
ഹൈദരാബാദ്: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബോളിവുഡും ഹോളിവുഡും തെലുങ്ക് ജനത ഭരിക്കുമെന്ന് തെലങ്കാന തൊഴിൽ വകുപ്പ്മന്ത്രിയും ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്) നേതാവുമായ ചമകുര മല്ല റെഡ്ഡി. ഒരു വർഷത്തിനുള്ളിൽ രൺബീർ കപൂർ ഹെെദരാബാദിലേയ്ക്ക് മാറേണ്ടി വരുമെന്നും മന്ത്രി പരിഹസിച്ചു.
മുംബൈ പഴയതായി, ബെംഗളൂരു ഗതാഗതക്കുരുക്കിലാണ്, ഇന്ത്യ ഭരിക്കുന്നത് ഹൈദരാബാദ് നഗരം മാത്രമാണെന്നും ബി.ആർ.എസ് നേതാവ് പറഞ്ഞു. രൺബീർ കപൂർ നായകനായെത്തുന്ന ‘അനിമൽ’ എന്ന ചിത്രത്തിന്റെ ഹെെദരാബാദിൽ വെച്ചുനടന്ന പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു റെഡ്ഡിയുടെ പരാമർശം.
സംവിധായകൻ രാജമൗലിയും നിർമാതാവ് ദിൽ രാജുവും മിടുക്കരാണെന്നും അക്കൂട്ടത്തിലേയ്ക്ക് ‘അനിമൽ’ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയും എത്തിയെന്നും ബി.ആർ.എസ് നേതാവ് പറഞ്ഞു. തെലുങ്ക് ജനങ്ങൾ മിടുക്കരാണെന്നും തങ്ങളുടെ നായിക രശ്മിക മന്ദന വളരെ മിടുക്കിയാണെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. തെലുങ്ക് ചിത്രം പുഷ്പ തരംഗം സൃഷ്ടിച്ചുവെന്ന് പറഞ്ഞ മന്ത്രി രൺബീറിന്റെ അനിമൽ 500 കോടി നേടുമെന്നും അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പരാമർശത്തിൽ കനത്ത പ്രതിഷേധമാണ് ബോളിവുഡ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. റെഡ്ഡിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന രൺബീർ കപൂറിനും അനിൽ കപൂറിനും പുറമെ സംവിധായകൻ രാജമൗലി, നടൻ മഹേഷ് ബാബു, നിർമാതാവ് ദിൽ രാജു എന്നിവരും ചടങ്ങിനെത്തിയിരുന്നു. രശ്മിക മന്ദാനയാണ് ‘അനിമലി’ൽ നായികയായെത്തുന്നത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമിത് റോയ് ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാൽ മിശ്ര, മനാൻ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസൺ, ഹർഷവർദ്ധൻ, രാമേശ്വർ, ഗൌരീന്ദർ സീഗൾ എന്നീ ഒൻപത് സംഗീതസംവിധായകർ ആണ് അനിമലിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.
ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രമെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]