
കലാപങ്ങള്‍ സമാധാനം കെടുത്തുന്ന മണിപ്പുറിന്റെ ദുരിതക്കാഴ്ചയായി ”ജോസഫ്സ് സണ്‍” എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഹോബം പബന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം, കാണാതായ മകനെ തേടിയുള്ള ഒരു അച്ഛന്റെ യാത്രയാണ് പ്രമേയമാക്കിയിരിക്കുന്നത്. യാത്രയിലുടനീളം അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മണിപ്പുരിലെ സാധാരണക്കാരുടെ സമകാലിക ജീവിതം കൂടിയാണ് പങ്കുവെക്കുന്നത്. ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ജനപ്രീതി നേടിയ ഈ ചിത്രം ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ജന്മശതാബ്ദി വര്‍ഷത്തില്‍ മൃണാള്‍സെന്നിനോടുള്ള ആദരമായി അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം പ്രമേയമാക്കി ശ്രീജിത് മുഖര്‍ജി ഒരുക്കിയ പടടിക്, ഗുജറാത്തി ചിത്രം കായോ കായോ കളര്‍, മറാത്തി ചിത്രങ്ങളായ ഘാത്ത്, ഫോളോവര്‍, ആസാമീസ് ചിത്രം റാപ്ചര്‍, ഉത്തം കമഠി ഒരുക്കിയ ഖേര്‍വാള്‍ തുടങ്ങി ഏഴു ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അഹമ്മദാബാദിലെ ഒരു മുസ്ലിം കുടുംബത്തിന്റെ ജീവിതം തുറന്നുകാട്ടുന്ന കായോ കായോ കളര്‍ എന്ന ചിത്രം ഗുജറാത്തിലെ സാധാരണക്കാരുടെ വര്‍ത്തമാനകാല ജീവിതം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. റോട്ടര്‍ ഡാം മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ ഷാരൂഖ് ഖാന് ചാവഡയാണ്. വംശീയ സംഘര്‍ഷം, അഭയാര്‍ത്ഥി പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ റാപ്ചര്‍ എന്ന ഡൊമിനിക് സാങ്മ ചിത്രം ലോകാര്‍നോ മേളയില്‍ പുരസ്കാരം നേടിയിട്ടുണ്ട്.
നോര്‍വേയിലേക്ക് പോകാന്‍ ആഗ്രഹിച്ച അഞ്ചുവയസുകാരന്റെ കഥയാണ് ബംഗാളി സംവിധായകനായ ഉത്തം കമഠി ഒരുക്കിയ ഖേര്‍വാള്‍ എന്ന ചിത്രം പറയുന്നത്. ഹിന്ദു വലതുപക്ഷ ഭരണകൂടത്തിന് കീഴിലുള്ള ഇന്ത്യയുടെ ഭാവി പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണ് കന്നഡ സംവിധായകന് ഹര്‍ഷാദ് നലവാഡെയുടെ ഫോളോവര്‍. സഹോദരന്റെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള മാവോയിസ്റ്റ് യുവതിയുടെ അനുഭവങ്ങളാണ് ഘാത്ത് പ്രമേയമാക്കുന്നത്. ഛത്രപാല്‍ നിനാവേ ആണ് ചിത്രത്തിന്റെ സംവിധായകന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]