നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം ഡാകു മഹാരാജിലെ നൃത്തരംഗത്തിനെതിരേ വ്യാപക വിമർശനം. ‘ദബിഡി ദിബിഡി’ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടതോടെ നിരവധിപേരാണ് വിമർശനവുമായെത്തിയത്. ബാലകൃഷ്ണയ്ക്കൊപ്പം ചിത്രത്തിലെ നായികയും ബോളിവുഡ് നടിയുമായ ഉർവശി റൗട്ടേലയാണ് നൃത്തരംഗത്തുള്ളത്.
നീല ഷർട്ടും ജാക്കറ്റും ബ്രൗൺ പാൻ്സുമിട്ട് ബാലകൃഷ്ണയും ഉർവശി റൗട്ടേല ക്രോപ്പ് ടോപ്പും സ്കേർട്ടും അണിഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് റൗട്ടേലയുമൊത്തുള്ള ബാലകൃഷ്ണയുടെ ചുവടുകളാണ് സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. സ്ത്രീയെ അപമാനിക്കുന്നതും ഗാനത്തിന് ഒട്ടും യോജിക്കാത്തതുമാണ് ബാലകൃഷ്ണയുടെ സ്റ്റെപ്പുകളെന്നാണ് വിമർശനം.
‘ഒരു യുവതി അവരുടെ മുത്തച്ഛനുമൊപ്പം ഡാൻസ് ചെയ്യുന്നു’ എന്നായിരുന്നു 64 വയസുള്ള ബാലകൃഷ്ണയും 30കാരിയായ ഉർവശി റൗട്ടേലയും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ഒരാൾ എക്സിൽ കമന്റുചെയ്തത്. ‘എല്ലായിപ്പോഴും കൊച്ചുമകളുടെ വേഷം ചെയ്യാൻ നോർത്തിന്ത്യൻ നടിമാരെ തിരഞ്ഞെടുക്കുന്നു’ എന്ന് മറ്റൊരാൾ പ്രതികരിച്ചു.
നൃത്ത സംവിധായകനായ ശേഖർ മാസ്റ്റർക്കെതിരേയും വലിയ വിമർശനം ഉയർന്നു. ‘നിങ്ങൾ നന്ദമൂരി ബാലകൃഷ്ണയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ദയവായി നൃത്തരംഗം പിൻവലിച്ച് വീണ്ടും ഷൂട്ട് ചെയ്യുക’ എന്നായിരുന്നു ഒരു കമന്റ്. ഇത് എന്തുതരം കൊറിയോഗ്രാഫിയാണെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. അതേസമയം, ഗാനരംഗം യൂട്യൂബിൽ 20ലക്ഷത്തിലേറെ പേരാണ് ഇതിനോടകം കണ്ടത്.
ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഡാകു മഹാരാജ് ജനുവരി 12-നാണ് തീയറ്ററുകളിൽ എത്തുന്നത്. ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലയായി എത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ കങ്കുവയിലൂടെ തമിഴിലും ബോബി ഡിയോൾ അരങ്ങേറ്റംകുറിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]