ഹൈദരാബാദ്: മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമ റാവുവിനെതിരേ തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു. തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായതിനു പിന്നില്‍ കെ.ടിആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന ഇത് നിഷേധിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നടിമാര്‍ സിനിമാ മേഖല വിട്ടുപോകുന്നതിന് പിന്നില്‍ കെ.ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കെ.ടി രാമ റാവുവിനെതിരേ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. നടിമാര്‍ സിനിമാ മേഖല വിട്ടുപോകുന്നതും വേഗം വിവാഹം ചെയ്യുന്നതും കെ.ടി രാമ റാവു കാരണമാണെന്നാണ് അവര്‍ ആരോപിച്ചത്. നാഗചൈനത്യയും സാമന്തയും വേര്‍പിരിഞ്ഞതിന് പിന്നില്‍ കെ.ടി.ആറാണ് കാരണം. സ്ത്രീകളെ, പ്രത്യേകിച്ച് നടികളെ ചൂഷണം ചെയ്യുന്നത് അയാളുടെ ശീലമാണ്. വ്യക്തിപരമായ വിവരങ്ങള്‍ കിട്ടാനായി അവരുടെ ഫോണുകള്‍ ചോര്‍ത്തി. അയാളുടെ വീട്ടില്‍ അമ്മയും സഹോരിയും ഭാര്യയുമില്ലേ? എന്തുകൊണ്ടാണ് അയാള്‍ സ്ത്രീകളെ ബഹുമാനിക്കാത്തത്?-മന്ത്രി വീഡിയോയില്‍ ചോദിക്കുന്നു. സംഭവം വിവാദമായതോടെയാണ് നാഗചൈതന്യയുടെ പിതാവ് മന്ത്രിക്കെതിരേ രംഗത്തെത്തിയത്.
മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രതികരണത്തെ ശക്തമായി അപലപിക്കുന്നു. എതിരാളികളെ വിമര്‍ശിക്കാനായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. ആളുകളുടെ സ്വകാര്യതയെ ബഹുമാനിക്കണം. – എക്സില്‍ നാഗാര്‍ജ്ജുന കുറിച്ചു.
ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ നടത്തിയ പ്രതികരണങ്ങളും എന്റെ കുടുംബത്തിനെതിരേ നടത്തിയ ആരോപണങ്ങളും തെറ്റാണ്. എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍വലിക്കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഒക്ടോബർ 2-നാണ് സാമന്തയും നാഗചൈതന്യയും തങ്ങൾ വേർപിരിയുകയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. സാമന്തയും ഇതിനോട് പ്രതികരിക്കുകയുണ്ടായി.
തന്റെ കാര്യത്തിൽ സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളിൽ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവർ പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗർഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാൻ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ്. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകർക്കുകയില്ല- തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]