഷണം നടത്തുമ്പോഴും കോട്ടയം കുഞ്ഞച്ചനെയെന്ന പോലെ മമ്മൂട്ടിയെ കൗതുകത്തോടെ നോക്കുകയായിരുന്നു ജിന്സണ്. സംസാരിച്ചുതുടങ്ങിയ മമ്മൂട്ടി ക്വാണ്ടാസ് എന്ന ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയില്‍ നിന്ന് ചിറകുവിരുത്തിപ്പറന്നു. ഓസ്ട്രേലിയന്‍ മലയാളികള്‍ക്കായി കൊച്ചിയില്‍ നിന്ന് ക്വാണ്ടാസിന്റെ നേരിട്ടുള്ള വിമാനത്തിന്റെ സാധ്യതയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, നിര്‍ദേശങ്ങള്‍. പിന്നെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറും മമ്മൂട്ടിയുടെ ആരാധകരുടെ ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായ റോബര്‍ട്ട് കുര്യാക്കോസിനൊപ്പം ദീര്‍ഘദൂരം കാറോടിച്ച് കണ്ട ഓസ്ട്രേലിയന്‍ ദേശങ്ങളിലേക്ക് ഓര്‍മകളിലൂടെയുള്ള സഞ്ചാരം. ‘അന്ന് പാര്‍ലമെന്റില്‍പോയി. യാതൊരു ബഹളവുമില്ലാതെയാണ് അവിടെ സഭാനടപടിക്രമങ്ങള്‍. അതിനേക്കാള്‍ അദ്ഭുതപ്പെടുത്തിയത് അംഗങ്ങളില്‍ പാതിയും സ്ത്രീകളായിരുന്നുവെന്നതാണ്.’ -മമ്മൂട്ടി പറഞ്ഞപ്പോള്‍ ജിന്സണ് പൂരിപ്പിച്ചു: ‘സംവരണമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരാണ്…’
മമ്മൂട്ടി പിന്നെ ഏതൊക്കയോ ഭൂഖണ്ഡങ്ങളിലേക്ക് നാക്കോടിച്ചുപോയി. ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗങ്ങളും അമേരിക്കയിലെ റെഡ്ഇന്ത്യന്സും ഹോളിവുഡിലെ ഓസ്ട്രേലിയന്‍ അഭിനേതാക്കളുമെല്ലാം വഴിയോരമരങ്ങളെപ്പോലെ പിന്നോട്ടോടി മറഞ്ഞു. സഹയാത്രികരായി ഞങ്ങള്‍. തനിനാടന്‍ ആരാധകനായി ജിന്സണ്.
മമ്മൂട്ടിയെപ്പോഴും ഇങ്ങനെയാണ്. മുന്നിലിരിക്കുന്നയാളെ ആളെ കണ്ണാല്‍ അളന്നും മനസ്സാല്‍ അറിഞ്ഞുമാകും സംഭാഷണം. ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് നന്നായി അറിയുന്നതുകൊണ്ടാണ് മമ്മൂട്ടിയെ ചിലരെങ്കിലും മലയാളസിനിമയിലെ സര്‍വവിജ്ഞാനകോശമായി വായിച്ചെടുക്കുന്നത്.
ജിന്സണ് യാത്രപറയും മുമ്പേ മറ്റൊരാള്‍ വന്നു. അപ്പോള്‍ തെളിഞ്ഞ മമ്മൂട്ടി തൊട്ടുമുമ്പുള്ള നിമിഷത്തില്‍ കണ്ടയാളേയല്ലായിരുന്നു. ചെമ്പ് എന്ന ഗ്രാമത്തില്‍ നിന്ന് അഭിനയം എന്ന അഭിനിവേശത്തിലേക്ക് ഒറ്റയ്ക്ക് തുഴഞ്ഞനാളുകളിലെ സിനിമാമോഹിയിലേക്ക് അദ്ദേഹം എളുപ്പത്തില്‍ പരിണമിച്ചു. അക്കാലത്തെ അതേ ആവേശത്തോടെ മമ്മൂട്ടി ചോദിച്ചു:’ഇതാരാണെന്ന് അറിയാമോ..?’ ‘ഇല്ല’ എന്ന് തലയാട്ടിയതുകണ്ട് മമ്മൂട്ടി ഓര്‍മകളിലേക്കുള്ള കൊതുമ്പുവള്ളത്തിലേക്ക് കൈപിടിച്ചുകയറ്റി: ‘ഇതാണ് ഗായിക ശാന്താ പി.നായരുടെ മകള്‍..ചെമ്മീനിലെ പഞ്ചമി…’
വലിയ പൊട്ടുതൊട്ട, പട്ടുസാരിയുടുത്ത, കാഴ്ചയില്‍ അറുപതിനപ്പുറം പ്രായമുള്ള പ്രൗഢയായ ആ സ്ത്രീ കൈയിലിരുന്ന പൂക്കൂട സമ്മാനിച്ചപ്പോള്‍ മമ്മൂട്ടി ചിരിയോടെ വീണ്ടും: ‘ഈ ആളാണ് ക്ലൈമാക്സില്‍ കുഞ്ഞിനേയുമെടുത്ത് ചേച്ചീീീീ എന്ന് വിളിച്ച് നടന്നത്…’ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലായിരുന്നു ലതാ രാജുവിനെ. ചെമ്മീനിലെ പഞ്ചമിയായും ‘പാപ്പീ അപ്പച്ചാ’ പോലുള്ള പാട്ടുകളിലെ ശബ്ദമായും കേട്ടറിവുണ്ടായിരുന്നുവെങ്കിലും കാലം അവരില്‍ വരുത്തിയ മാറ്റങ്ങളെ തിരിച്ചറിയാനായില്ല;മമ്മൂട്ടി പറഞ്ഞുതരും വരെ.
‘ഈ സിനിമയില്‍..?’
ചോദ്യത്തിനുത്തരം പറഞ്ഞത് ലതാ രാജുവാണ്.
‘അയ്യോ…ഇല്ല…ഇദ്ദേഹം ഇവിടെയുണ്ടെന്നറിഞ്ഞ് വെറുതെ കാണാന്‍ വന്നതാണ്…’
മമ്മൂട്ടി ഏറ്റവും സന്തോഷമുള്ള നിമിഷത്തിലെന്ന പോലെ വിടര്‍ന്നുചിരിച്ചു. പിന്നെ കടലോളം വിശേഷങ്ങള്‍ പറഞ്ഞുതന്നു. ചെമ്മീനിനെക്കുറിച്ച്, ശാന്താ പി.നായരെയും ലതാ രാജുവിനെയും അവരുടെ ഭര്‍ത്താവ് ജെ.എം.രാജുവിനെയും കുറിച്ച്…. ചിലതൊക്കെ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ എവിടെയെന്നായി മമ്മൂട്ടി. രവി മേനോന് എഴുതിയത് എന്ന ഉത്തരത്തില്‍ തൃപ്തന്‍…’ങ്ഹാ…രവിമേനോന്…’എന്ന പരിചയഭാവം.
‘മമ്മൂക്കയ്ക്ക് ഓര്‍മയുണ്ടോ..കൂടെവിടെയില്‍ ഞാന്‍ സുഹാസിനിക്ക് ഡബ്ബ് ചെയ്തത്…?’-ലതാരാജു ചോദിച്ചു.
മുന്നിലൊരുവേള ക്യാപ്റ്റന്‍ തോമസിലേക്കുള്ള കൂടുമാറ്റം സംഭവിച്ചുവോ?
‘അന്നൊക്കെ എടുക്കുന്ന എല്ലാ ഷോട്ടിനും ഡബ്ബ് ചെയ്യണമായിരുന്നു…’ലതാരാജുവിന്റെ വാക്കുകള്‍ മമ്മൂട്ടിയെ പിന്നെയും ഉത്സാഹിയാക്കി. ഓര്‍മകളുടെ തുടര്‍ച്ച.
യാത്രപറയും മുമ്പ് ലതാ രാജു മമ്മൂട്ടിയോട്: ‘ലൈല തിരക്കിയതായി പറയണം എന്ന് പ്രത്യേകം പറഞ്ഞു’. ‘ആര്’ എന്ന സന്ദേഹം കണ്ട് അവര്‍ വിശദീകരിച്ചു: ‘വൈക്കം വാസുദേവന്‍നായരുടെ മകള്‍..’ ഒരു കൊമ്പന്റെ തലയാട്ടലിലെന്നപോലെയുള്ള ശരീരഭാഷയില്‍ മമ്മൂട്ടി ആളെ മനസ്സിലായതായി അറിയിച്ചു. വൈക്കം എന്ന പേരിന്റെ ഏറ്റവും അയല്പക്കക്കാരന് മമ്മൂട്ടിയല്ലാതെ മറ്റാര്? അത് വൈക്കം മുഹമ്മദ് ബഷീറായാലും വൈക്കം വാസുദേവന്നായരായാലും.
മമ്മൂട്ടിയും പഴയകാലഅഭിനേത്രിയും ഗായികയുമായ ലതാരാജുവും | ഫോട്ടോ: എം.വി.സിനോജ്
പിന്നെ കാത്തുനിന്നവര്‍ മൂന്നുചെറുപ്പക്കാരായിരുന്നു. കറുത്തനിറത്തിലുള്ള വസ്ത്രമിട്ടാണ് അവര്‍ വന്നത്..’യൂണിഫോമിലാണോ…’എന്ന ഒറ്റച്ചോദ്യംകൊണ്ട് മമ്മൂട്ടി അവരിലൊരാളായി. ഏറ്റവും പുതിയ തലമുറയുടെ വൈബിലേക്ക് ചാടുന്ന വൈഭവം. പിന്നെ ഓരോരുത്തരെയായി പരിചയപ്പെടുത്തി. എന്റെ അടുത്ത പടത്തിന്റെ ഡയറക്ടര്‍, റൈറ്റര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍. സംവിധായകന് നിതിഷ് സഹദേവ്. ‘ഫാലിമി’ എന്ന ആദ്യചിത്രത്തിലൂടെ അക്ഷരത്തെറ്റ് സംഭവിച്ച ഒരുകുടുംബത്തിന്റെ കഥ രസകരമായി പറഞ്ഞയാള്‍. എഴുത്തുകാരന് ഒ.ബി.അനുരാജ്. ‘വാഴ’യിലെ കലാം എന്ന കലിപ്പന്. ഏറ്റവും പുതിയവരെ കണ്ടെത്താനും അവരുടെ സ്പന്ദനം മനസ്സിലാക്കാനും കൂടെചേര്ത്തുപിടിക്കാനും സിനിമയില്‍ നാലുപതിറ്റാണ്ടുപിന്നിട്ട ഈ മനുഷ്യനോളം കഴിവ് മറ്റാര്‍ക്ക്? പ്രൊഡക്ഷന്‍ ഡിസൈനറായ അഗ്നിവേശിനെ പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂട്ടി അനുബന്ധമായി ഒരുവരികൂടിപ്പറഞ്ഞു. ‘നമ്മുടെ ഡയറക്ടര്‍ രഞ്ജിത്തിന്റെ മകനാണ്.’ അതില്‍ വല്ലാത്തൊരു വാത്സല്യമുണ്ടായിരുന്നു. രഞ്ജിത്ത് എന്ന ആത്മസുഹൃത്തിനോടുള്ള ഹൃദയബന്ധമുണ്ടായിരുന്നു. ലോകം എന്തൊക്കെപ്പറഞ്ഞാലും ഒറ്റനിമിഷം കൊണ്ട് ഊരിക്കളയാവുന്ന കുപ്പായമല്ല സൗഹൃദമെന്ന നിലപാടുണ്ടായിരുന്നു….
‘പുതിയ സിനിമയുടെ പേരറിയണോ…’ -മുണ്ടുമാടിക്കുത്തിനിന്ന് ഒരു കുസൃതിയോടെ മമ്മൂട്ടി ചോദിച്ചു. ‘അല്ലെങ്കില്‍ വേണ്ട..അതൊരു രഹസ്യമാ…ഇപ്പോ വേണ്ട…’
മമ്മൂട്ടി പിന്നെ എന്തോ ഓര്‍ത്തുകൊണ്ട് മുറിയിലെ ജനാലക്കരിലേക്ക് ചെന്നു. കണ്ണാടിച്ചതുരത്തില് കായലൊഴുകുന്നു… പിന്നെ തിരിഞ്ഞുനിന്ന് കുസൃതിവിടാതെ പറഞ്ഞു: ‘ഞങ്ങക്ക് കുറച്ച് രഹസ്യം പറയാനുണ്ട്…ഇനി അതൊന്ന് കഴിയട്ടെ…’
മമ്മൂട്ടി ചേര്‍ന്നപ്പോള്‍ അവര്‍ നാലുപേരായി. പുതുഭാഷയില്‍ പറഞ്ഞാല്‍ മമ്മൂട്ടി ഒറ്റമാത്രയില്‍ അവരോട് ‘ജെല്‍’ ആയി. പഴ്സണല്‍ ചമയക്കാരനായ ജോര്‍ജ് കഥാപാത്രത്തിന്റെ ചായങ്ങള്‍ ചാലിക്കാന്‍ തുടങ്ങി. ആ ചെറുപ്പക്കാര്‍ക്കിടയില്‍ നിന്ന് ഇറങ്ങിയാല്‍ പിന്നെ അണിയേണ്ട വേഷം തയ്യാര്‍.
മേല്‍പ്പറഞ്ഞ മനുഷ്യരത്രയും മമ്മൂട്ടിയെന്ന മനുഷ്യഗിരി തേടി വന്നവരാണ്. മൂന്നാമത്തെ കുന്നിലെ അതീവഹൃദ്യമായ പുല്‍മേട് കാണാനെത്തിയവര്‍. ആ ഉപമ വീണ്ടും. പണ്ട് എഴുതിയ വാചകങ്ങള്‍ പിന്നെയും..
‘മമ്മൂട്ടിയിലെ മൂന്നാമത്തെ ‘മ’രണ്ടാമത്തേതിന്റെ പ്രതിബിംബമാണ്. ഒന്നാണ് എന്ന് തോന്നുമെങ്കിലും തീര്‍ത്തും വ്യത്യസ്തനായ അപരന്. രണ്ടിനുമിടയില്‍ ഒരു കണ്ണാടിയുണ്ട്. ഒന്നിനെ മുന്നില്കാട്ടുകയും മറ്റൊന്നിനെ ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്ന ചില്ലുപാളി. അതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായ. ഉടയാതെയും പോറല്‍പോലും വീഴാതെയും സൂക്ഷിക്കുന്ന ആത്മദര്പ്പണം. മമ്മൂട്ടി ലോകം കാണ്‍കെ ഒളിപ്പിച്ചുനിര്‍ത്തുന്ന മൂന്നാമത്തെ ‘മ’യാണ് ചില്ലിനുപിന്നില്‍. അതുതകര്ന്നാല് മമ്മൂട്ടി എന്ന വാക്കിന്റെ രാസഘടനതന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് അധികം പേര്‍ക്കും അതൊരു ഇരുമ്പുമറയായി തോന്നുന്നതും. പക്ഷേ മൂന്നാമത്തെ ‘മ’-അത് മമ്മൂട്ടിയേക്കാള്‍ സൗന്ദര്യവത്തായ കാഴ്ചയാണ്.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]