ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പുമായി അല്ലു അർജുന്റെ ‘പുഷ്പ 2: ദി റൂള്‍’. പ്രദര്‍ശനത്തിനെത്തി ഒരു മാസത്തോട് അടുക്കുമ്പോൾ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1,800 കോടി രൂപ പിന്നിട്ടു. ഹിന്ദി ബെൽറ്റിൽ ചിത്രം ശക്തമായി മുന്നേറുന്നതിനാൽ വാരാന്ത്യത്തിൽ കളക്ഷൻ കുതിച്ചുയരാനുള്ള സാധ്യതകൾ ഏറെയാണ്.
ട്രാക്കിംഗ് വെബ്സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം പുഷ്പ 2 വ്യാഴാഴ്ച മാത്രം 5.1 കോടി രൂപ നേടി. ഇതിൽ 3.75 കോടി ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നാണ്. തെലുഗിൽ നിന്ന് 1.18 കോടി രൂപയും തമിഴിൽ നിന്ന് 15 ലക്ഷം രൂപയും കന്നഡ, മലയാളം എന്നിവിടങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും ചിത്രം നേടിയതായാണ് കണക്കുകൾ.
ഡിസംബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. നേരത്തെ ആഗോള കളക്ഷനിൽ എസ്.എസ്. രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ (1790 കോടി) ന്റെയും റെക്കോഡുകൾ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു.
ആമിര്ഖാന് ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷന്‍ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോയെന്നാണ് ഇനി ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്. ബോക്സ് ഓഫീസില്‍ ഇതേ മുന്നേറ്റം തുടരുകയാണെങ്കില്‍ ഈ റെക്കോഡ് ‘പുഷ്പ’ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]