ലൈവ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച ഗായകൻ ഉദിത് നാരായണനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പാടുന്നതിനിടെ സെല്‍ഫിയെടുക്കാനായി ഉദിതിനെ സമീപിച്ച സ്ത്രീകളെയെല്ലാം ഗായകൻ ചുംബിക്കുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അതിനിടെ, ഇപ്പോഴിതാ ഉദിത് നാരായണന്റെ പഴയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
മുൻനിര ഗായികമാരായ ശ്രേയ ഘോഷാൽ, അൽക യാഗ്നിക് എന്നിവരേയും നടി കരിഷ്മ കപൂറിനേയും അവരുടെ അനുവാദംകൂടാതെ ചുംബിക്കുന്ന ഉദിത് നാരായൺ ആണ് വീഡിയോയിൽ ഉള്ളത്. ഇന്ത്യൻ ഐഡൽ എന്ന പരിപാടിക്കിടെയാണ് ഉദിത് അൽകയെ കവിളിൽ ചുംബിക്കുന്നത്. മറ്റൊരു പരിപാടിക്കിടെ, മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടിയ ശ്രേയയേയും ഇയാൾ ചുംബിക്കുന്നുണ്ട്. അപ്രതീക്ഷിതമായുള്ള ഗായകന്റെ പെരുമാറ്റത്തിൽ ഇരുവരും ഞെട്ടുന്നതും അസ്വസ്ഥരാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതോടെ ഗായകനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്.
അതേസമയം, ആരാധികമാരെ ചുംബിച്ച വിഷയത്തിൽ വിശദീകരണവുമായി ഉദിത് രംഗത്തെത്തി. ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ അനാവശ്യമായി വിവാദമാക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ഉദിത് ആരോപിച്ചു. ചിലര്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും ഗായകൻ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]