
നിവിൻ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനംചെയ്ത പ്രേമം. 2015-ൽ പുറത്തിറങ്ങിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഇപ്പോൾ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലല്ല, തമിഴ്നാട്ടിലാണെന്നുമാത്രം.
ഫെബ്രുവരി ഒന്നിന് തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രേമം വീണ്ടും പ്രദർശനത്തിനെത്തുക. പല തിയേറ്ററുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ 200 ദിവസത്തോളം പ്രദർശിപ്പിച്ച ചിത്രംകൂടിയാണ് പ്രേമം. ഇതാദ്യമായല്ല പ്രേമം തമിഴ്നാട്ടിൽ റീ റിലീസ് ചെയ്യുന്നത്. 2016 മാർച്ച് 18-ന് ട്രിച്ചിയിലും തിരുനെൽവേലിയിലും ചിത്രം വീണ്ടും റിലീസ് ചെയ്തു. തമിഴ്നാട്ടിൽ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. 2017 ഫെബ്രുവരി പത്തുമുതൽ പതിനാറുവരെ ഒരു തിയേറ്റർ വിണ്ണൈത്താണ്ടി വരുവായ, രാജാ റാണി എന്നിവയ്ക്കൊപ്പം ചെന്നൈയിൽ പ്രേമം വീണ്ടും റിലീസ് ചെയ്തു. നിവിൻ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019-ൽ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തു.
ജോർജ് എന്ന യുവാവിന്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങളേക്കുറിച്ചായിരുന്നു ചിത്രം ചർച്ച ചെയ്തത്. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു നായികമാർ. വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അൽത്താഫ് സലിം, അനന്ത് നാഗ്, രഞ്ജി പണിക്കർ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തിൽ. സംവിധായകൻ അൻവർ റഷീദായിരുന്നു നിർമാണം.
സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെയായിരുന്നു ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചത്. ആനന്ദ് സി ചന്ദ്രനായിരുന്നു ഛായാഗ്രഹണം. രാജേഷ് മുരുകേശൻ ഈണമിട്ട ഗാനങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. 2015 ജൂണിൽ പ്രേമത്തിന്റെ പൈറേറ്റഡ് പതിപ്പ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദങ്ങൾക്കിടയാക്കി. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 2016-ൽ തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്തു. നാഗചൈതന്യ ആയിരുന്നു നായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]