
ആദ്യചിത്രമായ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിന്റെ നാല്പതാം വാര്‍ഷികം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച് നദിയ മൊയ്തു. ചിത്രത്തിലെ നായികയായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നദിയ ഗേളി മാത്യൂസ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. ഗേളിയെ താനവതരിപ്പിച്ചത് ഇന്നലെയെന്നപോലെ തോന്നുന്നുവെന്നും നോക്കത്തൊദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് തന്റെ ഹൃദയത്തില്‍ പ്രത്യേകസ്ഥാനമാണുള്ളതെന്നും നദിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. സിനിമയുടെ സംവിധായകന് ഫാസിലിനോടൊപ്പമുള്ള ചിത്രവും സിനിമയുടെ പോസ്റ്ററുകളും നദിയ പോസ്റ്റിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
“നിങ്ങളുടെ അര്‍പണബോധവും ഉത്സാഹവുമാണ് ആ കഥയ്ക്ക് ഏറ്റവും മനോഹരമായ ദൃശ്യാവിഷ്കാരം നല്‍കിയത്”, സംവിധായകന് ഫാസിലിനോടും സിനിമയുടെ മറ്റ് അണിയറപ്രവര്ത്തകരോടുമുള്ള സ്നേഹവും കടപ്പാടും നദിയ പങ്കുവെച്ചു. തന്നോടൊപ്പം സിനിമയിലെ മറ്റ് കഥാപാത്രങ്ങളായെത്തിയ പത്മിനി, മോഹന്‍ലാല്‍ എന്നിവരുടെ അഭിനയമികവിനേയും നദിയ പോസ്റ്റില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
സിനിമയുടെ സംഗീതസംവിധായകന് ജെറി അമല്‍ദേവ്, ഗായകരായ യേശുദാസ്, ചിത്ര എന്നിവര്‍ക്കുള്ള നന്ദിയും നദിയ അറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ മികച്ച സംഗീതവും ഗാനങ്ങളും ഇന്നും ഓര്മ്മിക്കപ്പെടുന്നതിലുള്ള സന്തോഷവും താരം പങ്കുവെച്ചു.
1984 ഫെബ്രുവരി ഒന്നിനാണ് നോക്കെത്താദൂരത്തു കണ്ണുംനട്ട് റിലീസായത്. ഫാസില്‍ രചിച്ച് സംവിധാനം ചെയ്ത സിനിമ അക്കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാനചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. പേരക്കുട്ടിയെ കാത്തിരിക്കുന്ന മുത്തശ്ശിയുടേയും മുത്തശ്ശിയെ തേടിയെത്തി ഒടുവില്‍ മാറാരോഗത്തിനുള്ള ചികിത്സക്കായി മുത്തശ്ശി തന്നെ തന്റെ അരികില്‍നിന്ന് പേരക്കുട്ടിയെ അവളറിയാതെ അയയ്ക്കുകയും ചെയ്യുന്ന ഹൃദയസ്പര്‍ശിയായ ചിത്രം പിന്നീട് തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമെയ്ക്ക് ചെയ്തിരുന്നു.
ലളിത-പത്മിനി-രാഗിണി സഹോദരിമാരില്‍ പത്മിനി കുഞ്ഞൂഞ്ഞാമ്മ എന്ന മുത്തശ്ശിയായും ശ്രീകുമാറായി മോഹന്‍ലാലും ഗേളിയുടെ അച്ഛനായി കെ.പി.ഉമ്മറും നെടുമുടി വേണുവും സുകുമാരിയും തിലകനും മണിയന്‍പിള്ള രാജുവും അഭിനയിച്ച സിനിമ ഇന്നും മലയാളികളുടെ പ്രിയചിത്രങ്ങളിലൊന്നാണ്. ബിച്ചുതിരുമലയും ജെറി അമല്‍ദേവും ചോര്ന്നാരുക്കിയ ഗാനങ്ങളും ഹിറ്റായി. ചിത്രത്തിന്റെ പശ്ടാത്തലസംഗീതസംവിധാനം നിര്‍വഹിച്ചത് ജോണ്‍സണായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]