![](https://newskerala.net/wp-content/uploads/2024/10/1727854715_New20Project201-1024x575.jpg)
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം തോക്കില്‍നിന്ന് വെടിയേറ്റത്. കാലിന് പരിക്കേറ്റ അദ്ദേഹം ചികിത്സയ്ക്കു പിന്നാലെ സുഖം പ്രാപിച്ചുവരികയാണ്. ഒക്ടോബര്‍ ഒന്നാം തീയതിയാണ് സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് ഗോവിന്ദയുടെ കാലിന് പരിക്കേറ്റത്. കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുകയായിരുന്നു ഗോവിന്ദ. കയ്യില്‍നിന്ന് താഴെ വീണ തോക്കില്‍നിന്ന് വെടിയുതിരുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗോവിന്ദയ്ക്ക് വെടിയേറ്റത് അബദ്ധത്തിൽ സ്വന്തം തോക്കിൽനിന്നാണെങ്കിലും, സിനിമാ-സംഗീത രംഗത്തെ പ്രമുഖർക്ക് വെടിയേൽക്കുന്നതും മരണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും പുതിയ സംഭവമല്ല. ഇതാ വെടിയുണ്ടകളെ അതിജീവിച്ച മറ്റു ചില സെലിബ്രിറ്റികള്‍…
രാകേഷ് റോഷന്: ബോളിവുഡിലെ എണ്ണംപറഞ്ഞ സംവിധായകരില്‍ ഒരാളാണ് രാകേഷ് റോഷന്. നടന് ഹൃതിക് റോഷന്റെ പിതാവ് കൂടിയായ അദ്ദേഹത്തിന് 2000 ജനുവരി 21-ന് അക്രമികളില്‍നിന്ന് വെടിയേറ്റിരുന്നു. കഹോ നാ പ്യാര് ഹേ എന്ന ചിത്രം റിലീസ് ആയി തൊട്ടുപിന്നാലെ ആയിരുന്നു സംഭവം. മുംബൈ സാന്റാക്രൂസിലെ ഓഫീസിലെത്തിയ രണ്ടുപേര്‍ രാകേഷ് റോഷന് നേര്‍ക്ക് വെടിയുതിര്‍ത്തു. വെടിയേറ്റെങ്കിലും ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പേ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയക്ക് വിധേയനാവുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.
50 സെന്റ്: അമേരിക്കന്‍ റാപ്പര്‍ 50 സെന്റിന് രണ്ടായിരം മേയ് 24-നാണ് അക്രമികളില്‍നിന്ന് വെടിയേറ്റത്. ക്യൂന്‍സില്‍ മുത്തശ്ശിയുടെ വീടിന് പുറത്തുവെച്ചായിരുന്നു 50 സെന്റിന് ആക്രമണം നേരിടേണ്ടി വന്നത്. ഒന്പതുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. തല, കൈ, കാലുകള്‍, മുഖം എന്നിവിടങ്ങളില്‍ വെടിയേറ്റ 50 സെന്റ്, 13 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
ജെന്നിഫര്‍ ഒ നീല്‍: നടിയും മോഡലുമായ ജെന്നിഫര്‍ ഒ നീലിന് സ്വന്തം കയ്യില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റത് 1982 ഒക്ടോബര്‍ 23-നാണ്. ഭര്‍ത്താവിന്റെ തോക്ക് അശ്രദ്ധമായി ഇട്ടിരിക്കുന്നത് കണ്ട് അത് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. മകന് അപകടമുണ്ടാകാതിരിക്കാൻ തോക്ക് മറ്റൊരിടത്തേക്ക് മാറ്റിവെക്കന്നതിനിടെ വെടിയുതിര്‍ന്ന് ജന്നിഫറിന്റെ ഇടുപ്പിനും വയറിനും പരിക്കേല്‍ക്കുകയായിരുന്നു.
ബോബ് മാര്‍ലി: വിഖ്യാത ജമൈക്കന്‍ സംഗീതജ്ഞന് ബോബ് മാര്‍ലിക്ക്, 1976 ഡിസംബര്‍ മൂന്നിനാണ് വെടിയേറ്റത്. ആയുധധാരികളായ ഏഴുപേര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറുകയും ബോബിനും ഭാര്യക്കും മാനേജര്‍ക്കും നേര്‍ക്ക് വെടിയുതിര്‍ക്കുകയയിരുന്നു. സ്മൈല്‍ ജമൈക്ക കണ്‍സേര്‍ട്ടിന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വെടിവെപ്പ് നടന്നത്. സാരമായ പരിക്കേറ്റെങ്കിലും കണ്സേര്ട്ടില് ബോബ് പാടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]