പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’. കേരളത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ നടക്കുന്ന കഥ ഹൃദ്യമായി പറയുന്നതോടൊപ്പം ചിത്രം ഗൗരവമേറിയ ചില വിഷയങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. അസമത്വത്തെ കൃത്യമായി ചോദ്യംചെയ്യുന്ന ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ഒരു സ്ത്രീപക്ഷസിനിമകൂടിയാണ്. കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ച് തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ജിഷ്ണു ഹരീന്ദ്ര സംസാരിക്കുന്നു;
ചിത്രത്തിന്റെ പേരില്‍നിന്നുതന്നെ തുടങ്ങാമെന്ന് തോന്നുന്നു. എങ്ങനെയാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന പേര് തിരഞ്ഞെടുത്തത്
ഈ ചിത്രത്തിന് പേര് തിരഞ്ഞെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. കുറേ ടൈറ്റിലുകള്‍ ആലോചിച്ചു. ഒടുവില്‍ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് പേരിന്റെ കാര്യത്തില്‍ തീരുമാനമായത്. സ്വാതന്ത്ര്യം എന്ന ആശയം തന്നെയാണ് സിനിമയുടെ പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. സിനിമയില്‍ പ്രതിപാദിച്ചതുപോലെ വിവാഹം എന്നത് ഉടമസ്ഥാവകാശമല്ല, പങ്കാളിത്തമാണ്. ഒരുപാട് മനുഷ്യബന്ധങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് ഈ ആശയം അടിവരയിട്ട് പറയാനാണ് ഞാന്‍ ശ്രമിച്ചത്.
മറ്റൊരാളെ ഉപദ്രവിക്കാതെ സ്വന്തം സന്തോഷത്തിനായി എനിക്കെന്താണോ ചെയ്യാന്‍ കഴിയുക, അത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ആവശ്യം. അത് അനുഭവിക്കാനായില്ലെങ്കില്‍ വലിയ കഷ്ടമാണ് (suffering). പ്രണയത്തിലുള്ള സ്വാതന്ത്ര്യം മാത്രമല്ല ഉദ്ദേശിച്ചത്. പ്രണയം ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ്. ജീവിതത്തിലെ ഏത് കാര്യങ്ങളിലും നമുക്ക് സ്വാതന്ത്ര്യം വേണം.
‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന പാട്ട് ഈ സിനിമയിലേക്കെത്തിയത് എങ്ങനെയാണ്.
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിത്. ഈ പാട്ടിന്റെ, തൃക്കോടിത്താനം സച്ചിദാനന്ദന് പാടിയ വേര്‍ഷന്‍ മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. സിനിമയുടെ അവസാനം ഈ പാട്ട് വന്നാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയതിനാല്‍ പാട്ടിന്റെ അനുമതി വാങ്ങി ചിത്രത്തിലത് ഉള്‍പ്പെടുത്തുകയായിരുന്നു. പാട്ടിനു പിന്നിലുള്ളവരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുമ്പോള്‍ ഈ പാട്ട് ഉള്‍പ്പെടുത്താനുള്ള തീരുമാനമൊന്നും ഇല്ലായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന പാട്ട് ചേര്‍ത്തത്. അതിനെ തുടര്‍ന്നാണ് സിനിമയുടെ പേരും തീരുമാനിക്കുന്നത്.
ചിത്രത്തിന്റെ തുടക്കം എങ്ങനെയായിരുന്നു.
2021-ലാണ് എന്റെ ആദ്യചിചത്രമായ നോ മാന്‍സ് ലാൻഡ് ചെയ്തത്. വയലന്‍സും ലഹരി ഉപയോഗവുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമായിരുന്നു അത്. ആ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ വിഷ്ണുരാജുമായി സംസാരിച്ചിരുന്നു. ഒരു കുടുംബചിത്രമെടുക്കണം എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഞാന്‍ ആദ്യംതന്നെ പങ്കുവെച്ചിരിക്കുന്നത്. പഴയ സിനിമപോലെ പൂര്‍ണമായും കുടുംബബന്ധങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു സിനിമയാകണം അതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. നമ്മുടെയൊക്കെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ഇപ്പോഴും പഴയ സ്ഥിതിതന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതായത് ഒരു ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് എങ്ങനെയായിരുന്നോ, അതേ അവസ്ഥ. അടിസ്ഥാനപരമായി വികാരങ്ങളെല്ലാം ഒരുപോലെയാണെങ്കിലും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ചിത്രത്തിന്റെ പോസ്റ്ററുകള്‍
കുടുംബബന്ധങ്ങളിലെ വികാരത്തെ കൃത്യമായി സിനിമയില്‍ പകര്‍ത്തിയെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പറയുന്ന പ്രണയം അതിലെ പലരുടേയും ജീവിതത്തെ മാസ്ക് ചെയ്ത ഒരു എലമെന്റ് മാത്രമാണ്.
വിഷ്ണുരാജും ഞാനും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം തിരക്കഥയില്‍ ഡ്രാഫ്റ്റില്‍ കുറേ വര്‍ക്ക് ചെയ്തു. ഒന്നുരണ്ട് പേരുടെ അനുഭവങ്ങള്‍ സിനിമയില്‍ ചില സീനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുതുമ്പോള്‍ രൂപപ്പെട്ടുവന്ന കഥയാണ് ചിത്രത്തിന്റേത്. അതിലേക്ക് കഥാപാത്രങ്ങളെ അധികമായി കൊണ്ടുവരികയായിരുന്നു. വിഷ്ണുരാജ് തന്നെയാണ് തിരക്കഥ എഴുതിയത്. ഞാന്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞിരുന്നു എന്നുമാത്രം.
Also Read
മാസും റൊമാൻസുമെല്ലാമുണ്ട്; പറന്ന് പറന്ന് …
പാലക്കാട്ട് ഒരു ലൊക്കേഷന്‍ കണ്ടതിന് ശേഷമാണ് തിരക്കഥയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. ഒരു വണ്‍ലൈന്‍ എഴുതിയതിന് ശേഷം 2022-ല്‍ ആ ലൊക്കേഷന്‍ ഉറപ്പിച്ചു. ശേഷം തിരക്കഥ എഴുതിത്തീര്‍ത്തു. 2022-ല്‍ തന്നെ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ല.
സ്ത്രീകള്‍ തീരുമാനിച്ചു എന്നൊരു ‘പിശക്’ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിത്രീകരണത്തിന് എഗ്രിമെന്റ് വരെ ഒപ്പിട്ട വീടിന്റെ വാതില്‍ ഞങ്ങള്‍ക്ക് മുമ്പില്‍ കൊട്ടിയടച്ച ‘നവകാരണവര്’ക്ക് ബഹുമാനപുരസ്സരം സമര്‍പ്പിക്കുന്നു. -സിനിമയുടെ ആരംഭത്തില്‍ തന്നെ ഈ എഴുത്ത് കാണാം. എന്താണ് അതിനുപിന്നിലെ കഥ.
ആ ടൈറ്റില്‍ കാര്‍ഡ് ആ വ്യക്തിക്ക് മനഃപൂര്‍വമുള്ള സമര്‍പ്പമാണ്. കാരണം ഈ സിനിമ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അതേ വിഷയമാണ് തീരുമാനിച്ച് ഉറപ്പിച്ച ഷൂട്ടിങ് ലൊക്കേഷന്‍ നിരസിക്കപ്പെടാന്‍ കാരണമായത്. ഒരുവര്‍ഷത്തോളം യാത്രനടത്തിയാണ് പാലക്കാട് സിനിമക്ക് ലൊക്കേഷന്‍ കണ്ടെത്തിയത്. ആ സ്ഥലത്ത് അറുപതോ അറുപത്തിയഞ്ചോ തവണ പോയി ലൊക്കേഷന്‍ മനഃപാഠമാക്കിയിരുന്നു. തിരക്കഥ അനുസരിച്ച് എന്തൊക്കെ എവിടെ വരണം എന്നതെല്ലാം സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും തീരുമാനിച്ചിരുന്നു. ആ വീട് ഷൂട്ടിങിന്റെ ഒരു പ്രധാന ലൊക്കേഷന്‍ ആയിരുന്നു. ആ സമയത്ത് ഒരു അമ്മയും മകളും മകനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഗൃഹനാഥയോട് കൃത്യമായി ഞങ്ങള്‍ കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
ഷൂട്ടിങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് മധു അമ്പാട്ട് സാറിനെ വരുത്തി ലൊക്കേഷന്‍ കാണാന്‍ പോയി. അവിടെചെന്നപ്പോള്‍ ആ വീട്ടിലെ മകളുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് എത്തിയിരുന്നു. അയാള്‍ ഞങ്ങള്‍ക്ക് സ്ഥലമൊക്കെ കാണിച്ചുതന്നു. ശേഷം അയാള്‍ എന്നോട് എഗ്രിമെന്റിന്റേയും അഡ്വാന്സിന്റേയും കാര്യം സംസാരിച്ചു. ഞാന്‍ നേരത്തേ അവിടുത്തെ അമ്മയ്ക്ക് എഗ്രിമെന്റ് നല്‍കിയിരുന്നു. അതില്‍ അവര്‍ ഒപ്പിട്ട് തരികയും അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തതാണ്. അക്കാര്യം ഞാന്‍ ഈ വ്യക്തിയോട് പറഞ്ഞു. ഞങ്ങള്‍ അവിടെനിന്ന് തിരിക്കുകയും ചെയ്തു.
Photo: Special arrangement
ഉടനെതന്നെ ആ വീട്ടില്‍നിന്നും ഷൂട്ടിങ് നടക്കില്ലെന്ന് പറഞ്ഞ് ഫോണ്‍കോള്‍ വന്നു. എന്താണ് കാരണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. ഞാനും ചിത്രത്തിന്റെ എഴുത്തുകാരനും അസിസ്റ്റന്റ് ഡയറക്ടറും വീണ്ടും ആ വീട്ടിലേക്ക് പോയി. അവിടെചെന്ന് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഈ വീട്ടിലെ സ്ത്രീകള്‍ തീരുമാനമെടുക്കേണ്ട എന്നാണ്. ആ വീടിന്റെ ഗൃഹനാഥ എഗ്രിമെന്റില്‍ ഒപ്പിട്ട് അഡ്വാന്‍സ് വാങ്ങിയത് മരുമകന് ഇഷ്ടപ്പെടാത്തതായിരുന്നു കാരണം.
ഞങ്ങള്‍ കഴിവതും ആ വീട് കിട്ടാന്‍ ശ്രമിച്ചുനോക്കിയെങ്കിലും നടന്നില്ല. പിറ്റേ ദിവസമാണ് ഷൂട്ടിങ് പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ പാലക്കാടുതന്നെയുള്ള ഒരു കവലയുടെ ഷോട്ടുകളാണ് ആദ്യമെടുത്തത്. അവിടെ പത്ത് ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു. അത് നടന്നുകൊണ്ടിരിക്കെ പ്രൊഡക്ഷന്‍ കണ്ട്രോളര് ആണ് ഇപ്പോള്‍ ഷൂട്ട് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ കണ്ടുപിടിച്ചത്. കുന്നംകുളത്തായിരുന്നു അത്. രാവിലെ ഷൂട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് ഞങ്ങള്‍ ഈ ലൊക്കേഷന്‍ ആദ്യമായി കാണുന്നത്. ലൊക്കേഷനെ കുറിച്ച് പഠിക്കാന്‍ മൂന്ന് ദിവസമെടുത്തു. അതേസമയം ഷൂട്ടിങും നടന്നിരുന്നു. അങ്ങനെ ചെയ്തൊരു ചിത്രമാണിത്. ചെറിയ ബജറ്റിലൊരുക്കിയ സിനിമയായതിനാല്‍ ഷൂട്ടിങ് മാറ്റിവെയ്ക്കാനുള്ള മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല.
ആണുങ്ങള് തീരുമാനമെടുക്കട്ടെ, പെണ്ണുങ്ങള് തീരുമാനമെടുക്കേണ്ട എന്ന് പറയുന്ന മനോഭാവത്തിലാണ് ഒരുപരിധിവരെ പുരോഗമനസമൂഹവും പൊയ്ക്കൊണ്ടിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിത്രത്തിലൂടെ ആ മനോഭാവം മാത്രമല്ല ശരി എന്ന് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം തിരക്കഥയില്‍ എഴുതിവെച്ച കാര്യമാണ് അവിടെ സംഭവിച്ചത്. ലൊക്കേഷന്‍ നിരസിക്കപ്പെട്ട സംഭവത്തോടെ നമ്മുടെ സ്ക്രിപ്റ്റ് ശരിതന്നെയാണ് എന്ന് മനസ്സിലായി.
കുടുംബ കഥ പറയുന്ന ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങിനെ കുറിച്ച് പറയാമോ
കാസ്റ്റിങ് ഈ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘടകമാണ്. ശ്രീജ ദാസാണ് കാസ്റ്റിങ് ഡയറക്ടര്‍. ശ്രീജ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ ബന്ധുക്കളായെത്തുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള അടുപ്പവും ഇടപഴകലും തിരക്കഥയെ സംബന്ധിച്ച് സുപ്രധാനമായിരുന്നു. അത് വര്ക്കായില്ലായെങ്കില് ചിത്രത്തിലെ കുടുംബത്തെ കുടുംബമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ല.
അഭിനേതാക്കളെ വിളിച്ചശേഷം അവരോട് സംസാരിക്കുകയും പലരേയും ഓഡിഷന് ചെയ്യുകയും ചെയ്തിരുന്നു. സിനിമയില്‍ അഭിനയിച്ചവര്‍ തന്നെയാണ് കൂടുതലും. അവരെ കൃത്യമായി പ്ലേസ് ചെയ്യുക എന്നതാണ് പ്രധാനം. ഓഡിഷനുശേഷം അവര്‍ക്കായി ഒരു ശില്പശാല നടത്തി. പിന്നീട് അവരെല്ലാം ഒരു കുടുംബം പോലെയാവുകയായിരുന്നു. ഈ സിനിമ വര്‍ക്കാകുമോ എന്ന എന്റെ ആശങ്ക മാറിക്കിട്ടിയത് ഇതിലെ ആര്‍ട്ടിസ്റ്റുകളുടെ പ്രകടനം കാരണമാണ്.
സംഗീതവും ദൃശ്യവും നിറങ്ങളുമെല്ലാം ഇഴചേര്‍ത്ത ചിത്രത്തിന്റെ ക്രൂവിനെ കുറിച്ച്
സിനിമയുടെ ഛായാഗ്രാഹകനായ മധു അമ്പാട്ട് സാറുമായി എനിക്ക് നേരത്തേ പരിചയമുണ്ട്. ഞാന്‍ രണ്ടാമത്തെ ചിത്രമെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെയാണ് ആദ്യംതന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ വീടും പാലക്കാട്ടാണ്. അതുകൊണ്ട് തന്നെ പാലക്കാട്ട് എന്തൊക്കെയാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഒരു തറവാട് വീടെന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസ്സില്‍ എപ്പോഴും തൊണ്ണൂറുകളിലെ സിനിമയാണ് കയറിവരിക. ഒരിക്കലും അത് ഒരു പുതിയ വീടിന്റെ രൂപത്തില്‍ വരില്ല. ആ ഒരു അനുഭവം നമുക്ക് ചിത്രത്തിലൂടെ കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
കഥാപരിസരത്തിന്റെ പ്രതീതി നമുക്ക് അനുഭവവേദ്യമാക്കുന്നതില്‍ ശബ്ദത്തിന് വലിയ പങ്കുണ്ട്. ഈ സിനിമയില്‍ സൗണ്ട് ഡിസൈന്‍ ചെയ്തത് ഷെഫിന് മായന്‍ ആണ്. അദ്ദേഹം അത് വളരെ ഭംഗിയായിതന്നെ ചെയ്തു.
സിനിമയുടെ ദൃശ്യങ്ങളെല്ലാം പഴയരീതിയിലായിരിക്കുമെന്നും എന്നാല്‍ സംഗീതമുപയോഗിച്ച് അതിനെ പൂര്‍ണമായും വൈരുധ്യത്തോടെ അവതരിപ്പിക്കണമെന്നാണ് സംഗീതസംവിധായകനെ അറിയിച്ചിരുന്നത്. ചിത്രത്തില്‍ വിഷ്വലും മ്യൂസിക്കും തമ്മിലുള്ള ഫ്യൂഷന്‍ കൊണ്ടുവരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
സിനിമയുടെ ആദ്യ 15-20 മിനിറ്റില്‍ എഡിറ്റിങിലൂടെ ഒരു പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ആ തീരുമാനം എഡിറ്റിങ് ഘട്ടത്തിലാണ് തീരുമാനിച്ചത്.
പാലക്കാടിന് പരിചിതമായ കലാരൂപങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ.
തിരക്കഥാകൃത്ത് വിഷ്ണുവിന്റെ വീട് പാലക്കാടാണ്. എന്റേത് കോട്ടയത്തെ വൈക്കത്തും. പാലക്കാട്ടെ കലാരൂപങ്ങളായ പൊറാട്ട് നാടകം, കണ്യാര്‍കളി, പാവക്കൂത്ത് എന്നിവയും അയ്യപ്പന് പാട്ടും ദൃശ്യങ്ങളായും സംഗീതമായും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ നാടായ വൈക്കത്ത് കണ്ടുവരുന്ന ഗരുഡന് തൂക്കവും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയതിനുശേഷം ഞങ്ങള്‍ പൊറാട്ട് നാടകം കാണാന്‍ പോയിരുന്നു. അത് അവതരിപ്പിക്കുന്ന കലാകാരന്മാരോട് സംസാരിക്കുകയും ചെയ്തു. വൈകുന്നേരം മുതല്‍ രാവിലെ വരെയുള്ള പരിപാടിയില്‍ ഒരുപാട് എപ്പിസോഡുകളുണ്ടാകും. അതില്‍ ഒരു ഭാഗമെടുത്താണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
അവതരണത്തിന് ഇത്രയും ഊര്‍ജം ആവശ്യമായ മറ്റൊരു കലാരൂപം എന്റെ അറിവിലില്ല. ഒരു ദിവസം വൈകുന്നേരം ആറിനോ ഏഴിനോ ആരംഭിക്കുന്ന പൊറാട്ട് നാടകം പിറ്റേദിവസംവരെയാണ് കലാകാരന്മാര് അവതരിപ്പിക്കുന്നത്. ഒരേ ഊര്‍ജത്തോടെയാണ് അവര്‍ പ്രകടനം കാഴ്ചവെയ്ക്കുന്നത്. ചോദ്യക്കാരന്‍ ആണ് അതിലെ പ്രധാന കഥാപാത്രം. കല അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഊര്‍ജത്തിന് ഒരു ദിവസം ദൈര്‍ഘ്യമുണ്ട്. പാലക്കാട്ടെ പൊറാട്ട് നാടകം നടക്കുന്ന വേദികളില്‍ ഇന്നും വലിയ തിരക്കാണ്.
രണ്ട് ദിവസത്തെ കഥയാണ് സിനിമയില്‍ പറയുന്നത്. അതില്‍ എങ്ങനെ പൊറാട്ട് നാടകം ഉള്‍ക്കൊള്ളിക്കാമെന്ന് ചിന്തിക്കുകയായിരുന്നു. ചിത്രത്തിന്റെ സംഗീതത്തിലാണ് കണ്യാര്‍കളി ഉള്‍പ്പെടുത്തിയത്. ചില സന്ദര്‍ഭങ്ങളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചത് കണ്യാര്‍കളിയാണ്. പത്മശ്രീ കെ.കെ. രാമചന്ദ്ര പുലവരാണ് ചിത്രത്തില്‍ പാവക്കൂത്ത് അവതരിപ്പിച്ചത്.
സിനിമയിലെ സംഘട്ടനം വരുന്ന ഭാഗത്താണ് ഗരുഡന് തൂക്കം ഉപയോഗിച്ചത്. ചിത്രം കാണുന്നവര്‍ക്ക് ഉന്മേഷം അനുഭവപ്പെടാനാണ് അതവിടെ കൊണ്ടുവന്നത്. പാലക്കാട്ട് മിക്കവാറും എല്ലാ ആഴ്ചയും അയ്യപ്പന് പാട്ട് നടക്കുന്ന സ്ഥലങ്ങളുണ്ട്. നമ്മുടെ സിനിമയ്ക്കു വേണ്ടി വന്നതെല്ലാം യഥാര്‍ഥ കലാകാരന്മാരാണ്. കലാരൂപവും സിനിമയും ദൃശ്യങ്ങളുമെല്ലാം ഒരു ഫ്യൂഷന്‍ പോലെ വരണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഒരു നാട്ടിലെ കഥ പറയുമ്പോള്‍ പ്രേക്ഷകന് താന്‍ ആ സ്ഥലത്തിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചുവെന്ന് എനിക്ക് തോന്നിയിരുന്നു. ആ ധൈര്യത്തിലാണ് ഇത്രയും കലാരൂപങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അവ കണ്ടിട്ടുള്ളവര്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ കാണികളില്‍ അത് ചെറിയൊരു കൗതുകമുണ്ടാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.
സിനിമാപ്രേമിയാണോ, സിനിമയിലേക്ക് വരാന്‍ പ്രചോദനമായതെന്താണ്.
തീര്‍ച്ചയായും ഞാനൊരു സിനിമാപ്രേമിയാണ്. ഒരുപാട് സിനിമകള്‍ കാണും. ഒരു സിനിമ ഇഷ്ടപ്പെട്ടാല്‍ അത് ഒന്നിലേറെ തവണ തിയേറ്ററില്‍ പോയിരുന്ന് കാണുന്ന ആളാണ് ഞാന്‍. എന്റെ അച്ഛനും ഒരു സിനിമാപ്രേമിയാണ്. ചെറുപ്പം മുതലേ അച്ഛന് തീയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കുമായിരുന്നു. ഞാന്‍ എല്ലാ ജോണറിലുള്ള സിനിമകളും കാണാറുണ്ട്. പണ്ട് മലയാളം സിനിമകളാണ് കൂടുതല്‍ കണ്ടിരുന്നത്.
നല്ല സിനിമകളെടുക്കുന്ന എല്ലാവരില്‍ നിന്നും ഞാന്‍ പ്രചോദനമുള്ക്കൊള്ളാറുണ്ട്. അതില്‍ എല്ലാ ജോണര്‍ സിനിമകളും ഉള്‍പ്പെടുന്നു. എന്നെ എന്ജോയ് ചെയ്യിപ്പിക്കുന്ന എല്ലാ സംവിധായകരേയും എനിക്ക് വലിയ കാര്യമാണ്.
എന്നെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായി ശ്വസിക്കാനുള്ള ഒരിടമാണ് സിനിമ. സിനിമ കാണുന്നതും അതിനായി എഴുതുന്നതും സിനിമയെപ്പറ്റി സംസാരിക്കുന്നതുംമെല്ലാം എനിക്കിഷ്ടമുള്ള കാര്യമാണ്. എന്റെ പ്രൊഫഷനും പാഷനുമാണത്. പതിനഞ്ച് വര്‍ഷത്തോളമായി സിനിമ തന്നെയാണ് എന്റെ മനസ്സില്‍. ഡിസൈനറായി ജോലിചെയ്തിരുന്ന ഞാന്‍ ആ ജോലി രാജിവെച്ച് 2009-ലാണ് ചെന്നൈയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോയത്. അതിനു ശേഷം പരസ്യചിത്രങ്ങളില്‍ അസിസ്റ്റന്റായി ജോലി ചെയ്തു. പിന്നീട് പരസ്യമേഖലയില്‍ തന്നെ ജോലിചെയ്തു.
സിനിമാപ്രവേശം എങ്ങനെയായിരുന്നു.
2010 മുതല്‍ കേരളത്തിലും മുബൈയിലും വിദേശത്തുമെല്ലാമായി പരസ്യമേഖലയിലാണ് ഞാന്‍ ജോലിചെയ്തിരുന്നത്. 2017-ല്‍ സിനിമാ മേഖലയിലെത്താനുള്ള ശ്രമം തുടങ്ങി. 2020-ലാണ് ഞാന്‍ നോ മാന്‍സ് ലാൻഡ് സംവിധാനം ചെയ്യുന്നത്. കോവിഡ് വന്നസമയമാണ് ഒരു ചെറിയ സിനിമ ചെയ്യാം എന്ന ആശയത്തിലേക്കെത്തിയത്. ആ ചിത്രം തിയേറ്ററില്‍ വരില്ല എന്നെനിക്ക് ഉറപ്പായിരുന്നു. എന്നാല്‍ സിനിമ ആമസോണില്‍ വന്നപ്പോള്‍ കൂടുതല്‍ പേരിലേക്കെത്തുകയായിരുന്നു. ഒരുപാട് മേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനായി. ഞാന്‍ പ്രതീക്ഷിച്ചതിലും വലിയ പ്രേക്ഷകശ്രദ്ധ ആ സിനിമയ്ക്ക് കിട്ടി. അതിനുശേഷം തീയേറ്ററില്‍ തന്നെ വരുന്ന ഒരു ചിത്രം ചെയ്യാമെന്ന് പ്ലാന്‍ ചെയ്തു. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. നോ മാന്‍സ് ലാൻഡ്, ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്നിവ രണ്ടും വ്യത്യസ്തമായ ജോണറിലുള്ള ചിത്രങ്ങളാണ്.
‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍
ഇതൊരു കുടുംബചിത്രമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ന്യൂജെനറേഷന് ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്നാല്‍ കുടുംബത്തോടെ വന്ന് കാണാവുന്ന ലളിതമായ ഒരു ചിത്രമാണ് ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’. ഇതിലെ സംഗീതത്തിലും മറ്റും ന്യൂജെന്‍ എലമെന്റ് തന്നെയാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ സിനിമയിലെ ബന്ധങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ആ ശൈലിയിലല്ല. ഞങ്ങള്‍ ലക്ഷ്യമിട്ട, കുടുംബപ്രേക്ഷകരില്നിന്നും സിനിമയെ കുറിച്ച് നല്ലരീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹിതരായവര്‍ക്ക് ചിത്രം എളുപ്പം മനസ്സിലാകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]