
‘ഇന്ത്യന്‍ സിനിമയ്ക്ക്, അല്ലെങ്കില്‍ സംഗീത ലോകത്തിന് കനത്ത നഷ്ടം’….. വ്യത്യസ്തമായ ശബ്ദത്തിനുടമകളായ ഗായകരോ കലാപ്രതിഭകളോ മരണമടയുമ്പോള്‍ പലരും പറഞ്ഞുകേള്‍ക്കുന്ന വാചകമാണിത്. ജീവിച്ചിരിക്കേ തങ്ങളുടെ ശബ്ദത്തിലൂടെ പുറത്തുവന്ന ഗാനങ്ങളിലൂടെ ഓര്‍മിക്കപ്പെടുന്നവരാണ് അന്തരിച്ച ഗായകര്‍. അവര്‍ സമ്മാനിച്ച എത്രയോ മധുര മനോഹര ഗാനങ്ങള്‍ ഇന്നും കൊണ്ടാടപ്പെടുന്നു. മരിച്ചുപോയ ഗായകര്‍ക്ക് ഇതിലും നല്ല ആദരാഞ്ജലി എങ്ങനെയാണര്പ്പിക്കുക? പക്ഷേ ഈ ചോദ്യം ഇന്ന് അല്പം ഔട്ട് ഓഫ് ഫാഷനായി മാറുന്നുണ്ടോ എന്നാണ് സംശയം. കാരണം ഇന്ന് മരിച്ച് മണ്ണടിഞ്ഞ് വര്‍ഷങ്ങളായിട്ടുള്ള ഗായകര്‍ പോലും പുതുപുത്തന്‍ ഗാനങ്ങളിലൂടെ ശ്രോതാക്കളിലേക്കെത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എ.ഐ സാങ്കേതികവിദ്യയിലൂടെ.
വിവര സാങ്കേതികവിദ്യയുടെ അടുത്ത തലം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ചികിത്സാരംഗത്തും തുടങ്ങി സകല മേഖലകളിലേക്കും അരിച്ചിറങ്ങുകയാണ് എ.ഐ. അങ്ങനെയെങ്കില്‍ പിന്നെന്തുകൊണ്ട് ആ പടര്‍ന്നുകയറ്റം സിനിമയിലേക്കും ആയിക്കൂടാ? ഭാവിയില്‍ നിഷ്പ്രഭമായിപ്പോയേക്കാവുന്ന ചോദ്യമാണിത്. കാരണം സിനിമയുടെ പല മേഖലകളിലും ഇന്ന് എ.ഐ സാങ്കേതികവിദ്യ ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. അതിലൊന്നുമാത്രമാണ് സംഗീതം. മുന്‍കാലങ്ങളിലെല്ലാം പഴയ ഗായകരുടെ പാട്ടുകള്‍ പുതുതലമുറ കേട്ടിരുന്നത് അവര്‍ മുന്‍പ് പാടിയ പാട്ടുകളുടെ റീമിക്സ് പതിപ്പിലൂടെയായിരുന്നു. പിന്നീട് യൂട്യൂബും സംഗീത ബാന്‍ഡുകളുമെല്ലാം സജീവമായതോടെ കവര്‍ പതിപ്പുകളുടെ വരവായി. ഇതിനുംമേലെയാണിപ്പോള് എ.ഐ കൊണ്ടുവന്നതും ഇനി കൊണ്ടുവരാനിരിക്കുന്നതുമായ മാറ്റങ്ങള്‍.
‘ദേഖോ സിംപിള്‍ മാജിക്’
1996-ല്‍ ഹരിദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം. ഗാനങ്ങള്‍ക്ക് ഈണമിട്ടത് വിദ്യാസാഗര്‍. ദേഖോ സിംപിള്‍ മാജിക, ഇത് ഇന്റര്‍നെറ്റിന് മാജിക് എന്നുതുടങ്ങുന്നൊരു ഗാനമുണ്ട് ചിത്രത്തില്‍. ഈ ഗാനത്തിന്റെ ദൃശ്യം തുടങ്ങുന്നത് ഒരു പ്രതിമയില്നിന്നാണ്. പ്രതിമ പതിയെ രൂപം മാറി നായകനായി മമ്മൂട്ടിയായി മാറുന്നു. ഇന്റര്‍നെറ്റായിരിക്കും ഇനിയുള്ള കാലം ഭരിക്കാന്‍ പോകുന്നത് എന്ന് അന്നേ പറഞ്ഞുവെച്ചതാണ് ഈ ഗാനം. ഇന്ന് അല്പം ട്രോള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടറിന്റെയുമെല്ലാം സാധ്യതകള്‍ എത്രമാത്രമായിരിക്കുമെന്ന് ഒരു രൂപം ഈ ചിത്രത്തിലൂടെ വ്യക്തമാക്കിയിരുന്നു സംവിധായകന്. ദേഖോ സിംപിള്‍ മാജിക, ഇത് ഇന്റര്‍നെറ്റിന് മാജിക് എന്നതുമാറ്റി അവിടെ എ.ഐയുടെ മാജിക് എന്ന് മാറ്റിപ്പാടേണ്ട സാഹചര്യം ഇന്ന് സിനിമയിലും സിനിമാ സംഗീത ലോകത്തും സംജാതമായിരിക്കുന്നു.
എ.ആര്.റഹ്മാന് വഴിതുറക്കുന്നു
ഈ വര്‍ഷമാണ് ചലച്ചിത്ര ഗാനരംഗത്ത് വലിയൊരു വിപ്ലവത്തിന് സാക്ഷാല്‍ എ.ആര്. റഹ്മാന് വഴിയൊരുക്കിയത്. അതും അന്നുവരെ ഒരാള്‍പോലും ചിന്തിക്കാത്ത ഒരുകാര്യം. മരിച്ചവരുടെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച്, ആ ശബ്ദത്തില്‍ പാട്ടുകളുണ്ടാക്കുക. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ലാല്‍സലാം സിനിമാചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്നതിന് കാരണം ഇതാണ്. തിമിരി എഴു ടാ, അതായിരുന്നു ആ വിപ്ലവ ഗാനം. ഗായകരാകട്ടെ റഹ്മാന്റെ പ്രിയപ്പെട്ട പാട്ടുകാരായ ബംബ ബാക്കിയയും ഷാഹുല്‍ ഹമീദും.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
രണ്ട് ഗായകരും വിടപറഞ്ഞ കാലഘട്ടംകൂടിയാണ് ലാല്‍ സലാമിലെ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. 2022 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. എ.ആര്. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങള്‍ പാടിയ ഗായകനായിരുന്നു ബംബ. ‘സര്‍ക്കാര്‍’,’യന്തിരന് 2.0′, ‘സര്‍വം താളമയം’, ‘ബിഗില്‍’, ‘ഇരൈവിന്‍ നിഴല്‍’ തുടങ്ങിയവയിലാണ് അദ്ദേഹം പാടിയ മറ്റുഗാനങ്ങള്‍. ‘പൊന്നിയിന്‍ സെല്വന്’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്. അതേസമയം ഷാഹുല്‍ ഹമീദ് 1997-ലാണ് അന്തരിച്ചത്. ചെന്നൈയിലുണ്ടായ ഒരു കാറപകടത്തില്‍. ജെന്റില്മാന് എന്ന ചിത്രത്തിലെ ‘ഉസിലാംപട്ടി പെണ്‍കുട്ടീ’, തിരുടാ തിരുടായിലെ ‘രാസാത്തി എന്‍ ഉസിര്’, മെയ് മാദത്തിലെ ‘മദ്രാസി സുത്തി’, കാതലനിലെ ‘ഊര്‍വസി ഊര്‍വസി’, ‘പെട്ടാ റാപ്പ്’, ജീന്‍സിലെ ‘വാരായോ തോഴീ’ തുടങ്ങി നിരവധി ഗാനങ്ങള്‍ ഷാഹുല്‍ ഹമീദിന്റെ ശബ്ദത്തിലൂടെ പുറത്തുവന്നു.
ഗാനവും ഗാനത്തിന്റെ പ്രത്യേകതയും സംഗീതാസ്വാദകരിലേക്ക് എത്തിയതോടെ നിരവധി ചര്‍ച്ചകളാണുയര്‍ന്നത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ രണ്ട് ഗായകരുടെ ശബ്ദം വീണ്ടും കേള്‍ക്കാനായല്ലോ എന്ന സന്തോഷമാണ് ചിലര്‍ പങ്കുവെച്ചതെങ്കില്‍ ഇങ്ങനെ ചെയ്യുന്നതിന് രണ്ട് ഗായകരുടെ കുടുംബങ്ങളോട് അനുവാദം ചോദിച്ചിരുന്നോ എന്നായിരുന്നു മറ്റൊരു കൂട്ടര്‍ക്കറിയേണ്ടത്. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി റഹ്മാന് തന്നെയെത്തി. രണ്ട് ഗായകരുടെ കുടുംബങ്ങളോടും ഇത്തരത്തിലൊരു പാട്ടൊരുക്കാന്‍ താന്‍ അനുവാദം ചോദിച്ചിരുന്നെന്നായിരുന്നു എ.ആര്. റഹ്മാന് പറഞ്ഞത്. ഗായകരുടെ ശബ്ദത്തിന്റെ അല്‍ഗോരിതം ഉപയോഗിക്കുന്നതിന് രണ്ട് കുടുംബങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനൊപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കില്‍, സാങ്കേതികവിദ്യ ഒരിക്കലും ഒരു ഭീഷണിയോ ശല്യമോ ആവില്ല എന്ന്. സിനിമയിലായാലും പുറത്തുള്ള മറ്റേതൊരു മേഖലയിലായാലും എ.ഐ ഉപയോഗിക്കുന്ന ഏവര്‍ക്കും സ്വീകരിക്കാം ഈ ഉപദേശം.
നോവായി ഭവതരിണി
ലാല്‍ സലാമിനുശേഷം ഒരു എ.ഐ ഗാനം പ്രേക്ഷകര്‍ കേട്ടാസ്വദിക്കുന്നതിന് ഏതാനും മാസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. വിജയ്യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനംചെയ്ത് സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ ആയിരുന്നു ചിത്രം. ഗാനം ഇറങ്ങുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിടപറഞ്ഞ ഭവതരിണിയായിരുന്നു ഗായിക. ഈണമിട്ടത് സഹോദരന്‍കൂടിയായ യുവന് ശങ്കര്‍ രാജ. പുറത്തിറങ്ങിയ ഗാനം കേട്ടവരെല്ലാം ഒരുപോലെ ഞെട്ടി. പിന്നെ കൗതുകമായി. മരിച്ചുപോയ ഗായിക ഇതാ ശബ്ദരൂപത്തില്‍ തങ്ങളിലേക്കിറങ്ങിവന്നിരിക്കുന്നു. രണ്ടുമാസങ്ങള്‍ക്ക് മുന്പിറങ്ങിയ ചിത്രത്തിന്റെ സവിശേഷതകളിലൊന്നുകൂടിയായിരുന്നു ഈ ഗാനം.
തന്റെ സഹോദരിയുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് കരുതിയില്ല എന്നാണ് ഗാനത്തേക്കുറിച്ച് യുവന് ശങ്കര്‍ രാജയുടെ പ്രതികരണം. ‘ഗോട്ടിലെ രണ്ടാമത്തെ ഗാനം എനിക്ക് വളരെയധികം സ്പെഷ്യലാണ്. എന്റെ വികാരം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. ഈ ഗാനം ചിട്ടപ്പെടുത്തുമ്പോള്‍ ഇത് എന്റെ സഹോദരിക്ക് വേണ്ടിയാണെന്ന് മനസ്സില്‍ തോന്നി. ഭവതരിണി സുഖം പ്രാപിക്കുമ്പോള്‍ അവളെക്കൊണ്ട് റെക്കോഡ് ചെയ്യിക്കാമെന്ന് കരുതി. പക്ഷേ ഒരുമണിക്കൂറിന് ശേഷം അവള് ഈ ലോകത്ത് ഇല്ലെന്ന വാര്‍ത്തയാണ് കേട്ടത്. അവളുടെ ശബ്ദം ഇങ്ങനെ ഉപയോഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല’, യുവന്റെ വാക്കുകള്‍.
എ.ആര്.റഹ്മാന് തുറന്ന പാതയാണ് തങ്ങളേയും എ.ഐയുടെ വഴിയേ പോകാന്‍ പ്രേരിപ്പിച്ചതെന്ന് ഇതേ ഗാനത്തെ മുന്‍നിര്‍ത്തി സംവിധായകന് വെങ്കട്ട് പ്രഭു തുറന്നുപറഞ്ഞിരുന്നു. ‘ഒരിക്കല്‍ ചിന്ന ചിന്ന കണ്‍ഗള്‍ എന്ന ഗാനത്തിന്റെ ഈണവുമായി യുവന് ശങ്കര്‍ രാജ സമീപിച്ചപ്പോള്‍ ഇതൊരു കുടുംബപശ്ചാത്തലത്തിലുള്ള പാട്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞു. സത്യത്തില്‍ ഈ ട്യൂണ്‍ ചിട്ടപ്പെടുത്തിയ അന്നുതന്നെയായിരുന്നു ഭവതാ പോയത്. ആ ഗാനം അവളെക്കൊണ്ടുതന്നെ പാടിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ആ സമയത്ത് അസുഖബാധിതയായിരുന്നുവെങ്കിലും ഈ പാട്ട് ഭവതരിണിയാണ് പാടാന്‍ പോകുന്നതെന്ന് താന്‍ അവരോട് പറഞ്ഞിരുന്നു. പിന്നീടാണ് ഞാന്‍ എന്തുകൊണ്ട് എ.ഐ ഉപയോഗിച്ച് ഭവതരിണിയുടെ ശബ്ദം പുനസൃഷ്ടിച്ചുകൂടാ എന്ന് യുവനോട് ചോദിച്ചത്. കാരണം അന്തരിച്ച ഗായകന് ഷാഹുല്‍ ഹമീദിന്റെ ശബ്ദം അടുത്തിടെ ഇതുപോലെ എ.ആര് റഹ്മാന് പുനഃസൃഷ്ടിച്ചിരുന്നു. ഈണം കേട്ടയുടന്‍ ഈ പാട്ട് പാടാന്‍ വിജയ് സാര്‍ സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹം ഈ ചിത്രത്തിനുവേണ്ടി രണ്ട് പാട്ടുകള്‍ പാടുന്നു എന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടാക്കി. ഭവതായ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ടുള്ള ഒരു പാട്ടിനെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ വിജയ് ഒപ്പം പാടുന്നു എന്നത് വളരെ സന്തോഷമുളവാക്കിയ കാര്യമാണ്.’ വെങ്കട്ട് പ്രഭു വ്യക്തമാക്കി.
എ.ഐ ഉപയോഗിച്ച് ഭവതരിണിയുടെ പാട്ടുണ്ടാക്കാന്‍ ആദ്യം പശ്ചാത്തലസംഗീതമൊന്നുമില്ലാത്ത അവരുടെ തനതായ ശബ്ദം വേണമായിരുന്നു. തുടര്‍ന്ന് പ്രിയദര്‍ശിനി എന്നൊരു ഗായികയെക്കൊണ്ട് ചിന്ന ചിന്ന കണ്കള് എന്ന ഗാനം പാടിച്ചതിനുശേഷം എ.ഐ ഉപയോഗിച്ച് ഭവതരിണിയുടെ ശബ്ദത്തിലേക്ക് കണ്‍വര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും വെങ്കട്ട് പ്രഭു വിശദീകരിച്ചു. ഇത്തരത്തിലുള്ള ഗാനം എങ്ങനെയാണ് നിര്‍മിക്കുന്നതെന്ന് ആദ്യമായി ഒരു സംവിധായകന് വെളിപ്പെടുത്തിയതും ഇതാണ്.
പാടിയത് മലേഷ്യാ വാസുദേവന്‍, മനസിലായോ?
മുന്പിറങ്ങിയ രണ്ട് ഗാനങ്ങളേക്കാള്‍ ജനപ്രീതി പിടിച്ചുപറ്റിയ, ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാന്‍ ട്രെന്‍ഡിങ് ആയ ഗാനം പുറത്തുവന്നത് കഴിഞ്ഞമാസമാണ്. അതും തൊടുന്നതെല്ലാം വൈറലാക്കുന്ന അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍. പാടിയത് എവര്‍ഗ്രീന്‍ ഗായകന് മലേഷ്യാ വാസുദേവന്‍. ചിത്രം വേട്ടയന്, ഗാനരംഗത്തില്‍ സാക്ഷാല്‍ രജനികാന്തും മഞ്ജു വാര്യരും. മനസിലായോ എന്ന മലയാളം-തമിഴ്-തെലുങ്ക് മിശ്രിതം കയറിക്കൊളുത്തിയത് നിമഷ നേരങ്ങള്കൊണ്ടായിരുന്നു.
13 വര്‍ഷം മുമ്പാണ് ഈ ഗാനം ആലപിച്ച മലേഷ്യാ വാസുദേവന്‍ മണ്മറഞ്ഞത്. മലേഷ്യാ വാസുദേവനൊപ്പം അദ്ദേഹത്തിന്റെ മകന് യുഗേന്ദ്രന്‍, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവരും ഗാനമാലപിച്ചു. മനസിലായോ എന്ന ഗാനം ഒരുപാട് മനോഹാരിതയാണ് തന്റെ ജീവിതത്തില്‍ കൊണ്ടുവന്നതെന്ന് യുഗേന്ദ്രന്‍ പറഞ്ഞിരുന്നു. മനസിലായോ എന്ന പാട്ടിലെ പ്രധാനഭാഗം യുഗേന്ദ്രന്‍ പാടിയശേഷം എ.ഐയുടെ സഹായത്തോടെ മലേഷ്യാ വാസുദേവന്റെ ശബ്ദത്തിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുകയായിരുന്നു. ഇതില്‍ ഒരു ഭാഗം റാപ് ആയിരുന്നു എന്നത് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. ‘രജനികാന്താണ് അച്ഛന്റെ ശബ്ദം ഉപയോഗിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ടീസറില്‍ അപ്പയുടെ ശബ്ദം കേട്ട ഉടനെ അമ്മയുടെ കണ്ണു നിറഞ്ഞു. കണ്ണടച്ചു കേള്‍ക്കുമ്പോള്‍ അപ്പ മുന്പില് വന്നു നില്ക്കുന്ന പോലെ തോന്നും. അത്തരമൊരു ഫീലില്‍ നിന്ന് ഇതുവരെയും പുറത്തു വന്നിട്ടില്ല. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് വരെ എനിക്ക് ഈ സാധ്യതകളെക്കുറിച്ച് അറിയില്ലായിരുന്നു. അനിരുദ്ധിന്റെ ടീമില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ കരുതി എന്തോ റീമിക്സ് ചെയ്യാന്‍ വേണ്ടിയാകുമെന്ന്. പിന്നീടാണ്, ഇതൊരു ഫ്രഷ് ട്രാക്കാണെന്ന് മനസ്സിലായത്.’ യുഗേന്ദ്രന്റെ വാക്കുകള്‍.
ഗാനത്തില്‍ മാത്രമല്ല, വേട്ടയനില്‍ എഐ സാധ്യത ഉപയോഗിച്ച മറ്റൊരു മേഖല കൂടിയുണ്ട്; ഡബ്ബിങ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചത് അമിതാഭ് ബച്ചനായിരുന്നു. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ചെറിയ ഒരു കല്ലുകടി. അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ ശബ്ദത്തിനുപകരം കേള്‍ക്കുന്നത് മറ്റൊരാളുടെ ശബ്ദം. നടന് കൂടിയായ പ്രകാശ് രാജ് ആയിരുന്നു അമിതാഭ് ബച്ചന് ശബ്ദം നല്‍കിയത്. ഇത്രയും പ്രശസ്തമായ ഒരു ശബ്ദമുള്ള അമിതാഭ് ബച്ചനോട് ചെയ്തത് ശരിയാണോ എന്നുപോലും പലരും ചോദ്യമുയര്‍ത്തി. പ്രശ്നമാകുമെന്നായപ്പോള്‍ മാറ്റി ഡബ് ചെയ്യാനുള്ള ശ്രമം തുടങ്ങി. പക്ഷേ സിനിമയുടെ റിലീസ് അടുത്തിരിക്കുകയും ചെയ്യുന്നു. അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി, അതായിരുന്നു എ.ഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അമിതാഭ് ബച്ചന്റെ സ്വതസിദ്ധമായ ശബ്ദത്തില്‍ വേട്ടയനുവേണ്ടി അവര്‍ അദ്ദേഹത്തെക്കൊണ്ട് തമിഴ് സംസാരിപ്പിച്ചു. ഒരാള്‍ക്കുപോലും ഒരുകുറ്റവും പറയാന്‍ പറ്റാത്തവിധം. മാറ്റിയ ട്രെയിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടേ ആരാധകര്‍ അടങ്ങിയുള്ളൂ.
പാട്ടുകളിലെ എ.ഐ സാന്നിധ്യം ഗുണമോ? ദോഷമോ? ചില പ്രതികരണങ്ങള്‍
എ.ഐ മനുഷ്യന് തത്തുല്ല്യമാവില്ല –
ആനന്ദ് മധുസൂധനന്,
(സംഗീത സംവിധായകന്)
‘എ.ഐ സാങ്കേതികവിദ്യ ഒരിക്കലും മനുഷ്യന് തത്തുല്ല്യമാവില്ലെന്നാണ് കരുതുന്നത്. അതിന് ഒരേസമയം ഗുണവും ദോഷവുമുണ്ട്. മണ്മറഞ്ഞുപോയ ഒരുപാട് ഗായകരുടെ ശബ്ദത്തില്‍ പാട്ടുകള്‍ സൃഷ്ടിക്കുന്ന പ്രവണത ഇപ്പോഴുണ്ട്. അതൊരു ഭാഗ്യമായി കരുതാം എന്നുണ്ടെങ്കിലും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്തുവെച്ച സൃഷ്ടികളുടെ മൂല്യത്തെ ഇല്ലാതാക്കുന്ന രീതിയിലേക്ക് ഇത് മാറരുത് എന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവര്ക്കും എല്ലാം ആക്സസബിള്‍ എന്ന് പറയുമ്പോഴും മനുഷ്യന് അവന്റെ വ്യക്തിത്വത്തിന്റെ അടയാളമായിട്ട് കണക്കാക്കുന്നത് അയാളുടെ വിചാര-വികാരങ്ങളെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടാണ്. കല എന്നത് ഓരോരുത്തരുടേയും വികാരങ്ങളേയും വിചാരങ്ങളേയും അടിസ്ഥാനമാക്കിയാണ്. കഥയോ കവിതയോ ഗാനാലാപനമോ സംഗീത സംവിധാനമോ ആയിക്കോട്ടെ, വ്യക്തിത്വം ഇല്ലായ്മയിലേക്ക് നമ്മള് എ.ഐ മുഖേന എത്തിച്ചേര്‍ന്നാല്‍ അത് നമ്മുടെ വ്യക്തിത്വത്തെ ഒരുതരത്തില്‍ ബാധിക്കുമെന്നാണ് തോന്നിയിട്ടുള്ളത്. മാത്രമല്ല, അത് വലിയ മൂല്യച്യുതിയിലേക്ക് പോകാനുള്ള സാധ്യതകളുണ്ട്. അത് ബാധിക്കാതെ എ.ഐ എന്ന സാങ്കേതികവിദ്യയുടെ ഗുണങ്ങളെ കൈമുതലാക്കി വെച്ച്, എവിടെവരെ എ.ഐക്ക് പോകാമെന്ന അതിര്‍വരമ്പ് നമ്മള്തന്നെയിട്ട് മൂല്യച്യുതിയില്ലാതെ മുന്നോട്ടുപോകാനാവണം.’
മനുഷ്യന് അവന്റെ കഴിവിനെ മറക്കും –
സാമുവല്‍ എബി,
(സംഗീത സംവിധായകന്)
ടെക്നോളജി എന്നത് നമുക്കൊരിക്കലും തടുത്തുനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. മനുഷ്യനുള്ളിടത്തോലം കാലം അതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് എല്ലാ മേഖലകളിലും വന്നുകഴിഞ്ഞു. ടെക്നോളജിയെ് എങ്ങനെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ള ഉപകരണമാക്കിമാറ്റാം എന്നതാണ് എന്റെ കാഴ്ചപ്പാട്. പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതില്‍പ്പോലും കാതലായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. മൊബൈലോ ഐ പാഡോ ചെറിയൊരു കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ പാട്ടുണ്ടാക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.ഉദാഹരണത്തിന് ഒരു ക്രിയേറ്റീവ് ബ്ലോക്ക് ഉണ്ടാവുകയാണെങ്കില്‍ എ.ഐയുടെ സഹായം തേടാം. അതില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കാം. മരിച്ചുപോയ ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിലെ അനുകൂല ഘടകം എന്താണെന്നുവെച്ചാല്‍ ചില നായകന്മാരുടെ പാട്ടുകള്‍ നമ്മളാസ്വദിക്കുന്നത് ഈ ഗായകരുടെ പാട്ടുകളിലൂടെയാണ്. ഇപ്പോഴത്ത് ഏതെങ്കിലും സിനിമയില്‍ അങ്ങനെയൊരു സാഹചര്യം വരികയാണെങ്കില്‍ ആ ഓപ്ഷന് ഉപയോഗിക്കുകയാണ് വേണ്ടത്. ഇതിലെ റോയല്‍റ്റി പോലുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും വന്നിട്ടില്ല.
ഹിന്ദിയിലെ ഒരു ഗായകനെ മലയാളം പാട്ട് പാടിക്കണമെങ്കില്‍ മലയാള ഭാഷയില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ ആ ഗായകന്റെ ശബ്ദം നമുക്ക് ക്രിയേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ഭാഷയെ വികലമാക്കാത്ത രീതിയില്‍ നമുക്കൊരു പാട്ടുണ്ടാക്കാനാവും. അതിലെ വെല്ലുവിളി എന്താണെന്നുവെച്ചാല്‍ ശബ്ദത്തിന്റെ അത്രയേറെ സാമ്പിളുകള്‍ നമുക്ക് വേണമെന്നതാണ്. പക്ഷേ സംഗീതത്തിന് അതിരുകളില്ലാത്തവിധം നമുക്ക് ചെയ്യാന്‍ സാധിക്കും. ഒറ്റയാളുടെ ശബ്ദം വെച്ച് കോറസ് പാടിക്കാം. പശ്ചാത്തലസംഗീതത്തിലും എ.ഐ സഹായം ഉപയോഗിക്കാം. സാധ്യതകള്‍ ഒരുപാടുണ്ട്. ഒരുപാട് സാധ്യതകളുണ്ട്. ക്രിയേറ്റീവായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. എ.ഐയെ ഒരിക്കലും അവഗണിക്കാന്‍ പറ്റുന്നതല്ല. പത്തുവര്‍ഷത്തിനകം ഇത് നമ്മുടെ നാട്ടിലുമെത്തും.
ഞാനൊരു നൂറുപാട്ടുകള്‍ പാടി സാമ്പിള്‍ പൂളിലേക്ക് സബ്മിറ്റ് ചെയ്യുക. അതുവെച്ച് ഒരു എ.ഐ വോയിസ് മോഡല്‍ സൃഷ്ടിച്ച് അത് ഒരു നിശ്ചിത തുകയ്ക്ക് ആപ്ലിക്കേഷനായോ മറ്റോ വില്ക്കാന് സാധിക്കുകയാണെങ്കില്‍ എന്റെ ശബ്ദം ആര്‍ക്കുവേണമെങ്കിലും ഉപയോഗിക്കാം. അങ്ങനെ ചെയ്താല്‍ വേണ്ട ഗായകനെ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തുകപോലും വേണ്ട.
ദോഷകരമായ കാര്യങ്ങളും ഇതിലുണ്ട്. ഒരുപാട് സാധ്യതകളുള്ള ഒരു ഇക്വേഷനാണ് ഐന്സ്റ്റീന് ഉണ്ടാക്കിയതെങ്കിലും മനുഷ്യന് അതുവെച്ചുണ്ടാക്കിയത് ആറ്റംബോംബാണ് എന്നത് തന്നെ ഉദാഹരണം. ശബ്ദം ഉപയോഗിക്കുന്നതിന് ആരുടെയെല്ലാം അനുവാദം വാങ്ങണമെന്ന് കൃത്യമായ മാര്ഗനിര്ദേശമില്ലാത്തത് പോരായ്മയാണ്. അത് മാറുമെന്നാണ് കരുതുന്നത്. എത്തിക്സ് ഇല്ലാതെ ശബ്ദം ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. പാടാന്‍ വേണ്ടിയല്ലാതെ ശബ്ദം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്. അത് തടയാനുള്ള സാങ്കേതികവിദ്യയും വികസിച്ചുവരണം. ഒരുപാട് പേരുടെ ജോലി പോകുന്ന സംഗതികൂടിയാണ്. മനുഷ്യന് മനുഷ്യന്റെ കഴിവിനെ മറക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് ഇതിന്റെ വലിയൊരു ദോഷം.
വാല്‍ക്കഷണം: അടുത്തിടെ ബോളിവുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ തന്റെ പുതിയ ചിത്രമായ സാരിയിലെ മുഴുവന്‍ ഗാനങ്ങളും എ.ഐയെക്കൊണ്ട് സംഗീത സംവിധാനം ചെയ്യിച്ചിരുന്നു. എ.ഐ നമ്മുടെ സംഗീതലോകത്ത് എവിടെയെത്തി നില്ക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായി ഇതിനെ കാണാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]