
മലയാള സിനിമാ പ്രേക്ഷകർക്ക് എത്ര കണ്ടാലും ഒന്നാണ് സൗഹൃദം പ്രമേയമാകുന്ന സിനിമകള്. ക്യാമ്പസ് സൗഹൃദവും നാട്ടിലെ സൗഹൃദവും നഗരങ്ങളിലെ സൗഹൃദവുമെല്ലാം പലതവണ സിനിമകൾക്ക് പശ്ചാത്തലമായിരിക്കുന്നു. അക്കൂട്ടത്തിലേക്കുള്ള പുതിയ കടന്നുവരവാണ് നവാഗതനായ എ.എം. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച എൽ.എൽ.ബി.
ക്യാമ്പസും രാഷ്ട്രീയവും അല്പം സസ്പെൻസും നിറച്ചാണ് എ.എം. സിദ്ദിഖ് എൽ.എൽ.ബി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. കോഴിക്കോടാണ് പശ്ചാത്തലം. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ ലോ കോളേജ് പ്രവേശനവും അവരുടെ സൗഹൃദവും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിബി, സൽമാൻ, സഞ്ജു എന്നീ കഥാപാത്രങ്ങളെ മുൻനിർത്തിയാണ് ചിത്രം പൂർണമായും സഞ്ചരിക്കുന്നത്.
ക്യാമ്പസിന്റെ കാഴ്ചകളിലൂടെ പതിയെ തുടങ്ങി മൂവർ സംഘത്തിന്റെ സൗഹൃദവും ചെറിയ തമാശയുമൊക്കെയായാണ് ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്. എന്നാൽ രണ്ടാംപകുതി ഇതിൽനിന്നും തീർത്തും വിഭിന്നമാണ്. ക്യാമ്പസ് മോഡിൽ നിന്ന് എൽ.എൽ.ബി രാഷ്ട്രീയ സംഭവങ്ങളിലേക്കും സസ്പെൻസിലേക്കും ചുവടുമാറ്റുകയാണ്. രാഷ്ട്രീയ കൊലപാതകവും രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ നേട്ടത്തിനുവേണ്ടി സമൂഹത്തിന്റെ താഴേത്തട്ടിൽക്കിടക്കുന്ന സ്വന്തം അണികളെ എങ്ങനെ ബലിയാടുകളാക്കുന്നുവെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നു.
സിബി, സഞ്ജു, സൽമാൻ എന്നിവരെ യഥാക്രമം ശ്രീനാഥ് ഭാസി, അശ്വത് ലാൽ, വിശാഖ് നായർ എന്നിവർ അവതരിപ്പിക്കുന്നു. തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തുന്ന പ്രകടനമാണ് മൂവരും കാഴ്ചവെച്ചത്. ഇമോഷണൽ രംഗങ്ങളിൽ ശ്രീനാഥ് ഭാസിയും അശ്വതും മുന്നിട്ടുനിൽക്കുന്നുണ്ട്. റോഷൻ റഹൂഫ്, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. അനൂപ് മേനോന്റെ അതിഥിവേഷവും മികച്ചതായി.
ക്യാമ്പസിന്റെയും സൗഹൃദത്തിന്റെയും പുതിയ കാഴ്ചകൾ തുടക്കക്കാരന്റെ പതർച്ചകളില്ലാതെ അവതരിപ്പിക്കാൻ ഫറോക്ക് എ.സി.പി കൂടിയായ എ.എം.സിദ്ദിഖിനായിട്ടുണ്ട്. കൂടുതൽ മികച്ച ചിത്രങ്ങൾ ഇദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുകയുംചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]