
പാലക്കാട്: അച്ഛൻ സിനിമ നടനായതുകൊണ്ട് മാത്രം സിനിമയിൽ വന്നയാളാണ് താനെന്ന് ധ്യാൻ ശ്രീനിവാസൻ. തന്നെ അഭിമുഖങ്ങളിലൊക്കെ സ്ഥിരമായി വിളിച്ചിരുന്നത് ”നെപ്പോ കിങ്” എന്നായിരുന്നുവെന്നും ആ പേര് മാറാൻ ഒരുപാട് സമയമെടുത്തുവെന്നും ധ്യാൻ പറഞ്ഞു. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിൽ കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. എം.എൽ.എ ഷാഫി പറമ്പിലും വേദിയിലുണ്ടായിരുന്നു.
പരസ്പരം ട്രോളിക്കൊണ്ട് സംസാരിച്ച ധ്യാൻ ശ്രീനിവാസനും ഷാഫി പറമ്പിലും ഉദ്ഘാടന വേദിയിൽ ചിരി പടർത്തി. ഷാഫി പറമ്പിലിന്റെ പഴയ വെെറൽ വീഡിയോയെക്കുറിച്ച് ധ്യാൻ സംസാരിച്ചപ്പോൾ മറുപടിയുമായി എം.എൽ.എ ഉടനെത്തി. ഷാഫി പറമ്പിലിന്റെ ക്ഷണപ്രകാരമാണ് ധ്യാൻ കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് എത്തിയത്.
‘അതാത് സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യണം. പഠനവും വേണം. അല്ലെങ്കിൽ കൂടെയുള്ളവർ പഠിച്ച് മുന്നേറുമ്പോൾ നമ്മൾ ഒറ്റപ്പെട്ടുപോകും. അങ്ങനെ ഒറ്റപ്പെട്ടയാളാണ് ഞാൻ. കൂടെയുള്ളവർ പഠിച്ച് വലിയ നിലയിലെത്തി. അച്ഛൻ സിനിമ നടനായതുകൊണ്ട് മാത്രം സിനിമയിൽ വന്നയാളാണ് ഞാൻ. എന്നെ അഭിമുഖത്തിലൊക്കെ സ്ഥിരമായി വിളിക്കുന്നൊരു പേരുണ്ട്, ”നെപ്പോ കിങ്”. ആ പേര് മാറാൻ ഒരുപാട് സമയമെടുത്തു. പണ്ടൊക്കെ എന്നെ കാണുമ്പോൾ ശ്രീനിവാസന്റെ മകൻ എന്ന് പറഞ്ഞു. പിന്നീട് വിനീത് ശ്രീനിവാസന്റെ അനിയൻ എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ധ്യാൻ ശ്രീനിവാസനായി. പിന്നെ ആൾക്കാർ വിളിക്കുന്നത് ”ധ്യാനേ” എന്നാണ്. ആ സ്നേഹം എനിക്ക് കിട്ടിയത് എന്റെ സിനിമകളിലൂടെയല്ല. അതുകൊണ്ട് എന്റെ സിനിമ കാണാൻ ഞാൻ നിങ്ങളെ നിർബന്ധിക്കില്ല. എനിക്ക് ഇന്റർവ്യൂവിന് നൽകുന്ന പ്രേത്സാഹനം തുടരണം. ഇനിയും നല്ല നല്ല ഇന്റർവ്യൂകൾ ചെയ്ത് തരുന്നതായിരിക്കും’, ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. .
മൂന്നാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് ഒരിക്കൽ റോഡിലൂടെ പോകുമ്പോൾ ഫ്ലക്സ് ചൂണ്ടിക്കാണിച്ച് ആരാണെന്ന് ചോദിച്ചപ്പോൾ അത് ഷാഫി പറമ്പിൽ ആണെന്ന് ശ്രീനിവാസൻ പറഞ്ഞുവെന്ന് ധ്യാൻ തമാശയായി പറഞ്ഞു. ധ്യാൻ മൂന്നിൽ പഠിക്കുന്ന സമയത്ത് താൻ ജനിച്ചിട്ട് പോലുമില്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ഷാഫിയുടെ ഗർജിക്കുന്ന പ്രസംഗങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും ”പദയാത്ര മതിയായിരുന്നു” എന്ന വീഡിയോയാണ് തന്നെ ഏറ്റവും ആകർഷിച്ചതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. കുറച്ച് നാളുകൾക്ക് മുൻപ് വെെറലായ ഈ വീഡിയോയെക്കുറിച്ച് ഷാഫി പറമ്പിൽ തുടർന്ന് വിദ്യാർഥികളോട് വിശദമാക്കി.
‘നിങ്ങൾക്ക് സംഭവം ഞാൻ വിശദമാക്കാം. ഞങ്ങളൊരു സെെക്കിൾ റാലി നടത്തുകയായിരുന്നു. നൂറിലധികം കിലോമീറ്റർ ഉണ്ടായിരുന്നു. ഒരു കയറ്റം കയറവെ ഞാൻ കൂടെയുള്ള ആളോട് ”എടാ പദയാത്ര തന്നെ മതിയായിരുന്നു” എന്ന് പറഞ്ഞു. അപ്പോൾ ”അവൻ അണ്ണൻ്റെ തന്നെ ബുദ്ധിയല്ലേ, ചവിട്ടിക്കോ” എന്ന് എന്നോട് പറഞ്ഞു. അപ്പോഴാണ് ലെെവ് ആണെന്ന് പിന്നിലുള്ളയാൾ പറഞ്ഞത്. ഡിലീറ്റ് ചെയ്യാൻ അവനോട് ഞാൻ കെെ കാണിച്ചു. അവനത് ഡിലീറ്റ് ചെയ്തില്ല എന്നുമാത്രമല്ല ഞാൻ പറഞ്ഞതും ലെെവ് ആയി കൊടുത്തു. ആ വീഡിയോയെ പറ്റിയാണ് അണ്ണൻ ഇപ്പോൾ പറഞ്ഞത്’, ഷാഫി പറമ്പിൽ പറഞ്ഞു. ഓർമപുതുക്കാൻ താൻ രാവിലെ കൂടി ഈ വീഡിയോ കണ്ടുവെന്നും ഷാഫി വിളിച്ചത് കൊണ്ട് മാത്രമാണ് പരിപാടിക്ക് എത്തിയതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]